ഐ.പി.എല്‍ 2026ല്‍ സഞ്ജു സാംസണെ ടീമിലെത്തിക്കാന്‍ കണക്കുകൂട്ടലുകളുമായി ദല്‍ഹി ക്യാപ്പിറ്റല്‍സ്. ട്രേഡിങ്ങിലൂടെ താരത്തെ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പുകള്‍ ടീം നടത്തുന്നതായാണ് പുറത്തുവരുന്ന വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ ഏത് താരത്തെ പകരം നല്‍കണമെന്നതില്‍ ദല്‍ഹി ഇപ്പോഴും കണ്‍ഫ്യൂഷനില്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഹല്ലാ ബോല്‍ ആര്‍മിയുമായി സഞ്ജു വഴി പിരിയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പഴയ ടീം രാജസ്ഥാന്‍ നായകനെ ലക്ഷ്യം വെക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
വാതുവെപ്പിന്റെ ഭാഗമായി ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും വിലക്ക് നേരിട്ട സീസണുകളില്‍ സഞ്ജു സാംസണ്‍ ദല്‍ഹിയുടെ താരമായിരുന്നു. ടീമിനൊപ്പം മികച്ച പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ഭാവിയില്‍ സഞ്ജുവിന്റെ ഏറ്റവുമടുത്ത സുഹൃത്തും റൈവലുമായി മാറിയ റിഷബ് പന്തിനൊപ്പം താരം മികച്ച ഇന്നിങ്‌സുകളും കളിച്ചിരുന്നു.
ഐ.പി.എല്ലില്‍ സഞ്ജു നേടിയ മൂന്ന് സെഞ്ച്വറികളില്‍ ഒന്ന് പിറവിയെടുത്തതും ദല്‍ഹിക്കൊപ്പമായിരുന്നു. 2017 ഏപ്രില്‍ 11ന് റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെതിരെയായിരുന്നു താരത്തിന്റെ സെഞ്ച്വറി പിറവിയെടുത്തത്.
ഈ മത്സരത്തില്‍ ദല്‍ഹി ഡെയര്‍ഡെവിള്‍സ് 97 റണ്‍സിന് വിജയിച്ചപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും സഞ്ജു തന്നെയായിരുന്നു.
സഞ്ജു സെഞ്ച്വറി നേടിയ മത്സരത്തില്‍ ടീം വിജയിക്കുന്നതും ഈയവസരത്തില്‍ മാത്രമാണ്. 2019ല്‍ ഹൈദരാബാദിനെതിരെയും (55 പന്തില്‍ പുറത്താകാതെ 102) 2021ല്‍ പഞ്ചാബിനെതിരെയും (63 പന്തില്‍ 119) സഞ്ജു സെഞ്ച്വറി നേടിയിരുന്നെങ്കിലും ടീം പരാജയപ്പെട്ടു.
അതേസമയം, നിലവില്‍ ദല്‍ഹി ക്യാപ്റ്റല്‍സിന്റെ ക്യാപ്റ്റനായ കെ.എല്‍. രാഹുലിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ലക്ഷ്യം വെക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ക്യാപ്റ്റനായും ഓപ്പണറായും ഒരുപോലെ തിളങ്ങാന്‍ സാധിക്കുന്ന രാഹുലിന്റെ കഴിവ് തന്നെയാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പോസിബിള്‍ ടാര്‍ഗെറ്റുകളില്‍ പ്രധാനിയാക്കി മാറ്റിയത്.
ഒരുപക്ഷേ ഈ ഡീല്‍ സംഭവിക്കുകയാണെങ്കില്‍ സഞ്ജു സാംസണ്‍ തന്നെയായിരിക്കും ദല്‍ഹിയുടെ പെര്‍ഫെക്ട് ഓപ്ഷന്‍ എന്നതില്‍ സംശയമുണ്ടാകില്ല. ഓപ്പണിങ് ബാറ്ററായും വിക്കറ്റ് കീപ്പറായും അതിലുപരി മികച്ച ക്യാപ്റ്റനായും കഴിവ് തെളിയിച്ച സഞ്ജു വീണ്ടും ഫിറോസ് ഷാ കോട്‌ലയുടെ മണ്ണിലെത്തുമോ എന്ന ചോദ്യം മാത്രമാണ് ബാക്കിയുള്ളത്.
Content Highlight: Reports says Delhi Capitals interested in bringing Sanju Samson to the team for IPL 2026