സൂര്യക്ക് ശേഷം ഗില്‍, ഏകദിനത്തില്‍ അയ്യര്‍; ബി.സി.സി.ഐയുടെ പുതിയ നീക്കങ്ങള്‍ ഇങ്ങനെ...
Cricket
സൂര്യക്ക് ശേഷം ഗില്‍, ഏകദിനത്തില്‍ അയ്യര്‍; ബി.സി.സി.ഐയുടെ പുതിയ നീക്കങ്ങള്‍ ഇങ്ങനെ...
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 21st August 2025, 11:27 am

2025ലെ ഏഷ്യാ കപ്പിനുള്ള 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെയും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയുമാണ് സെലക്ഷന്‍ കമ്മറ്റി തെരഞ്ഞെടുത്തത്. സെപ്റ്റംബര്‍ ഒമ്പതിനാണ് ടൂര്‍ണമെന്റിന് തിരശീല ഉയരുന്നത്.

എന്നാല്‍ മികച്ച ഫോമിലുള്ള ശ്രേയസ് അയ്യരെ ഇന്ത്യ സ്‌ക്വാഡില്‍ പരിഗണിച്ചിരുന്നില്ല. ഇതോടെ പല താരങ്ങളും വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍പ്രകാരം ഏഷ്യ കപ്പ് സ്‌ക്വാഡില്‍ പരിഗണിക്കാത്ത ശ്രേയസ് അയ്യരെ അടുത്ത ഏകദിന ക്യാപ്റ്റനായി ബി.സി.സി.ഐ പരിഗണിച്ചേക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനത്തിന് ശേഷമായിരിക്കും അയ്യരുടെ ക്യാപ്റ്റന്‍സി ചര്‍ച്ച ചെയ്യുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2025 ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റന്‍ ആയിരുന്ന ശ്രേയര്‍ മികച്ച പ്രകടനമാണ് സീസണില്‍ കാഴ്ചവെച്ചത്. 2014ന് ശേഷം ആദ്യമായി പഞ്ചാബിനെ ഫൈനലില്‍ എത്തി ക്യാപ്റ്റനാണ് അയ്യര്‍. മാത്രമല്ല സീസണില്‍ 17 ഇന്നിങ്‌സില്‍ നിന്ന് 175.5 എന്ന സ്ട്രൈക്ക് റേറ്റില്‍ 604 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. 2023 ഓസ്‌ട്രേലിയക്ക് എതിരായിരുന്നു അയ്യരുടെ അവസാന ടി20. 51 മത്സരങ്ങളില്‍ നിന്ന് 136.12 എന്ന സ്‌െ്രെടക്ക് റേറ്റില്‍ 1104 റണ്‍സ് ആണ് താരം നേടിയത്.

മാത്രമല്ല കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം അയ്യരായിരുന്നു. അഞ്ച് ഇന്നിങ്‌സില്‍ നിന്നും 243 റണ്‍സാണ് ഇന്ത്യക്കുവേണ്ടി താരം നേടിയത്.

മാത്രമല്ല അയ്യരുടെ വിഷയത്തിന് പുറമെ ടി-20യില്‍ സൂര്യകുമാര്‍ യാദവിന് ശേഷം ശുഭ്മന്‍ ഗില്‍ ക്യാപ്റ്റനായി സ്ഥാനമേല്‍ക്കാന്‍ സാധ്യതയുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്. ഇതിന് മുന്നോടിയായിട്ടാണ് ഏഷ്യാകപ്പില്‍ വൈസ് ക്യാപ്റ്റനായി ഗില്ലിലെ നിയമിച്ചത്.

വര്‍ക്കിലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി മൂന്ന് ഫോര്‍മാറ്റിലും രണ്ട് ക്യാപ്റ്റന്മാരെയാണ് ബി.സി.സി.ഐ തെരഞ്ഞെടുക്കാന്‍ സാധ്യതയുള്ളത്. സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് അഭിഷേക് ത്രിപാടിയാണ് വിവരം പുറത്തുവിട്ടത്.

Content Highlight: Reports say Shreyas Iyer will be the next ODI captain