ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റന്‍; ഒറ്റ മത്സരം പോലും നയിച്ച് പരിചയമില്ലാത്തവന്‍ നിര്‍ണായക മത്സരത്തില്‍ നായകന്‍
Sports News
ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റന്‍; ഒറ്റ മത്സരം പോലും നയിച്ച് പരിചയമില്ലാത്തവന്‍ നിര്‍ണായക മത്സരത്തില്‍ നായകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 19th November 2025, 10:23 pm

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ നിര്‍ണയാകമായ രണ്ടാം മത്സരത്തില്‍ റിഷബ് പന്ത് ഇന്ത്യയെ നയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നായകന്‍ ശുഭ്മന്‍ ഗില്ലിന് പരിക്കേറ്റ സാഹചര്യത്തിലാണ് വൈസ് ക്യാപ്റ്റന്‍ റിഷബ് പന്തിനെ ക്യാപ്റ്റന്‍സിയുടെ അമിതഭാരമേല്‍പ്പിക്കുന്നത്.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തിലാണ് ശുഭ്മന്‍ ഗില്ലിന് പരിക്കേല്‍ക്കുന്നത്. നാല് റണ്‍സ് മാത്രം നേടി നില്‍ക്കവെ കഴുത്തില്‍ പന്തടിച്ചുകൊണ്ട താരം റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു.

രണ്ടാം ഇന്നിങ്‌സിലും ക്യാപ്റ്റന്‍ ബാറ്റിങ്ങിനിറങ്ങിയിരുന്നില്ല. മത്സരത്തില്‍ ഇന്ത്യയുടെ പരാജയത്തിന് ഗില്ലിന്റെ അഭാവം വഴിവെച്ചിരുന്നു.

അതേസമയം, റിഷബ് പന്തിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ചും ചര്‍ച്ചകളുയരുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ഒറ്റ ടെസ്റ്റ് പോലും നയിച്ച് പരിചയമില്ലാത്ത പന്തിനെ നിര്‍ണായക മത്സരത്തില്‍ ക്യാപ്റ്റനാക്കിയ മാനേജ്‌മെന്റിന്റെ ഔചിത്യബോധമാണ് ഒരുകൂട്ടം ആരാധകര്‍ ചോദ്യം ചെയ്യുന്നത്.

ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതോടെ ഇന്ത്യയ്ക്ക് പരമ്പര നേടാന്‍ സാധിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഗുവാഹത്തിയില്‍ വിജയിച്ചെങ്കില്‍ മാത്രമേ പരമ്പര സമനിലയിലെത്തിക്കാനെങ്കിലും സാധിക്കുകയുള്ളൂ. ഈ മത്സരത്തില്‍ ഇന്ത്യയെ സമനിലയില്‍ തളച്ചാല്‍ പോലും സന്ദര്‍ശകര്‍ക്ക് പരമ്പര സ്വന്തമാക്കാം. ഈ സാഹചര്യത്തിലാണ് ടീം പന്തിനെ ക്യാപ്റ്റനാക്കുന്നത്.

നേരത്തെ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യയുടെ ക്യാപ്റ്റനായ ജസ്പ്രീത് ബുംറയ്‌ക്കോ പന്തിനേക്കാള്‍ എത്രാേ മടങ്ങ് അധികം ക്രിക്കറ്റ് എക്‌സ്പീരിയന്‍സുള്ള രവീന്ദ്ര ജഡേജയ്‌ക്കോ ക്യാപ്റ്റന്‍സി നല്‍കണമെന്നും ഇവര്‍ പറയുന്നുണ്ട്.

രോഹിത് ശര്‍മ വിരമിച്ചപ്പോള്‍ ഗില്ലിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിയതും ഈ പരമ്പരയില്‍ റിഷബ് പന്തിനെ ഡെപ്യൂട്ടിയായി നിയമിച്ചതിനെതിരെയും നേരത്തെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

എന്നാല്‍ റിഷബ് പന്തിനെ വിലകുറച്ച് കാണരുതെന്നും ഒരുകൂട്ടം ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2017-18 സീസണില്‍ ദല്‍ഹിയെ രഞ്ജി ട്രോഫി ഫൈനലില്‍ നയിച്ച ക്യാപ്റ്റനാണ് റിഷബ് പന്തെന്നും, ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദമേറ്റെടുക്കാന്‍ താരം എന്തുകൊണ്ടും പ്രാപ്തനാണെന്നും ഇവര്‍ പറയുന്നു.

അതേസമയം, പരിക്കേറ്റ ഗില്ലിന് പകരം സായ് സുദര്‍ശന്‍ പ്ലെയിങ് ഇലവനില്‍ ഇടം പിടിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നവംബര്‍ 22 മുതല്‍ 26 വരെയാണ് പരമ്പരയിലെ രണ്ടാം മത്സരം. അസം, ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയമാണ് വേദി. ഈ മത്സരത്തില്‍ വിജയിക്കാന്‍ സാധിക്കാതെ പോയാല്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഹോം ഗ്രൗണ്ടില്‍ ഇന്ത്യയ്ക്ക് പരമ്പര പരാജം നേരിടേണ്ടി വരും.

 

Content Highlight: Reports says Rishabh Pant will captain India in 2nd Test