ഇന്ത്യയെ ജയിക്കാന്‍ സമ്മതിക്കില്ല; ലോകം കണ്ട ഏറ്റവും മികച്ച താരത്തെ കൊണ്ടുവരാന്‍ ഓസ്‌ട്രേലിയ
Sports News
ഇന്ത്യയെ ജയിക്കാന്‍ സമ്മതിക്കില്ല; ലോകം കണ്ട ഏറ്റവും മികച്ച താരത്തെ കൊണ്ടുവരാന്‍ ഓസ്‌ട്രേലിയ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 22nd February 2023, 4:44 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഓസ്‌ട്രേലിയക്ക് പരമ്പര നേടാന്‍ സാധിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞിരിക്കുകയാണ്.

ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീമിന് അഭിമാനം സംരക്ഷിക്കാനെങ്കിലും വരുന്ന രണ്ട് ടെസ്റ്റിലും വിജയിച്ച് പരമ്പര സമനിലയിലാക്കേണ്ടത് അനിവാര്യമാണ്.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയുടെ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമാണ് (2003-2004) പരമ്പര സമനിലയില്‍ പിരിഞ്ഞത്. നാണക്കേട് മറയ്ക്കാന്‍ ഓസീസിന് ഈ പരമ്പര സമനിലയിലാക്കുക മാത്രമാണ് ഏക പോംവഴി.

പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ലോകം കണ്ട ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളും ഓസ്‌ട്രേലിയയുടെ വേള്‍ഡ് കപ്പ് ഹീറോയുമായ മാത്യു ഹെയ്ഡനെ ബാറ്റിങ്‌ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ഓസ്‌ട്രേലിയ ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

ഓസീസിന്റെ നിലവിലെ പരിശീലകനായ ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ് തന്നെ ഹെയ്ഡനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നു എന്നാണ് പ്രമുഖ കായിക മാധ്യമങ്ങളായ ക്രിക് ടുഡേ, ഇന്‍സൈഡര്‍ സ്‌പോര്‍ട്ട് അടക്കമുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പരമ്പര ഇന്ത്യ വൈറ്റ് വാഷ് ചെയ്യാതിരിക്കാന്‍ ഹെയ്ഡന്‍ ഓസ്‌ട്രേലിയയുടെ പരിശീലകനാകണമെന്നാണ് മക്‌ഡൊണാള്‍ഡ് ആവശ്യപ്പെടുന്നത്.

നിലവില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കമന്ററി ടീമിലാണ് ഹെയ്ഡനുള്ളത്.

നേരത്തെ പാകിസ്ഥാന്‍ മെന്‍സ് ടീമിന്റെ ബാറ്റിങ് കണ്‍സള്‍ട്ടന്റായി താരം ചുമതലയേറ്റിരുന്നു. ഇക്കാലയളവില്‍ മികച്ച പ്രകടനം പാകിസ്ഥാന്‍ ബാറ്റര്‍മാരുടെ ഭാഗത്ത് നിന്നും ഉണ്ടാവുകയും ചെയ്തിരുന്നു.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ രണ്ട് മത്സരത്തിലും ഓസീസിന് ദയനീയ പരാജയമായിരുന്നു നേരിടേണ്ടി വന്നത്. നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന ആദ്യ മത്സരത്തില്‍ ഇന്നിങ്‌സിനും 132 റണ്‍സിനുമായിരുന്നു ഓസീസിന്റെ പരാജയം. ആദ്യ ടെസ്റ്റില്‍ ഓസീസിന്റെ സ്റ്റാര്‍ താരങ്ങളില്‍ മിക്കവരും നിറം മങ്ങിയിരുന്നു.

ദല്‍ഹിയില്‍ വെച്ച് നടന്ന രണ്ടാം ടെസ്റ്റില്‍ ആരാധകരെക്കൊണ്ട് തങ്ങള്‍ വിജയിച്ചേക്കുമെന്ന് തോന്നിപ്പിച്ച ശേഷമായിരുന്നു ഓസീസ് തോറ്റത്. ആദ്യ ഇന്നിങ്‌സില്‍ 265 റണ്‍സിന്റെ ടോട്ടല്‍ സ്വന്തമാക്കിയ കങ്കാരുക്കള്‍ ഇന്ത്യയെ ലീഡ് നേടാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തിരുന്നു.

രണ്ടാം ഇന്നിങ്‌സിലെ ആദ്യ വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും രവീന്ദ്ര ജഡേജയെന്ന കൊടുങ്കാറ്റിന് മുമ്പില്‍ ഓസീസ് കടപുഴകി വീണു. 61ന് ഒന്ന് എന്ന നിലയില്‍ നിന്നും 113ന് ഓള്‍ ഔട്ട് എന്ന നിലയിലേക്കാണ് ഓസ്‌ട്രേലിയ വീണത്.

115 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കുകയായിരുന്നു.

മാര്‍ച്ച് ഒന്നിനാണ് പരമ്പരയിലെ അടുത്ത മത്സരം. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയമാണ് വേദി.

 

Content Highlight: Reports says Australia to sign Matthew Hayden as coach to avoid whitewash