ഐ.പി.എല്ലിലേക്കില്ല, തിരിച്ചുവരവ് ഓസ്‌ട്രേലിയയിലേക്ക്; ചരിത്രത്തിന്റെ ഭാഗമാകാന്‍ തയ്യാറെടുത്ത് ഷമി
Sports News
ഐ.പി.എല്ലിലേക്കില്ല, തിരിച്ചുവരവ് ഓസ്‌ട്രേലിയയിലേക്ക്; ചരിത്രത്തിന്റെ ഭാഗമാകാന്‍ തയ്യാറെടുത്ത് ഷമി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 22nd February 2024, 5:31 pm

ഐ.പി.എല്ലിന്റെ 2024 എഡിഷനില്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി കളിക്കില്ല എന്ന വാര്‍ത്ത ഏറെ നിരാശയോടെയാണ് ക്രിക്കറ്റ് ആരാധകര്‍ കേട്ടത്. ലോകകപ്പിനിടെയേറ്റ പരിക്കാണ് ഗുജറാത്ത് ടൈറ്റന്‍സ് സ്റ്റാര്‍ പേസറിന് വിനയായത്.

2023 ലോകകപ്പിനിടെ കണങ്കാലിനേറ്റ പരിക്കിന് പിന്നാലെ താരം ചികിത്സയിലായിരുന്നു. അദ്ദേഹത്തിന് ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഐ.പി.എല്‍ മാത്രമല്ല, 2024 ടി-20 ലോകകപ്പും താരത്തിന് നഷ്ടമായേക്കും.

എന്നാല്‍ വരാനിരിക്കുന്ന ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലൂടെ താരം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലെ ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരക്ക് കങ്കാരുക്കളാണ് ആതിഥേയരാകുന്നത്. 1992ന് ശേഷം ഇതാദ്യമായി അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാകും ബി.ജി.ടിയിലുണ്ടാവുക എന്ന പ്രത്യേകതയും ഈ സീരിസിനുണ്ട്. ഇതിനായുള്ള വേദികളും ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിട്ടുണ്ട്.

പരമ്പരയിലെ ആദ്യ ടെസ്റ്റിന് പെര്‍ത്താണ് വേദിയാകുന്നത്. രണ്ട്, മൂന്ന് മത്സരങ്ങള്‍ക്ക് യഥാക്രമം അഡ്‌ലെയ്ഡും ബ്രിസ്‌ബെയ്‌നും വേദിയാകുമ്പോള്‍ നാലാം ടെസ്റ്റ് മെല്‍ബണിലും അഞ്ചാം ടെസ്റ്റ് സിഡ്‌നിയിലും അരങ്ങേറും.

 

ഇന്ത്യ വേദിയായ 2023 ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ മികച്ച പ്രകടനമാണ് ഷമി നടത്തിയത്. മൂന്ന് മത്സരത്തില്‍ നിന്നും ഒമ്പത് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. പരിക്കില്‍ നിന്നും മുക്തനായി ബി.ജി.ടി 2024-25ല്‍ താരം തിരിച്ചുവരവ് നടത്തുമെന്നും മികച്ച പ്രകടനം നടത്തുമെന്നുമാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

2024 നവംബര്‍ മുതല്‍ 2025 ജനുവരി വരെയാണ് മത്സരം അരങ്ങേറുന്നത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇന്ത്യയും ഓസ്‌ട്രേലിയയും വീണ്ടും റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നേര്‍ക്കുനേര്‍ വരുന്നത് ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലാണ്.

അതേസമയം, ഷമിയുടെ അഭാവം ഗുജറാത്ത് ടൈറ്റന്‍സിന് വമ്പന്‍ പ്രഹരമാണ് ഏല്‍പിച്ചിരിക്കുന്നത്. ഹര്‍ദിക് പാണ്ഡ്യ ടീം വിട്ടതിന് പിന്നാലെ ക്യാപ്റ്റന്‍സിയേറ്റെടുത്ത ഗില്ലിനും ഷമിയുടെ അനുഭവ സമ്പത്ത് ഒപ്പമില്ലാത്തത് വന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

2023 ഏകദിന ലോകകപ്പില്‍ വെറും ഏഴ് മത്സരങ്ങളില്‍ നിന്നും 24 വിക്കറ്റുകളാണ് ഷമി നേടിയത്. ന്യൂസിലാന്‍ഡിനെതിരെ നടന്ന ലോകകപ്പ് സെമിയില്‍ ഏഴ് വിക്കറ്റുകള്‍ സ്വന്തമാക്കി റെക്കോഡ് സ്വന്തമാക്കാനും ഷമിക്ക് സാധിച്ചിരിന്നു. ഇതിന് പിന്നാലെ അര്‍ജുന അവാര്‍ഡും താരത്തിന് ലഭിച്ചിരുന്നു.

 

Content Highlight: Reports says Mohammed Shami is targeting a return to cricket through BGT 2024-25.