| Monday, 23rd March 2026, 8:52 pm

തലൈവര്‍ 173ല്‍ തലൈവര്‍ക്ക് വേണ്ടി 83 ലുക്ക്; അവസാന മൂന്നിലൊന്ന് തെരഞ്ഞെടുക്കാന്‍ താരം

അശ്വിന്‍ രാജേന്ദ്രന്‍

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ജയിലറിലൂടെ തമിഴിലെ തന്റെ പ്രതാപകാലത്തിലേക്ക് തിരിച്ചെത്താന്‍ തലൈവര്‍ എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന രജിനിക്ക് സാധിച്ചിരുന്നു. രജിനിയുടെ അസാധ്യ സ്വാഗിനൊപ്പം കാമിയോ റോളില്‍ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും ശിവരാജ് കുമാറും വില്ലനായി മലയാളികളുടെ സ്വന്തം വിനായകനും അന്യായ പ്രകടനം കാഴ്ച്ചവെച്ചതോടെ സമീപകാലത്തെ ഏറ്റവും വലിയ തിയേറ്റര്‍ എക്‌സപീരിയന്‍സിനായിരുന്നു സിനിമാലോകം സാക്ഷ്യം വഹിച്ചത്.

രജിനി കമലിനൊപ്പം. Photo: The Hollywood Reporter India

ചിത്രത്തിന് പിന്നാലെ മികച്ച സംവിധായകര്‍ക്കൊപ്പം ശ്രദ്ധയോടെയായിരുന്നു രജിനി പ്രൊജക്ടുകള്‍ സെലക്ട് ചെയ്തിരുന്നതെങ്കിലും ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന ലോകേഷിനൊപ്പമുള്ള കൂലി നിരാശയാകുകയായിരുന്നു. ഇതോടെ പതിവ് ആക്ഷന്‍ മസാല ചിത്രങ്ങളില്‍ നിന്നും ഇടവേളയെടുത്ത് താരം ഒരു ഇമോഷണല്‍ ചിത്രത്തിന്റെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രജിനിയെ നായകനാക്കി കമല്‍ ഹസന്‍ നിര്‍മിച്ച് സിബി ചക്രവര്‍ത്തി തലൈവര്‍173 സംവിധാനം ചെയ്യുമെന്ന വാര്‍ത്ത വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

ചിത്രത്തില്‍ രജിനിക്കായി 83 വ്യത്യസ്ത ലുക്കുകള്‍ ഡിസൈനര്‍മാരുടെ സഹായത്തോടെ സംവിധായകന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഇതില്‍ മൂന്നെണ്ണം അണിയറപ്രവര്‍ത്തകര്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നുമുള്ള വാര്‍ത്തയാണ് ഇപ്പോള്‍ സിനിമാ പേജുകളില്‍ നിറയുന്നത്. തമിഴ് സിനിമയുമായി ബന്ധപ്പെട്ട് വിശ്വസിനീയമായ വിവരങ്ങള്‍ നല്‍കുന്ന ലക്ഷ്മി കാന്ത് എന്ന എക്‌സ് ഐ.ഡിയില്‍ നിന്നുമാണ് ചിത്രവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.

ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത മൂന്ന് ലുക്കില്‍ നിന്നും ഫൈനല്‍ ലുക്ക് രജിനികാന്ത് തെരഞ്ഞെടുക്കുമെന്നാണ് വിവരം. വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിര്‍ദേശങ്ങളുമായി രജിനിയുടെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ചിത്രമായ കൂലിയിലെ ലുക്കില്‍ തന്നെ ഈ ചിത്രത്തിലും രജിനി വരണമെന്ന ആഗ്രഹമാണ് പലരും പങ്കുവെക്കുന്നത്. 2020 ല്‍ പുറത്തിറങ്ങിയ രജിനിയുടെ മറ്റൊരു പരാജയ ചിത്രം ദര്‍ബാറിലെ ലുക്കും പലരും നിര്‍ദേശിക്കുന്നുണ്ട്.

രജിനിയുടെ ലുക്ക് ദര്‍ബാറിലും കൂലിയിലും. Photo: X.com

മലയാളത്തില്‍ നിന്നുള്ള മുന്‍നിര താരങ്ങളുടെ സാന്നിധ്യവും തലൈവര്‍ 173ല്‍ ഉണ്ടായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. സംവിധായകനായും നടനായും തന്റെതായ സ്ഥാനം സ്വന്തമാക്കിയ ബേസിലിന്റെ പേരായിരുന്നു ഉയര്‍ന്നുകേട്ടത്. രജിനിയുടെ മകന്റെ വേഷമാകും ബേസില്‍ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ ചിത്രത്തിലെ നായികയായി ശോഭന വേഷമിടുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

Content Highlight: Reports saying director developed 83 looks for Rajinikanth in  Thalaivar173

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more