2023 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഓറഞ്ച് ജേഴ്സി അണിയാന്‍ ബി.സി.സി.ഐ നിര്‍ബന്ധിച്ചു; താരങ്ങൾ വിസമ്മതിച്ചെന്ന് വെളിപ്പെടുത്തൽ
Cricket
2023 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഓറഞ്ച് ജേഴ്സി അണിയാന്‍ ബി.സി.സി.ഐ നിര്‍ബന്ധിച്ചു; താരങ്ങൾ വിസമ്മതിച്ചെന്ന് വെളിപ്പെടുത്തൽ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 17th May 2024, 12:23 pm

2023 ഐ.സി.സി ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി മാറ്റാന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന പാകിസ്ഥാനെതിരെയുള്ള മത്സരത്തില്‍ നീല ജേഴ്‌സിക്ക് പകരം ഓറഞ്ച് ജേഴ്‌സി അണിയാൻ ബി.സി.സി.ഐ ഇന്ത്യന്‍ താരങ്ങളോട് ആവശ്യപ്പെട്ടു എന്നാണ് വിസ്ഡന്‍ ക്രിക്കറ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ രാഷ്ട്രീയവല്‍ക്കരണം എന്ന തലക്കെട്ടില്‍ പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകനായ ശാര്‍ദവ് ഗ്രാവ് എഴുതിയ ലേഖനത്തിലാണ് ഈ വിവരം പുറത്തുവന്നത്.

പാകിസ്ഥാനെതിരെയുള്ള മത്സരത്തിനു മുന്നോടിയായി ഇന്ത്യയുടെ പരിശീലനത്തിനായി ഓറഞ്ച് ജേഴ്‌സി നല്‍കിയിരുന്നതായും മത്സരത്തിന് രണ്ട് ദിവസം മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ബി.സി.സി.ഐ ഓറഞ്ച് ജേഴ്‌സി കൈമാറിയെന്നുമാണ് ക്രിക്കറ്റ് വിസ്ഡനിലെ ലേഖനത്തില്‍ പറയുന്നത്.

പാകിസ്ഥാന്‍ പച്ച ജേഴ്‌സിയില്‍ കളിക്കുമ്പോള്‍ ഇന്ത്യ ഓറഞ്ച് ജേഴ്‌സിയില്‍ കളിക്കണമെന്നായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിര്‍ദേശം. എന്നാല്‍ ഇതിനെതിരെ താരങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു.

ടീമിലെ ഒരു വിഭാഗം ആളുകള്‍ ഇത് നെതര്‍ലാന്‍ഡ്സ് ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ആണെന്നും മറ്റൊരു വിഭാഗം ആളുകള്‍ ഇത് ഇന്ത്യന്‍ ടീമിലെ എല്ലാ ആളുകളെയും ഉള്‍ക്കൊള്ളുന്ന ജേഴ്‌സിയായി തോന്നുന്നില്ലെന്നും ഇത് ചില കളിക്കാരോട് ചെയ്യുന്ന അനാദരവായി മാറുമെന്നും പറഞ്ഞു. ഇതിനു പിന്നാലെ മത്സരത്തില്‍ ഓറഞ്ച് ജേഴ്‌സി അണിയാന്‍ സാധിക്കില്ലെന്ന് ഇന്ത്യന്‍ ടീം അറിയിച്ചുവെന്നുമാണ് ലേഖനത്തില്‍ പറയുന്നത്.

അതേസമയം 2019ല്‍ നടന്ന ലോകകപ്പില്‍ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തില്‍ ഓറഞ്ചും നീലയും കലര്‍ന്ന ജേഴ്‌സിയില്‍ ഇന്ത്യ കളിച്ചിരുന്നു. ഈ ജേഴ്‌സികള്‍ പിന്നീട് വില്‍പ്പനയ്ക്കു വയ്ക്കുകയും അതില്‍ നിന്നും ലഭിച്ച പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയും ആയിരുന്നു. ഇത്തരത്തില്‍ ജേഴ്‌സികള്‍ ലേലം നടത്തുമെന്നാണ് ബി.സി.സി.ഐ ഐ.സി.സിയെ അറിയിച്ചിരുന്നതെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

അതേസമയം പാകിസ്ഥാനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യ നീല ജേഴ്‌സി അണിഞ്ഞ് തന്നെയാണ് കളത്തില്‍ ഇറങ്ങിയത്. ആ മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ക്ക് പാകിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു.

Content Highlight: Reports says BCCI has asked Indian players to wear orange jerseys instead of blue jerseys for the 2023 World Cup match against Pakistan