സഞ്ജുവിനൊപ്പം സൂപ്പര്‍ താരവും രാജസ്ഥാന്‍ വിടുന്നു? പരാഗല്ലാതെ മറ്റൊരാള്‍ ക്യാപ്റ്റന്‍സിയിലേക്ക്
IPL
സഞ്ജുവിനൊപ്പം സൂപ്പര്‍ താരവും രാജസ്ഥാന്‍ വിടുന്നു? പരാഗല്ലാതെ മറ്റൊരാള്‍ ക്യാപ്റ്റന്‍സിയിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 12th October 2025, 12:59 pm

 

ഐ.പി.എല്‍ 2026ന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെല്‍ ടീം വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. റേവ്‌സ്‌പോര്‍ട്‌സിനെ ഉദ്ധരിച്ച് ക്രിക്കറ്റ് അഡിക്ടര്‍ അടക്കമുള്ള വിവിധ കായികമാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു.

യുവതാരം യശസ്വി ജെയ്‌സ്വാളിന് ടീം ക്യാപ്റ്റന്‍സി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. എന്നാല്‍ പുതിയ സീസണില്‍ ടീം ജെയ്‌സ്വാളിന് അവസരം നല്‍കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

 

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുകയാണെങ്കില്‍ ജെയ്‌സ്വാളിന് പുറമെ റിയാന്‍ പരാഗാണ് ക്യാപ്റ്റന്റെ റോളില്‍ രാജസ്ഥാന്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന താരങ്ങളില്‍ പ്രധാനി.

ഐ.പി.എല്‍ 2025ല്‍ സഞ്ജു സാംസണ് പരിക്കേറ്റ സാഹചര്യത്തില്‍ പരാഗായിരുന്നു ടീമിനെ നയിച്ചത്. താരത്തിന് കീഴില്‍ തിളങ്ങാന്‍ എന്നാല്‍ രാജസ്ഥാന് സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണില്‍ ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്.

 

രാജസ്ഥാന്‍ റോയല്‍സ് ജെയ്‌സ്വാളിന് നല്‍കിയ വാഗ്ദാനമനുസരിച്ച് പുതിയ സീസണില്‍ ഓപ്പണര്‍ ക്യാപ്റ്റനാകുമോ അതോ ക്യാപ്റ്റന്‍സിയില്‍ പരിചയസമ്പത്തുള്ള പരാഗിനെ ക്യാപ്റ്റനാക്കുമോ എന്ന് അധികം വൈകാതെ അറിയാന്‍ സാധിക്കും. ആഭ്യന്തര തലത്തില്‍ അസമിനെ നയിക്കുന്നത് റിയാന്‍ പരാഗാണ്.

പുതിയ സീസണിന് മുന്നോടിയായി നടക്കുന്ന മിനി ലേലത്തില്‍ രാജസ്ഥാന്‍ കാര്യമായ മാറ്റങ്ങള്‍ ടീമില്‍ വരുത്തിയേക്കും. കഴിഞ്ഞ സീസണിലെ ലേലത്തില്‍ വപരുത്തിയ പോരായ്മകളും സൂപ്പര്‍ താരങ്ങള്‍ ടീം വിടുന്നതും മിനി ലേലത്തിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ടീം വിശ്വസിക്കുന്നത്.

കഴിഞ്ഞ സീസണിലെ പരിശീലകനായ രാഹുല്‍ ദ്രാവിഡ് ടീം വിട്ടതും കുമാര്‍ സംഗക്കാര ആ റോളിലേക്ക് മടങ്ങിയെത്തിയതും രാജസ്ഥാനെ ഒരു ടോട്ടല്‍ ഷേക്ക് അപ്പിലേക്ക് കൊണ്ടുചെന്നെത്തിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല.

മിനി ലേലത്തില്‍ യുവതാരങ്ങള്‍ക്ക് പകരം മാച്ച് വിന്നേഴ്‌സിനെ തന്നെ രാജസ്ഥാന്‍ റോയല്‍സ് ലക്ഷ്യം വെക്കാനാണ് സാധ്യതകളേറെയും.

Content Highlight: Reports says Dhruv Jurel will leave Rajasthan Royals before IPL 2026