സൂപ്പര്‍ താരം കാസെമിറോയെ ദേശീയ ടീമിലേക്ക് തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ബ്രസീലിന്റെ പുതിയ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി ചര്‍ച്ചകള്‍ നടത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. റയല്‍ മാഡ്രിഡുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ മെയ് 26ന് ആന്‍സലോട്ടി കാനറികളുടെ പരിശീലകനായി ചുമതലയേല്‍ക്കും.
തങ്ങളുടെ പ്രതാപകാലത്തിന്റെ നിഴലില്‍ പോലുമെത്താതെ ഉഴറുകയാണ് ബ്രസീല്‍ ദേശീയ ടീം. വേള്‍ഡ് കപ്പ് യോഗ്യതാ മത്സരത്തില്‍ തങ്ങളുടെ ചിരവൈരികളായ അര്‍ജന്റീനയോട് 4-1ന് പരാജയപ്പെട്ടതടക്കം സമീപകാല ചരിത്രത്തിലെ ഏറ്റവും മോശം സമയങ്ങളിലൂടെയാണ് ബ്രസീല്‍ കടന്നുപോകുന്നത്.
ആന്‍സലോട്ടിയുടെ വരവോടെ ഈ നിരാശ അവസാനിക്കുമെന്നും 2019ന് ശേഷമുള്ള ആദ്യ കിരീടം ഇറ്റാലിയന്‍ മാനേജരുടെ ശിക്ഷണത്തില്‍ ബ്രസീല്‍ നേടുമെന്നും ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നു.
റയല്‍ മാഡ്രിഡിന്റെ മാനേജരായിരിക്കവെ നിരവധി ബ്രസീലിയന്‍ താരങ്ങള്‍ക്കൊപ്പം ആന്‍സലോട്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ, എന്‍ഡ്രിക് തുടങ്ങിയവരെ റയലില്‍ പരിശീലിപ്പിക്കുന്നുമുണ്ട്. നേരത്തെ കാസെമിറോയും ആന്‍സെലോട്ടിയുടെ ശിക്ഷണത്തില്‍ ലോസ് ബ്ലാങ്കോസില്‍ പന്ത് തട്ടിയിരുന്നു.
കാസെമിറോയെ വീണ്ടും ബ്രസീല്‍ ദേശീയ ടീമിന്റെ ഭാഗമാക്കാന്‍ ആന്‍സെലോട്ടി ആഗ്രഹിക്കുന്നുണ്ടെന്നാണ് ഫാബ്രീസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദേശീയ ടീമിനായി 75 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ കാസെമിറോ 2023 മുതല്‍ ടീമിനൊപ്പമില്ല.
മധ്യനിരയിലെ മാന്ത്രികനെ ഒപ്പം കൂട്ടി ബ്രസീലിനെ കൂടുതല്‍ കിരീടങ്ങളിലേക്ക് നയിക്കാന്‍ ആന്‍സലോട്ടിക്ക് സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
2024 കോപ്പ അമേരിക്ക ടീമില്‍ നിന്നും മുന്‍ പരിശീലകന്‍ ഡോറിവല്‍ ജൂനിയര്‍ കാസെമിറോയെ ഒഴിവാക്കിയിരുന്നു. 2019ല്‍ ബ്രസീല്‍ കോപ്പ കിരീടം നേടിയ ടീമില്‍ താരത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.
അതേസമയം, ജൂണ്‍ നാലിന് ലോകകപ്പ് ക്വാളിഫയറിലാണ് ബ്രസീല്‍ പരിശീലകന്‍ എന്ന നിലയില്‍ ആന്‍സലോട്ടിയുടെ ആദ്യ മത്സരം. ഇക്വഡോറാണ് എതിരാളികള്‍. അഞ്ച് ദിവസത്തിന് ശേഷം പരാഗ്വായെയും കാനറികള്‍ നേരിടും.
Content Highlight: Reports says Carlo Ancelotti has already made initial plans to discuss Casemiro’s return as part of Brazil squad