| Friday, 6th June 2025, 8:31 am

ആര്‍ട്ടിസ്റ്റുകളുടെ പ്രതിഫലം മാത്രം 2100 കോടി, പടത്തിന്റെ ബജറ്റ് 8500 കോടി, മാര്‍വല്‍ ഇത്തവണ രണ്ടും കല്പിച്ചാണല്ലോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകമെമ്പാടും ആരാധകരുള്ള കോമിക് ഫ്രാഞ്ചൈസിയാണ് മാര്‍വല്‍. കോമിക്കുകളിലൂടെയും സിനിമകളിലൂടെയും വലിയ ഫാന്‍ബേസ് സൃഷ്ടിക്കാന്‍ മാര്‍വലിന് സാധിച്ചു. എല്ലാ സൂപ്പര്‍ഹീറോകളെയും ഒരുമിപ്പിച്ചുകൊണ്ടുള്ള സിനിമാറ്റിക് യൂണിവേഴ്സും മാര്‍വല്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇടയ്ക്ക് പിന്നോട്ടുപോയെങ്കിലും വീണ്ടും പഴയ ട്രാക്കിലേക്കെത്താന്‍ മാര്‍വലിന് സാധിച്ചു.

മാര്‍വലിന്റേതായി ഇനി പുറത്തിറങ്ങാനുള്ള അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേയാണ് ഇപ്പോള്‍ സിനിമാലോകത്ത് ചര്‍ച്ച. ലോകത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായാണ് ഡൂംസ്‌ഡേ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 850 മില്യണ്‍ മുതല്‍ വണ്‍ ബില്യണ്‍ വരെയാണ് ചിത്രത്തിന്റെ ബജറ്റെന്നാണ് കേള്‍ക്കുന്നത്. ഇന്ത്യന്‍ രൂപയില്‍ ഇത് 8500 കോടിയോളമാണ്.

ഇതില്‍ 250 മില്യണ്‍ (2100 കോടി ഇന്ത്യന്‍ രൂപ) താരങ്ങളുടെ പ്രതിഫലത്തിനായി മാത്രം വേണ്ടിവരുമെന്നാണ് കണക്കൂകൂട്ടല്‍. മാര്‍വലിലെ പല വമ്പന്‍ താരങ്ങളും ആറ് വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ഇത്. പ്രീ പ്രൊഡക്ഷന് വേണ്ടി മാത്രം എട്ട് മില്യണ്‍ ഡോളറാണ് ചെലവഴിച്ചിരിക്കുന്നത്. മാര്‍വലിന്റെ മുന്‍ ചിത്രമായ ആന്റ് മാന്‍ ആന്‍ഡ് ദി വാസ്പ് ക്വാണ്ടമാനിയയുടെ പ്രീ പ്രൊഡക്ഷന്‍ ബജറ്റിനെക്കാള്‍ മൂന്നിരട്ടിയാണിത്.

ഡൂംസ്‌ഡേയുടെ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് കഴിഞ്ഞവര്‍ഷത്തെ സാന്‍ ഡിയാഗോ കോമിക് കോണില്‍ വെച്ചായിരുന്നു നടന്നത്. എന്‍ഡ് ഗെയിമുംഇന്‍ഫിനിറ്റി വാറും അണിയിച്ചൊരുക്കിയ റൂസ്സോ ബ്രദേഴ്‌സാണ് ഡൂംസ്‌ഡേയുടെ അമരക്കാര്‍.

മാര്‍വലിന്റെ മുഖമെന്ന് അറിയപ്പെടുന്ന റോബര്‍ട്ട് ഡൗണി ജൂനിയറാണ് ഡൂംസ്‌ഡേയുടെ പ്രധാന ആകര്‍ഷണം. ഡോക്ടര്‍ വിക്ടര്‍ ഡൂമിനെ അവതരിപ്പിക്കുന്നത് ആര്‍.ഡി.ജെയാണെന്ന വാര്‍ത്ത സിനമാപ്രേമികളെ ഞെട്ടിച്ചിരുന്നു. കോമിക്കിലെ ഏറ്റവും കരുത്തനായ വില്ലനായി ആര്‍.ഡി.ജെ വേഷമിടുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്. ഒപ്പം മാര്‍വലിന്റെ പ്രിയ സൂപ്പര്‍ഹീറോകളും ചിത്രത്തിന്റെ ഭാഗമാണ്.

ക്രിസ് ഹെംസ്‌വര്‍ത്ത് (തോര്‍), ടോം ഹിഡില്‍സ്റ്റണ്‍ (ലോകി), പോള്‍ റുഡ്ഡ് (ആന്റ് മാന്‍) പെഡ്രോ പാസ്‌കല്‍ (മിസ്റ്റര്‍ ഫന്റാസ്റ്റിക്), സിമു ല്യൂ (ഷാങ് ചി) തുടങ്ങിയ സൂപ്പര്‍ഹീറോകളെല്ലാം ഒരൊറ്റ സിനിമയില്‍ അണിനിരക്കുമ്പോള്‍ സിനിമാലോകത്തെ പല റെക്കോഡുകളും ഡൂംസ്‌ഡേയുടെ മുന്നില്‍ തകരുമെന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു.

Content Highlight: Reports saying that Avengers Doomsday budget will be 850 million

Latest Stories

We use cookies to give you the best possible experience. Learn more