മെസിയുടെ എക്കാലത്തെയും പേടിസ്വപ്‌നം എം.എല്‍.എസിലേക്ക്? അത് സംഭവിക്കുമോ?
Sports News
മെസിയുടെ എക്കാലത്തെയും പേടിസ്വപ്‌നം എം.എല്‍.എസിലേക്ക്? അത് സംഭവിക്കുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 29th July 2025, 2:34 pm

 

ബയേണ്‍ മ്യൂണിക്കിന്റെ ജര്‍മന്‍ ഇതിഹാസം തോമസ് മുള്ളറെ സ്വന്തമാക്കാന്‍ അമേരിക്കന്‍ മണ്ണിലേക്ക് പറിച്ചുനടാന്‍ മേജര്‍ ലീഗ് സോക്കര്‍ (എം.എല്‍.എസ്) ക്ലബ്ബുകള്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഒന്നല്ല രണ്ടല്ല, നാല് എം.എല്‍.എസ് ടീമുകളാണ് മുള്ളറിനെ തങ്ങളുടെ തട്ടകത്തിലെത്തിക്കാന്‍ ശ്രമിക്കുന്നത്.

25 വര്‍ഷത്തിന് ശേഷം തന്റെ ബോയ്ഹുഡ് ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിനോട് വിടപറഞ്ഞ മുള്ളര്‍ തന്റെ കരിയറിലെ പുതിയ അധ്യായത്തിനൊരുങ്ങുകയാണ്. ബവാരിയന്‍സിനൊപ്പം സെക്‌സറ്റപ്പിള്‍ നേട്ടമടക്കം മുപ്പതിലധികം കിരീടം സ്വന്തമാക്കിയ മുള്ളറിനെ ടീമിലെത്തിക്കുന്നതോടെ ഏതൊരു ടീമിന്റെയും ശക്തി ഇരട്ടിയാകും.

തോമസ് മുള്ളർ

കളി മെനയാനും എതിരാളികളുടെ തന്ത്രങ്ങളെ ഇല്ലാതാക്കാനുമുള്ള മുള്ളറിന്റെ മികവ് താരത്തെ കൂടുതല്‍ അപകടകാരിയാക്കുന്നു. മുള്ളര്‍ എം.എല്‍.എസിലെത്തിയാല്‍ ലയണല്‍ മെസി vs തോമസ് മുള്ളര്‍ ദ്വയത്തിന്റെ പുതിയ യുദ്ധത്തിന് കൂടിയാകും കളമൊരുങ്ങുക.

 

മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിയുടെ ഏറ്റവും വലിയ റൈവലുകളിലൊന്നായ സിന്‍സിനാറ്റി എഫ്.സിയാണ് മുള്ളറിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ടീമുകളിലൊന്ന് എന്നതും ശ്രദ്ധേയമാണ്.

‘വലിയ ജര്‍മന്‍ ചരിത്രമുള്ള ക്ലബ്ബാണ് ഞങ്ങളുടേത്. കിരീടം സ്വന്തമാക്കാനുള്ള കഴിവും ഞങ്ങള്‍ക്കുണ്ട്. തോമസ് (തോമസ് മുള്ളര്‍) ഒരു ജേതാവാണ്. അവന്‍ ഇതിനോടകം തന്നെ ഒരുപാട് വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. അവന് ഞങ്ങള്‍ക്കൊപ്പം ഒന്നിച്ചുപോകാന്‍ സാധിക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്,’ ക്ലബ്ബ് സി.ഇ.ഒ ജെഫ് ബെര്‍ഡിങ് പറഞ്ഞു.

സിന്‍സിനാറ്റി എഫ്.സി

സിന്‍സിനാറ്റി ഇതിനോടകം തന്നെ മുള്ളറിന്റെ ഡിസ്‌കവറി റൈറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

വാന്‍കൂവര്‍ വൈറ്റ്ക്യാപ്‌സാണ് മുള്ളറിനെ ലക്ഷ്യമിടുന്നവരില്‍ മുന്‍പന്തിയിലുള്ള മറ്റൊരു ടീം. സിന്‍സിനാറ്റിയില്‍ നിന്നും ഡിസ്‌കവറി റൈറ്റുകള്‍ സ്വന്തമാക്കാനും വൈറ്റ്ക്യാപ്‌സ് ശ്രമിക്കുന്നുണ്ട്.

വാന്‍കൂവര്‍ വൈറ്റ്ക്യാപ്‌സ്

ഗാരത് ബെയ്ല്‍ മുമ്പ് കളം ഭരിച്ച ലോസ് ആഞ്ചലസ് എഫ്.സിയാണ് മുള്ളറിനെ ലക്ഷ്യമിടുന്ന മറ്റൊരു ടീം. ബയേണ്‍ മ്യൂണിക്കുമായുള്ള ലോസ് ആഞ്ചലസിന്റെ ബന്ധങ്ങളാണ് താരത്തെ ടീമിലെത്തിക്കാന്‍ എല്‍.എ.എഫ്.സി ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കാധാരം. ഇരു ടീമുകളും ചേര്‍ന്ന് താരങ്ങളെ വളര്‍ത്തിയെടുക്കുന്നതുമായി ബന്ധപ്പെട്ട് 2023ല്‍ റെഡ് ആന്‍ഡ് ഗോള്‍ഡ് ഫുട്‌ബോള്‍ എന്ന പേരില്‍ ഒരു പദ്ധതിയും ആരംഭിച്ചിരുന്നു.

ലോസ് ആഞ്ചലസ് എഫ്.സി

 

വെസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ തങ്ങളുടെ ആദ്യ എം.എല്‍.എസ് ക്യാമ്പെയ്‌നിനൊരുങ്ങുന്ന സാന്‍ ഡിയാഗോ എഫ്.സിയാണ് മുള്ളറിനെ ലക്ഷ്യമിടുന്ന മറ്റൊരു ടീം. മുള്ളറിനെ പോലെ ഒരു താരത്തെ തങ്ങളുടെ ആദ്യ സീസണില്‍ കൊണ്ടുവരുന്നത് ടീമിന്റെ ലെഗസിക്കും ഗുണം ചെയ്യും.

സാന്‍ ഡിയാഗോ എഫ്.സി

മാഞ്ചസ്റ്റര്‍ സിറ്റിയോട് വിടപറഞ്ഞ് കെവിന്‍ ഡി ബ്ലൂയ്‌നെയെ സ്വന്തമാക്കാനും സാന്‍ ഡിയാഗോ എഫ്.സി ശ്രമിച്ചിരുന്നു. എന്നാല്‍ താരം ഇറ്റാലിയന്‍ വമ്പന്‍മാരായ നാപ്പോളിയുമായി കൈകോര്‍ക്കുകയായിരുന്നു.

 

Content Highlight: Reports says 4 MLS clubs are trying to sign Thomas Muller