ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ജൂണ്‍ 20നാണ് പരമ്പര ആരംഭിക്കുന്നത്. ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കീഴില്‍ വമ്പന്‍ തയ്യാറെടുപ്പിലാണ് ഇന്ത്യ. എന്നാല്‍ അമ്മയുടെ പെട്ടെന്നുള്ള ഹൃദയാഘാതത്തെത്തുടര്‍ന്ന് ഗൗതം ഗംഭീറിന് നാട്ടിലേക്ക് മടങ്ങേണ്ടിവന്നിരുന്നു.
ഇതേ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ പര്യടനത്തില്‍ ഗംഭീറിന് പകരം വി.വി.എസ് ലക്ഷ്മണ്‍ ഇന്ത്യയെ നയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഗംഭീര്‍ ഇംഗ്ലണ്ടിലേക്ക് തിരിച്ചെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. നിലവില്‍ ഗംഭീറിന്റെ അമ്മ അപകടനില തരണം ചെയ്‌തെന്നും അതിനാലാണ് ഗംഭീര്‍ ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
‘ഗംഭീര്‍ ഇന്ന് യു.കെയിലേക്ക് പോകും. അദ്ദേഹം ലണ്ടനില്‍ ടീമിനൊപ്പം ചേരും, തുടര്‍ന്ന് മുഴുവന്‍ ടീമും ചൊവ്വാഴ്ച ഹെഡിംഗ്ലിയിലേക്ക് പോകും,’ ഗംഭീറുമായി അടുത്ത വൃത്തങ്ങള്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
അതേസമയം അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയ്ക്ക് വേണ്ടി 18 അംഗ സ്‌ക്വാഡാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനേയും തെരഞ്ഞെടുത്തു. രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും വിരമിച്ചതിന് ശേഷമുള്ള ആദ്യ പരമ്പരയാണിത്.
അതുകൊണ്ട് തന്നെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ റെഡ് ബോള്‍ ക്രിക്കറ്റിന്റെ ഭാവി തീരുമാനിക്കുന്ന ഒരു പരമ്പര കൂടിയാകും ഇത്. അടുത്തിടെ റെഡ് ബോളില്‍ മോശം പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യന്‍ ടീമിനും പരിശീലകന്‍ ഗംഭീറിനും പരമ്പര ഏറെ നിര്‍ണായകവുമാണ്.