ഓസീസിനെതിരെ നാളെ (നവംബര്‍ ആറിന്) നടക്കാനിരിക്കുന്ന നാലാം ടി-20 മത്സരത്തില്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. മൂന്നാം ടി-20യില്‍ സഞ്ജുവിന് പകരം വന്ന യുവ താരം ജിതേഷ് ശര്‍മയെ തന്നെ ടീമില്‍ പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
മൂന്നാം മത്സരത്തില്‍ ഇന്ത്യ വിജയിച്ചതിനാല്‍ പ്ലെയിങ് ഇലവനില്‍ അഴിച്ചുപണി നടത്താന്‍ സാധ്യത കുറവാണ്. അതേസമയം ടി-20യിലെ ഫസ്റ്റ് ഓപ്ഷന്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് നിന്നാണ് സഞ്ജുവിനെ അപ്രതീക്ഷിതമായി ഒഴിവാക്കിയത്. മൂന്നാം മത്സരത്തില്‍ കുല്‍ദീപ് യാദവിനെ മാറ്റി അര്‍ഷ്ദീപ് സിങ്ങിനും അവസരം നല്‍കിയിരുന്നു.
വൈസ്‌ക്യാപ്റ്റനായി ശുഭ്മന്‍ ഗില്‍ വന്നതോടെ ഓപ്പണിങ് പൊസിസഷനില്‍ മിന്നും പ്രകടനം നടത്തിയ സഞ്ജുവിന്റെ പൊസിഷന്‍ മാറ്റിയിരുന്നു. എന്നാല്‍ ഓപ്പണിങ്ങില്‍ ഗില്‍ പൂര്‍ണ മായി പരാജയപ്പെടുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. അടുത്ത മത്സരത്തിലും ഗില്‍ റണ്‍സ് നേടിയില്ലെങ്കില്‍ സഞ്ജുVS ഗില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുമെന്നത് ഉറപ്പാണ്. പല മുന്‍ താരങ്ങളും സഞ്ജുവിന് നേരത്തെ പിന്തുണ നല്‍കിയിരുന്നു. ഓപ്പണിങ്ങില്‍ ഗില്‍ റണ്‍സ് നേടുന്നില്ലെന്നും ഇത് സഞ്ജുവിനോട് ചെയ്യുന്ന തികഞ്ഞ അവഗണയാണെന്നും മുന്‍ താരം ക്രിസ് ശ്രീകാന്ത് പറഞ്ഞിരുന്നു.
ഇതോടെ ഒരു സൂപ്പര്‍ മൈല്‍ സ്റ്റോണിലെത്താനുള്ള സഞ്ജുവിന്റെ അവസരവും മങ്ങുകയാണ്. ഇനി വെറും അഞ്ച് റണ്‍സ് നേടിയാല്‍ ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി-20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാകാനുള്ള അവസരമാണ് സഞ്ജുവിനുള്ളത്. ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന 12ാമത് താരമാകാനും സഞ്ജുവിന് സാധിക്കും.
നിലവില്‍ ടി-20യില്‍ 43 ഇന്നിങ്സില്‍ നിന്ന് 995 റണ്‍സാണ് സഞ്ജു നേടിയത്. 111 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ഫോര്‍മാറ്റില്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. 25.5 എന്ന ആവറേജിലാണ് താരത്തിന്റെ റണ്‍വേട്ട. 147.4 എന്ന സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്. കൂടാതെ മൂന്ന് സെഞ്ച്വറികളും മൂന്ന് അര്‍ധ സെഞ്ച്വറികളും നേടാന്‍ സഞ്ജുവിന് സാധിച്ചു.