ഒരു പതിറ്റാണ്ട് നീണ്ട ആധിപത്യത്തിനൊടുവിലാണ് ഇന്ത്യ ഓസ്‌ട്രേലിയക്ക് മുമ്പില്‍ ടെസ്റ്റ് പരമ്പര അടിയറവ് വെച്ചത്. അഞ്ച് മത്സരങ്ങളുടെ പരമ്പര 3-1നാണ് ഇന്ത്യ പരാജയപ്പെട്ടത്. പെര്‍ത്തിലെ ആദ്യ മത്സരത്തില്‍ 294 റണ്‍സിന്റെ ചരിത്ര വിജയം നേടിയതിന് പിന്നാലെയാണ് ഓരോ ആരാധകരും മറക്കാന്‍ ആഗ്രഹിക്കുന്ന തോല്‍വിയിലേക്ക് ഇന്ത്യ വഴുതി വീണത്.
നവംബര്‍ അവസാന വാരം മുതല്‍ ജനുവരി ആദ്യ വാരം വരെ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയ ഇന്ത്യയുടെ ഓരോ ദൗര്‍ബല്യവും വ്യക്തമാകുന്ന പരമ്പരയായിരുന്നു ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയും ആഷസും അടക്കമുള്ള ടെസ്റ്റ് കീരീടങ്ങളുമായി ഓസ്ട്രേലിയ
രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയുമടക്കമുള്ള സീനിയര്‍ താരങ്ങള്‍ ആര് കൂടുതല്‍ നിരാശപ്പെടുത്തും എന്ന കാര്യത്തില്‍ പരസ്പരം മത്സരിക്കുകയായിരുന്നു. പരമ്പരയില്‍ രണ്ടക്കം കാണാന്‍ രോഹിത് ശര്‍മ പെടാപ്പാട് പെട്ടപ്പോള്‍ എല്ലാ ഇന്നിങ്‌സിലും ഒരുപോലെ ഓഫ് സൈഡ് ട്രാപ്പില്‍ അകപ്പെട്ട് എങ്ങനെ പുറത്താകാമെന്ന് വിരാട് കോഹ്‌ലിയും കാണിച്ചു തന്നു.
യശസ്വി ജെയ്‌സ്വാളും റിഷബ് പന്തും പോലുള്ള യുവതാരങ്ങള്‍ ചില സ്റ്റാന്‍ഡ് ഔട്ട് പ്രകടനങ്ങള്‍ പുറത്തെടുത്തെങ്കിലും സ്ഥിരത വലിയ പ്രശ്‌നമായി തന്നെ നിന്നു.
സ്വന്തം മണ്ണിലും എതിരാളികളുടെ തട്ടകത്തിലും പരമ്പര അടിയറവ് വെച്ചാണ് ഇന്ത്യ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ 2023-25 സൈക്കിള്‍ അവസാനിപ്പിച്ചത്.
ന്യൂസിലാന്‍ഡിനെതിരെ ഒറ്റ മത്സരം പോലും വിജയിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ കങ്കാരുക്കള്‍ക്കെതിരെ അഞ്ചില്‍ മൂന്ന് മത്സരവും തോറ്റു. ഈ പരാജയങ്ങള്‍ക്ക് പിന്നാലെ ആദ്യമായി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാനും ഇന്ത്യയ്ക്ക് സാധിക്കാതെ പോയി.
2025 ഐ.പി.എല്ലിന് ശേഷമാണ് ഇന്ത്യ പുതിയ സൈക്കിളിന് തുടക്കമിടുന്നത്. പട്ടൗഡി ട്രോഫിയ്ക്കായി ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തും. അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ ഇംഗ്ലണ്ടിലെത്തി കളിക്കുക.
Content highlight: Reports says team management blames IPL for series defeat in Australia