ബാഴ്‌സ ലാ ലിഗ ചാമ്പ്യന്‍മാരായതന്റെ ആഘോഷം; ഭാഗമായി മെസിയും നെയ്മറും; റിപ്പോര്‍ട്ട്
football news
ബാഴ്‌സ ലാ ലിഗ ചാമ്പ്യന്‍മാരായതന്റെ ആഘോഷം; ഭാഗമായി മെസിയും നെയ്മറും; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 16th May 2023, 6:38 pm

ഒരുപാട് കാലത്തെ കിരീട വരള്‍ച്ചക്ക് ശേഷമാണ് ബാഴ്‌സലോണ ലാ ലീഗ ചാമ്പ്യന്മാരായത്. തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ എസ്പാന്യോളിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടതോടെയാണ് ബാഴ്‌സലോണ ലാ ലീഗ കിരീടത്തില്‍ ഒരിക്കല്‍ക്കൂടി മുത്തമിട്ടത്. 2018ന് ശേഷമുള്ള ബാഴ്‌സയുടെ ആദ്യ ലാ ലീഗ കിരീടനേട്ടമാണിത്. മെസി ടീം വിട്ടതിന് ശേഷമുള്ള ആദ്യ കിരീടമാണിതെന്നുള്ള പ്രത്യേകതയും ഈ കിരീട നേട്ടത്തിനുണ്ട്.

എന്നാലിപ്പോള്‍ ടീമിന്റെ ഈ വിജയാഘോഷത്തില്‍ ബാഴ്‌സയുടെ മുന്‍ താരങ്ങളായ ലയണല്‍ മെസിയും നെയ്മര്‍ ജൂനിയറും പങ്കാളികളായെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ടീം ഡ്രസിങ് റൂമില്‍ സെലിബ്രേഷന്‍ നടത്തിയപ്പോള്‍ പി.എസ്.ജി സൂപ്പര്‍ താരങ്ങളായ മെസിയും നെയ്മറും വീഡിയോ കോള്‍ വഴി ഒപ്പം ചേര്‍ന്നുവെന്നാണ് പ്രമുഖ സ്പാനിഷ് മാധ്യമപ്രവര്‍ത്തകന്‍ ജെറാര്‍ഡ് റൊമേറോയെ ഉദ്ധരിച്ച് ഗോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആഘോഷങ്ങളുടെ ഭാഗമായി ബാഴ്‌സ താരം റൊണാള്‍ഡ് അരൗഹോ ഇന്‍സ്റ്റഗ്രാമില്‍
പങ്കുവെച്ച ബ്രോഡ്കാസ്റ്റ് ലൈവ് വീഡിയോയെ മെസി പിന്തുണയര്‍പ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ലീഗില്‍ ഇനിയും മത്സരങ്ങള്‍ ശേഷിക്കെയാണ് ബാഴ്‌സലോണ കിരീടം നേടിയത്.

എസ്പാന്യോളിനെതിരായ മത്സരത്തില്‍ ലവന്‍ഡോസ്‌കിയുടെ ഇരട്ടഗോളാണ് ബാഴ്സയ്ക്ക് തുണയായത്. അലെജാണ്‍ഡ്രോ ബാള്‍ഡെയും ജൂള്‍ കുണ്ടെയുമാണ് മറ്റ് സ്‌കോറര്‍മാര്‍.

34 മത്സരത്തില്‍ നിന്നും 27 വിജയവും നാല് സമനിലയും മൂന്ന് തോല്‍വിയുമുള്‍പ്പെടെ 85 പോയിന്റ് നേടിയതിന് പിന്നാലെയാണ് ബാഴ്‌സ കിരീടമുറപ്പിച്ചത്. രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിന് 71 പോയിന്റാണുള്ളത്.