ഇനി ഇന്ത്യയ്‌ക്കൊപ്പം ഷമിയില്ല: റിപ്പോര്‍ട്ട്
Sports News
ഇനി ഇന്ത്യയ്‌ക്കൊപ്പം ഷമിയില്ല: റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 5th August 2022, 4:15 pm

മൂളിപ്പറക്കുന്ന സീമറുകളും ആഴ്ന്നിറങ്ങുന്ന യോര്‍ക്കറുകളുമായി ഇന്ത്യന്‍ ടീമിലെ സ്ഥിരസാന്നിധ്യമായിരുന്നു മുഹമ്മദ് ഷമി. പ്രായമേറിവരികയാണെങ്കിലും അതിന്റെ ലാഞ്ഛനയൊന്നുമില്ലാതെ ഇന്ത്യയ്ക്കായി മികച്ച രീതിയില്‍ തന്നെ ഷമി പന്തെറിയുകയും വിക്കറ്റ് വീഴ്ത്തുകയും ചെയ്യുന്നുണ്ട്.

എന്നിരുന്നാലും ഷമിയെ ഇനി മുതല്‍ ടി-20 ഫോര്‍മാറ്റിലേക്ക് പരിഗണിക്കാന്‍ സാധ്യതയില്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സെലക്ഷന്‍ കമ്മിറ്റി ഇക്കാര്യം ബി.സി.സി.ഐയുടെ മുതിര്‍ന്ന കസ്റ്റോഡിയനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ കുറച്ചുനാളുകളായി ഷമി ഇന്ത്യയ്‌ക്കൊപ്പമില്ല. 2021 ടി-20 വേള്‍ഡ് കപ്പിന് ശേഷം താരം കുട്ടിക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഒരിക്കല്‍ പോലും ജേഴ്‌സി അണിഞ്ഞിട്ടില്ല.

എന്നാല്‍, ഏകദിനത്തിലും ലോങ്ങര്‍ ഫോര്‍മാറ്റിലും ടീമിലെ സ്ഥിര സാന്നിധ്യമായ താരത്തെ ഈ രണ്ട് ഫോര്‍മാറ്റിലും നിലനിര്‍ത്തിക്കൊണ്ടുതന്നെ മുന്നോട്ട് പോകാനാണ് ബി.സി.സി.ഐ ഉദ്ദേശിക്കുന്നത്.

ടി-20 ഫോര്‍മാറ്റില്‍ യുവതാരങ്ങളെ പരിഗണിക്കാനാണ് സെലക്ടര്‍മാര്‍ താത്പര്യപ്പെടുന്നതെന്നും, അതേസമയം മുഹമ്മദ് ഷമിയെ ഏകദിനത്തിലും ടെസ്റ്റിലും നിലനിര്‍ത്താനാണ് തീരുമാനമെന്നും ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡര്‍ സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഷമി ചെറുപ്പമാകുന്നില്ല, നമുക്കവനെ ടെസ്റ്റിലാണ് ഏറ്റവും ആവശ്യമായി വരുന്നത്. ഇക്കാരണത്താലാണ് അവനെ ടി-20 ഫോര്‍മാറ്റില്‍ പരിഗണിക്കാത്തത്. കഴിഞ്ഞ ടി-20 ലോകകപ്പിന് ശേഷം അവന്റെ വര്‍ക് ലോഡിനെ കുറിച്ച് ഷമിയോട് ഞങ്ങള്‍ സംസാരിച്ചിരുന്നു.

ഇതിപ്പോള്‍ ഇങ്ങനെ തന്നെയാണ് മുന്നോട്ട് പോവുക. നിലവില്‍ ടി-20യില്‍ ഷമി ഞങ്ങളുടെ പരിഗണയില്‍ പോലുമില്ല. യുവതാരങ്ങളെയാണ് ടി-20യില്‍ ടീമിനാവശ്യം,’ സെലക്ഷന്‍ കമ്മിറ്റി അംഗം പോര്‍ട്ടലിനോട് പറഞ്ഞു.

ഷമിയുടെ അതേ അവസ്ഥ തന്നെയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനുമുള്ളത്. ഏകദിന ടീമില്‍ താരം ഉള്‍പ്പെടുമ്പോഴും ടെസ്റ്റിലോ ടി-20യിലോ താരത്തെ പരിഗണിക്കാറില്ല.

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിച്ചതും ഇതേ ധവാനായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് മണ്ണില്‍ ക്ലീന്‍ സ്വീപ് ചെയ്ത് ഏകദിന പരമ്പര സ്വന്തമാക്കുന്ന ക്യാപ്റ്റനായിട്ടുകൂടിയും ധവാന്‍ മറ്റ് ഫോര്‍മാറ്റുകളില്‍ അന്യനാണ്.

താരങ്ങളുടെ ജോലിഭാരം കണക്കിലെടുത്താണ് സെലക്ടര്‍മാര്‍ ഇക്കാര്യം ചെയ്യുന്നത്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരിക്കുന്ന താരങ്ങള്‍ക്ക് കൃത്യമായ വിശ്രമവും ലഭിക്കേണ്ടതുണ്ട്. ഇക്കാരണത്താലാണ് പല ചെറിയ ടൂര്‍ണമെന്റുകളില്‍ നിന്നും സീനിയര്‍ താരങ്ങളെ മാറ്റി നിര്‍ത്തിയിരിക്കുന്നത്.

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം നടക്കുന്ന സിംബാബ്‌വേ പര്യടനത്തില്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി തുടങ്ങിയ സീനിയര്‍ താരങ്ങളെ ഉള്‍പ്പെടുത്താതെയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്.

 

 

Content highlight: Reports says Mohammed Shami is no longer in plans for India’s T20 internationals