ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഏഷ്യാ കപ്പിനായുള്ള കാത്തിരിപ്പിലാണ്. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയും. നിലവില്‍ 15 അംഗ സ്‌ക്വാഡുമായി ഇന്ത്യ ദുബായിലെത്തി പരിശീലനം ആരംഭിച്ചിട്ടുണ്ട്. ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെയും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയുമാണ് ഇന്ത്യ തെരഞ്ഞടുത്തത്.
എന്നാല്‍ വൈസ് ക്യാപ്റ്റനായി ഗില്‍ തിരിച്ചെത്തിയതോടെ സ്‌ക്വാഡില്‍ ഇടം നേടിയ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ന്റെ സ്ഥാനം അനിശ്ചിതത്വത്തിലാണ്. നേരത്തെ ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനത്ത് ഇറങ്ങിയ സഞ്ജുവിന് പകരമായി ഗില്‍ എത്തും എന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.
എന്നാല്‍ മധ്യനിരയില്‍ സഞ്ജുവിന് സ്ഥാനം ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ഇന്ത്യയ്ക്കുവേണ്ടി നേരത്തെ മധ്യനിരയില്‍ കളിച്ച താരമാണ് സഞ്ജു. വിക്കറ്റ് കീപ്പര്‍ കം ഫിനിഷര്‍ റോളില്‍ സഞ്ജു കളത്തില്‍ എത്തും എന്നാണ് പല സീനിയര്‍ താരങ്ങളും പറയുന്നത്.
എന്നാല്‍ ക്രിക്ക് ഇന്‍ഫോയുടെ ഒരു റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ കൂടുതല്‍ പരിഗണിക്കാന്‍ സാധ്യതയുള്ളത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മയെയാണ് എന്നാണ് അറിയാന്‍ സാധിക്കുന്നത്. പരിശീലന സെക്ഷനില്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ മേല്‍നോട്ടത്തില്‍ ജിതേഷ് ശര്‍മ ഏറെനേരം നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്തിരുന്നു. എന്നാല്‍ സഞ്ജു ത്രോ-ഡൗണിലായിരുന്നു ഏര്‍പ്പെട്ടിരുന്നത്.
2024 ടി-20 ലോകകപ്പില്‍ സഞ്ജു സ്‌ക്വാഡില്‍ ഇടം നേടിയെങ്കിലും ഒരു മത്സരം പോലും താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ഏഷ്യാ കപ്പില്‍ താരം ഉറപ്പായും ഇലവനില്‍ ഉണ്ടാകുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. അനുഭവസമ്പത്തിന്റെയോ ബാറ്റിങ് കരുത്തിന്റെയോ കാര്യത്തില്‍ സഞ്ജുവിനെക്കാള്‍ ഏറെ പിന്നിലാണ് ജിതേഷ് എന്നത് മറ്റൊരു വസ്തുതയാണ്.