കപ്പല്‍ശാലയും വരില്ല, 10,000 കോടി നിക്ഷേപവുമില്ല; മുഖ്യമന്ത്രിയുടെ അവകാശവാദം തള്ളി ടാറ്റ പ്രതിനിധി
Kerala
കപ്പല്‍ശാലയും വരില്ല, 10,000 കോടി നിക്ഷേപവുമില്ല; മുഖ്യമന്ത്രിയുടെ അവകാശവാദം തള്ളി ടാറ്റ പ്രതിനിധി
റെന്വര്‍ പി
Friday, 17th July 2026, 1:19 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കപ്പല്‍ നിര്‍മാണ ശാല നിര്‍മിക്കാനും അനുബന്ധ വികസനത്തിനുമായി ടാറ്റ ഗ്രൂപ്പ് 10,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശ വാദം തെറ്റെന്ന് ടാറ്റ ഗ്രൂപ്പ് വക്താവ്. നിലവില്‍ ദക്ഷിണേന്ത്യയിലെവിടെയെങ്കിലും കപ്പല്‍ നിര്‍മാണ ശാല ആരംഭിക്കാനോ പതിനായിരം കോടി നിക്ഷേപിക്കാനോ ടാറ്റ ഗ്രൂപ്പിന് ഉദ്ദേശമില്ലെന്ന് കമ്പനിയിലെ ഒരു എക്‌സിക്യൂട്ടീവ് അറിയിച്ചതായി എകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കപ്പല്‍ നിര്‍മാണ രംഗത്ത് 10,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ടാറ്റ ഗ്രൂപ്പിന്റെ അപേക്ഷ വിശദമായി പരിശോധിച്ച് ഭൂമി നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം ബ്ലൂംബെര്‍ഗില്‍ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിലായിരുന്നു വി.ഡി. സതീശന്റെ അവകാശവാദം. ഈ ലേഖനത്തെക്കുറിച്ച് പ്രതികരണം തേടി ടാറ്റ ഗ്രൂപ്പ് വക്താവിനെ തങ്ങള്‍ ബന്ധപ്പെട്ടതായി എകണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കമ്പനി വക്താവില്‍ നിന്ന് പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. തുടര്‍ന്ന് കമ്പനിയുടെ ഒരു എക്‌സിക്യൂട്ടീവിനെ ബന്ധപ്പെട്ടപ്പോള്‍ ഇത്തരമൊരു പദ്ധതി തങ്ങള്‍ക്കില്ലെന്ന് അറിയിച്ചതായും എക്കണോമിക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വി.ഡി സതീശന്റെ അവകാശവാദം കേട്ട് തങ്ങള്‍ അമ്പരന്നെന്നും ടാറ്റ ഗ്രൂപ്പ് പ്രതിനിധി പറഞ്ഞു. ഒന്നുകില്‍ മുഖ്യമന്ത്രിയെ ആരെങ്കിലും പറ്റിച്ചതാവാം. അല്ലെങ്കില്‍ മികച്ച ഭരണം കാഴ്ച വെക്കണമെന്ന സമ്മര്‍ദം അദ്ദേഹത്തിനുണ്ടാവാമെന്നും ടാറ്റ ഗ്രൂപ്പ് പ്രതിനിധി പറഞ്ഞു.

മുഖ്യമന്ത്രി പറയാനുദ്ദേശിച്ച കാര്യം തന്നെയാണോ പറഞ്ഞതെന്നാണ് ബ്ലൂംബെര്‍ഗിലെ അഭിമുഖം കണ്ടപ്പോള്‍ ഞാന്‍ ആലോചിച്ചത്. ഒരു രാഷ്ട്രീയക്കാരനെ സംബന്ധിച്ചായാലും ഇത്തരത്തിലുള്ള അതിശയോക്തികുറച്ച് കൂടുതലായാണ് തോന്നുന്നതെന്നും പേര് വെളിപ്പെടുത്തരുതെന്ന ആവശ്യത്തോടെ ടാറ്റ ഗ്രൂപ്പ് പ്രതിനിധി പറയുന്നതായി എകണോമിക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്നലെയാണ് (ജൂലൈ 16, വ്യാഴം) ടാറ്റ 10,000 കോടിയുടെ കപ്പല്‍ നിര്‍മാണ ശാല ആരംഭിക്കുമെന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പുറത്ത് വന്നത്. ഈ പ്രഖ്യാപനം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. നിര്‍ദിഷ്ട കപ്പല്‍ നിര്‍മാണശാല വിഴിഞ്ഞത്ത് സ്ഥാപിക്കണമെന്നും, കൊച്ചിയില്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റുകളും സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Content highlight: Report suggests Claim of VD Satheesan on Tata  Group’s proposed ₹10,000 crore shipbuilding plan might be false

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.