ഉയിര് മതി പാകിസ്ഥാനേ... സിന്ദൂറില്‍ ഞെട്ടി ഡേവിഡ് വാര്‍ണര്‍, പി.എസ്.എല്‍ ഒഴിവാക്കി പാകിസ്ഥാന്‍ വിടാനൊരുങ്ങുന്നു
PSL
ഉയിര് മതി പാകിസ്ഥാനേ... സിന്ദൂറില്‍ ഞെട്ടി ഡേവിഡ് വാര്‍ണര്‍, പി.എസ്.എല്‍ ഒഴിവാക്കി പാകിസ്ഥാന്‍ വിടാനൊരുങ്ങുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 8th May 2025, 6:41 pm

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാക് ഭീകരവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തുന്ന പ്രത്യാക്രമണത്തില്‍ ഞെട്ടി പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് കളിക്കാനെത്തിയ വിദേശ താരങ്ങള്‍. കറാച്ചി കിങ്‌സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ അടക്കമുള്ളവര്‍ പാകിസ്ഥാന്‍ വിടാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

നിലവിലെ സാഹചര്യത്തില്‍ പാകിസ്ഥാനില്‍ തുടരുന്നത് ഒട്ടും സുരക്ഷിതമല്ല എന്ന തന്റെ കുടുംബത്തിന്റെ ആശങ്കയ്ക്ക് പിന്നാലെ വാര്‍ണര്‍ കഴിയുന്നതും വേഗം പാകിസ്ഥാന്‍ വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

വാര്‍ണറിന് പുറമെ ഇംഗ്ലണ്ട് താരങ്ങളായ ഡേവിഡ് വില്ലി, ക്രിസ് ജോര്‍ദാന്‍ എന്നിവരും നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം ഫ്രാഞ്ചൈസിയെ അറിയിച്ചിട്ടുണ്ടെന്നും വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, താരങ്ങളുടെ സുരക്ഷാ ആശങ്കകള്‍ക്കിടയിലും പിഎസ്എല്‍ മത്സരങ്ങള്‍ പാകിസ്ഥാനില്‍ തന്നെ നടത്തുമെന്ന നിലപാടിലാണ് പാക് ക്രിക്കറ്റ് ബോര്‍ഡ്.

നിലവിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് വിദേശ ക്രിക്കറ്റര്‍മാര്‍ പിന്മാറിയാല്‍ അത് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് നിര്‍ത്തിവെക്കുന്നതിലേക്കോ വേദി പൂര്‍ണമായും വിദേശത്തേക്ക് മാറ്റുന്നതിലേക്കോ കാര്യങ്ങള്‍ മാറിമറിയും.

 

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ പ്രധാന വേദികളിലൊന്നായ റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

പി.എസ്.എല്ലില്‍ ഇന്ന് നടക്കുന്ന പെഷവാര്‍ സാല്‍മി – കറാച്ചി കിങ്‌സ് മത്സരത്തിന് വേദിയാകുന്നത് റാവല്‍പിണ്ടി സ്റ്റേഡിയമാണ്. ആക്രമണത്തിന് പിന്നാലെ ഈ മത്സരം മാറ്റിവെച്ചിതായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. പുതിയ തീയ്യതിയും വേദിയും പിന്നീട് പ്രഖ്യാപിക്കുമെന്നും പി.സി.ബി അറിയിച്ചു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും 9 ഭീകര താവളങ്ങളില്‍ ഇന്ത്യന്‍ സൈന്യം വ്യോമാക്രമണം നടത്തിയത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട ഈ പ്രത്യാക്രമണത്തില്‍ നൂറിലധികം ഭീകരരെ വധിക്കാനായി എന്നാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കുന്നത്.

ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത പാക് തീവ്രവാദി ആക്രമണത്തിന് മറുപടിയായിരുന്നു ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തുള്ള ഇന്ത്യയുടെ പ്രത്യാക്രമണം.

 

Content Highlight: Reports says players including David Warner and other players are leaving Pakistan amid escalating tensions between India and Pakistan