സൂപ്പര്‍ താരം കാസെമിറോയെ ദേശീയ ടീമിലേക്ക് തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ബ്രസീലിന്റെ പുതിയ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി ചര്‍ച്ചകള്‍ നടത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. റയല്‍ മാഡ്രിഡുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ മെയ് 26ന് ആന്‍സലോട്ടി കാനറികളുടെ പരിശീലകനായി ചുമതലയേല്‍ക്കും.

മധ്യനിരയിലെ മാന്ത്രികനെ ഒപ്പം കൂട്ടി ബ്രസീലിനെ കൂടുതല്‍ കിരീടങ്ങളിലേക്ക് നയിക്കാന്‍ ആന്‍സലോട്ടിക്ക് സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

2024 കോപ്പ അമേരിക്ക ടീമില്‍ നിന്നും മുന്‍ പരിശീലകന്‍ ഡോറിവല്‍ ജൂനിയര്‍ കാസെമിറോയെ ഒഴിവാക്കിയിരുന്നു. 2019ല്‍ ബ്രസീല്‍ കോപ്പ കിരീടം നേടിയ ടീമില്‍ താരത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.

അതേസമയം, ജൂണ്‍ നാലിന് ലോകകപ്പ് ക്വാളിഫയറിലാണ് ബ്രസീല്‍ പരിശീലകന്‍ എന്ന നിലയില്‍ ആന്‍സലോട്ടിയുടെ ആദ്യ മത്സരം. ഇക്വഡോറാണ് എതിരാളികള്‍. അഞ്ച് ദിവസത്തിന് ശേഷം പരാഗ്വായെയും കാനറികള്‍ നേരിടും.

 

Content Highlight: Reports says Carlo Ancelotti has already made initial plans to discuss Casemiro’s return as part of Brazil squad