ചാമ്പ്യന്‍സ് ട്രോഫി ജേഴ്‌സിയില്‍ പാകിസ്ഥാന്റെ പേര് തങ്ങളുടെ ജേഴ്‌സിയില്‍ പ്രിന്റ് ചെയ്യില്ല എന്ന ഇന്ത്യയുടെ നിലപാട് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ടൂര്‍ണമെന്റിന്റെ ലോഗോയും ആതിഥേയ രാജ്യത്തിന്റെ പേരും ഓരോ ടീമുകളും തങ്ങളുടെ ജേഴ്‌സിയില്‍ പതിപ്പിക്കണമെന്ന നിയമമുണ്ടായിരിക്കവെയാണ് ഇന്ത്യ ഈ തീരുമാനമെടുത്തത്.
ഇന്ത്യയുടെ ഈ നിലപാടിനെതിരെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്തുവന്നിരുന്നു. ഇന്ത്യ ക്രിക്കറ്റില്‍ രാഷ്ട്രീയം കലര്‍ത്തുകയാണെന്നായിരുന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വാദം.
‘ബി.സി.സി.ഐ ക്രിക്കറ്റില്‍ രാഷ്ട്രീയം കൂട്ടികലര്‍ത്തുകയാണ്. അത് ക്രിക്കറ്റിന് നല്ലതല്ല. ആദ്യം പാകിസ്ഥാനില്‍ കളിക്കാന്‍ ഇന്ത്യ തയ്യാറായില്ല. പിന്നാലെ ഉദ്ഘാടന ചടങ്ങുകളിലേക്ക് ഇന്ത്യന്‍ ടീം ക്യാപ്റ്റനെയും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അയയ്ക്കുന്നില്ല.
ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് വേദിയാകുന്ന രാജ്യത്തിന്റെ പേരും ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയില്‍ നിന്ന് ബി.സി.സി.ഐ ഒഴിവാക്കുന്നു. ഈ നടപടി ഐ.സി.സി അനുവദിക്കില്ലെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്,’ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
വിഷയത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഇടപെട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്റെ പേരുള്‍പ്പെടുത്തിയ ചാമ്പ്യന്‍സ് ട്രോഫി ലോഗോ ജേഴ്‌സിയിലുണ്ടാകണമെന്ന് ഐ.സി.സി ഇന്ത്യയോട് നിര്‍ദേശിച്ചതായാണ് എ സ്‌പോര്‍ട്‌സിനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാകിസ്ഥാന്‍ ടൂര്‍ണമെന്റിന് വേദിയാകുന്നതിനാല്‍ ഇന്ത്യ നിര്‍ബന്ധമായും ആതിഥേയ രാജ്യത്തിന്റെ പേരില്‍ ജേഴ്‌സിയില്‍ ഉള്‍പ്പെടുത്തണമെന്നും അല്ലാത്ത പക്ഷം ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും ഐ.സി.സി വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ടൂര്‍ണമെന്റിന്റെ ലോഗോ അവരുടെ ജേഴ്‌സിയില്‍ ഉള്‍പ്പെടുത്തുക എന്നത് ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണ്. എല്ലാ ടീമുകളും ഈ നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണ്,’ ഐ.സി.സി ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ ടൂര്‍ണമെന്റിനായി പാകിസ്ഥാനിലേക്ക് സഞ്ചരിക്കില്ല എന്ന നിലപാടിന് പിന്നാലെ ടൂര്‍ണമെന്റ് നേരത്തെ നടന്ന ഏഷ്യ കപ്പ് പോലെ ഹൈബ്രിഡ് മാതൃകയില്‍ നടത്താന്‍ ഐ.സി.സി നിര്‍ബന്ധിതരാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്‍ എന്ന പേര് തങ്ങളുടെ ജേഴ്‌സിയില്‍ പ്രിന്റ് ചെയ്യില്ല എന്ന് ഇന്ത്യ അറിയിച്ചത്.
ഹൈബ്രിഡ് മോഡലില്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങള്‍ക്കും ന്യൂട്രല്‍ വേദിയായ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദിയാകുന്നത്. ഇന്ത്യ തങ്ങളുടെ മത്സരങ്ങള്‍ ദുബായിലാണ് കളിക്കുന്നതെങ്കിലും ഔദ്യോഗിക വേദിയായ പാകിസ്ഥാന്റെ പേര് എല്ലാ രാജ്യങ്ങളും ടൂര്‍ണമെന്റിന്റെ പേരിനൊപ്പം പ്രിന്റ് ചെയ്യേണ്ടതാണ്.
ഇന്ത്യ കിരീടമണിഞ്ഞ 2013 ചാമ്പ്യന്‍സ് ട്രോഫിയടക്കം മുമ്പ് നടന്ന ടൂര്‍ണമെന്റുകളിലെല്ലാം ഇന്ത്യ ഇത്തരത്തില്‍ ആതിഥേയ രാജ്യത്തിന്റെ പേര് ജേഴ്സിയില്‍ പ്രിന്റ് ചെയ്തിരുന്നു.
ടൂര്‍ണമെന്റിന്റെ ആതിഥേയ രാജ്യത്തിന്റെ പേര് ജേഴ്സിയില്‍ പ്രിന്റ് ചെയ്യാത്ത ഇന്ത്യയുടെ നടപടി ഐ.സി.സി ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുതെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ പറഞ്ഞിരുന്നു.
Content Highlight: Reports says ICC to take strict action against India if players don’t wear jerseys with Pakistan’s name in Champions Trophy