തെയ്യംകെട്ടിന്റെ മറവിലുള്ള വന്യമൃഗവേട്ട ഇപ്പോഴും വ്യാപകം; ഓരോ വര്‍ഷവും കൊന്നൊടുക്കുന്നത് 200ഓളം വന്യജീവികളെ
Environment
തെയ്യംകെട്ടിന്റെ മറവിലുള്ള വന്യമൃഗവേട്ട ഇപ്പോഴും വ്യാപകം; ഓരോ വര്‍ഷവും കൊന്നൊടുക്കുന്നത് 200ഓളം വന്യജീവികളെ
ജിന്‍സി ടി എം
Monday, 4th March 2019, 11:42 am

ആചാരത്തിന്റെ പേരില്‍ സംരക്ഷിതഗണത്തില്‍പ്പെട്ടവയുള്‍പ്പെടെയുള്ള മൃഗങ്ങളെ വേട്ടയാടി കൊല്ലുക, ഒടുക്കം വിശ്വാസികള്‍ക്ക് അതിന്റെ മാംസം പാകം ചെയ്ത് പ്രസാദമായി നല്‍കുക, കേരളത്തിന്റെ വടക്കേ അറ്റത്തെ ജില്ലയായ കാസര്‍കോട് കാലങ്ങളായി തുടരുന്ന നിയമലംഘനമാണിത്. വിവിധയിനത്തില്‍പ്പെട്ട 200ഓളം വന്യമൃഗങ്ങളാണ് ഓരോ വര്‍ഷവും ഈ ആചാരത്തിന്റെ പേരില്‍ കൊല്ലപ്പെടുന്നത്. കഴിഞ്ഞദിവസം ഈ മൃഗവേട്ടയ്ക്കായി തിരിച്ച അഞ്ചംഗ സംഘം വനംവകുപ്പിന്റെ പിടിയിലായതോടെ വീണ്ടും ഈ മൃഗവേട്ട ചര്‍ച്ചയാവുകയാണ്.

പയല്‍വെള്ളം എന്ന സ്ഥലത്തുനിന്നാണ് മൃഗവേട്ടയ്ക്കായി പുറപ്പെട്ട അഞ്ചംഗ സംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇവരിപ്പോള്‍ റിമാന്‍ഡിലാണ്. ഏഴു തോക്കുകളാണ് ഇവരില്‍ നിന്ന് കണ്ടെടുത്തതെന്ന് പ്രദേശത്തെ ഫോറസ്റ്റ് റേഞ്ച് ഓഫീസറായ എന്‍. അനില്‍കുമാര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.

 

മാര്‍ച്ച് 2 ശനിയാഴ്ചയും വയനാട്ടുകുലവന്‍ തെയ്യംകെട്ടിനോട് അനുബന്ധിച്ച് ബപ്പിടല്‍ (മൃഗബലി) നടന്നുവെന്ന് സ്ഥിരീകരിക്കുന്ന മാധ്യമ റിപ്പോര്‍ട്ട്‌

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വയനാട്ടു കുലവന്‍ തെയ്യം കെട്ട് ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന “ബപ്പിടല്‍” എന്ന ചടങ്ങിന്റെ പേരു പറഞ്ഞാണ് ഈ മൃഗവേട്ട നടത്തുന്നത്. ആളുകള്‍ പല കൂട്ടമായി തോക്കുകളുമായി കാട്ടിലേക്കു പോകുകയും കിട്ടാവുന്നത്ര മൃഗങ്ങളെ വേട്ടയാടി കൊണ്ടുവരികയുമാണ് ചെയ്യുക. പന്നി, മലമാന്‍, അണ്ണാന്‍, കൂരന്‍ തുടങ്ങി സംരക്ഷിത പട്ടികയിലുള്ളതും അല്ലാത്തതുമായ എല്ലാ മൃഗങ്ങളെയും ഇവര്‍ വേട്ടയാടും. മരിച്ചുവീണ മൃഗങ്ങളെ അതേപടി വയനാട്ടുകുലവനു മുമ്പില്‍ സമര്‍പ്പിക്കും. കുലവന്റെ സഹചാരി ദൈവമായ കണ്ടനാര്‍ കേളന്റെ വെള്ളാട്ടം നിരത്തിക്കിടത്തിയ വേട്ടമൃഗങ്ങള്‍ക്കു മേല്‍ കന്നക്കത്തി എന്ന നായാട്ടു കത്തി കൊണ്ടു വരയും ഇതാണ് ബപ്പിടല്‍. അതിനു ശേഷം വേട്ടമാംസം പാകം ചെയ്തു പ്രസാദമായി നല്‍കും.

നായാട്ടിനായി പോകവേ പയല്‍വള്ളത്തില്‍ നിന്ന് പിടിയിലായവര്‍

കാസര്‍കോട് ജില്ലയില്‍ “പരസ്യമായ രഹസ്യമായി” ഈ ചടങ്ങ് തുടരുമ്പോഴും നിയമത്തിന്റെ പിന്‍ബലമുണ്ടായിട്ടും ഇക്കാലയവളില്‍ വലിയ തോതില്‍ കേസുകളൊന്നും ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. രജിസ്റ്റര്‍ ചെയ്ത കേസുകളാകട്ടെ പലതരത്തില്‍ അട്ടിമറിക്കപ്പെടുകയാണുണ്ടായതെന്നാണ് പ്രദേശത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.

1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരവും ജൈവവൈവിധ്യ നിയമപ്രകാരവും ഈ മൃഗവേട്ടയ്‌ക്കെതിരെ നടപടിയെടുക്കാം. വേട്ടയാടിക്കൊണ്ടുവരുന്ന മൃഗങ്ങളില്‍ പലതും സംരക്ഷിത ഗണത്തില്‍പ്പെട്ടവയാണ്. ഇത്തരം മൃഗങ്ങളെ വേട്ടയാടി കൊല്ലുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കൂടാതെ ജൈവവൈവിധ്യ നിയമപ്രകാരം ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജൈവവൈവിധ്യ ബോര്‍ഡിന് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ റിപ്പോര്‍ട്ടു ചെയ്യാം.

നായാട്ടു സംഘത്തില്‍ നിന്നും പിടികൂടിയ ആയുധങ്ങള്‍

ഈ നിയമങ്ങള്‍ നിലനില്‍ക്കെ ഇത്തരം കുറ്റകൃത്യങ്ങള്‍ ഇന്നും തുടരുന്നതിനു കാരണം ഉദ്യോഗസ്ഥ തലത്തിലുള്ള കെടുകാര്യസ്ഥതയാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. ആചാരങ്ങളുടെ മറവിലും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയും കുറ്റവാളികളെ സംരക്ഷിക്കാനാണ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റടക്കം ശ്രമിക്കുന്നത്. മൃഗവേട്ടയുമായി ബന്ധപ്പെട്ട കേസുകള്‍ എങ്ങനെ അട്ടിമറിക്കപ്പെട്ടുവെന്ന കാര്യം പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും ഇവര്‍ പറയുന്നു.

വേട്ടയാടുന്നവരെ പിടികൂടുമ്പോള്‍ അവരില്‍ നിന്നും പിടിച്ചെടുക്കുന്ന മാംസം സീല്‍ ചെയ്ത് സൂക്ഷിക്കണമെന്നാണ് ചട്ടം. എന്നാല്‍ പലപ്പോഴും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഇത് ചെയ്യാറില്ല. പിടിച്ചെടുത്ത സാമ്പിള്‍ പരിശോധനയ്ക്ക് അയക്കാത്തതു മൂലം പല കേസുകളും തള്ളിപ്പോയ സ്ഥിതിയുണ്ടെന്നും പേരു വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ വനംവകുപ്പിലെ ഒരു ജീവനക്കാരന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു. കുറ്റവാളികള്‍ക്കുള്ള ഉന്നത ബന്ധമാണ് ഇതിനു കാരണമെന്നും ജീവനക്കാരന്‍ പറയുന്നു.

 

ബപ്പിടലിനായി കൊണ്ടുവന്ന മൃഗങ്ങള്‍ (പഴയകാല ചിത്രം)

ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കന്മാരുമൊക്കെയാണ് തെയ്യം നടത്തിപ്പിന്റെ സ്വാഗത സംഘത്തിലും നടത്തിപ്പു കമ്മിറ്റിയിലുമൊക്കെയുണ്ടാവുക. ഡി.എഫ്.ഒ, കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ടാവാറുണ്ട്. അതുകൊണ്ടുതന്നെ ഇത് റിപ്പോര്‍ട്ടു ചെയ്യപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകനായ ഡോ.ഇ ഉണ്ണിക്കൃഷ്ണന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞത്.

കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ തോക്കിന് ലൈസന്‍സ് നല്‍കുന്നതും മൃഗവേട്ടയ്ക്ക് പ്രചോദനമാകുന്നുണ്ട്. കൃഷി ആവശ്യത്തിനെന്നു പറഞ്ഞാണ് പലരും റവന്യൂ വകുപ്പില്‍ നിന്നും തോക്കിന് ലൈസന്‍സ് നേടുന്നത്. കൃഷി നശിപ്പിക്കുന്ന മൃഗങ്ങളെ തടയാന്‍ എയര്‍ഗണ്‍, പടക്കം പോലുള്ളവ ഉപയോഗിച്ചാല്‍ മതിയാവുമെന്നിരിക്കെയാണ് ഇതിന് തോക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നത്. നിയമപരമായി കൈവശം വെച്ചിരിക്കുന്ന തോക്കുകള്‍ക്കു പുറമേ കള്ളത്തോക്കുകളും ഈ മേഖലയില്‍ വ്യാപകമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.

നായാട്ടു സംഘം (പഴയകാല ചിത്രം)

തിയ്യ സമുദായത്തിന്റെ പരമ്പരാഗത ആചാരവുമായി ബന്ധപ്പെട്ടാണ് വയനാട്ടു കുലവന്‍ ആരാധിക്കപ്പെടുന്നത്. ബപ്പിടല്‍ ചടങ്ങ് ആചാരത്തിന്റെ ഭാഗമാണെന്നു പറഞ്ഞാണ് ഇതിനുവേണ്ടി വാദിക്കുന്നവര്‍ മൃഗവേട്ടയെ ന്യായീകരിക്കുന്നത്. എന്നാല്‍ കണ്ണൂര്‍ ജില്ലയിലുള്‍പ്പെടെ നേരത്തെ ബപ്പിടല്‍ ചടങ്ങ് നടത്തിയ പലയിടങ്ങളിലും ഇപ്പോള്‍ ഈ ചടങ്ങിന്റെ ഭാഗമായി നായാട്ട് നടത്താറില്ല. ബപ്പിടലിന് പ്രതീകാത്കമായി ചുട്ട തേങ്ങാപ്പൂളോ കനലില്‍ ചുട്ട പലഹാരമോ സമര്‍പ്പിക്കുകയാണ്  കണ്ണൂരില്‍ ചെയ്യുന്നതെന്ന് ഉണ്ണിക്കൃഷ്ണന്‍ പറയുന്നു.

കാസര്‍ഗോഡിന്റെ വടക്കന്‍ മേഖലയില്‍ അനവധി വയനാട്ടുകുലവന്‍ ആരാധനാ സ്ഥലങ്ങളുണ്ട്. ഏറ്റവും തെക്ക് മയിച്ചയില്‍ 32 കൊല്ലം മുമ്പ് വന്‍ തോതിലുള്ള നായാട്ടോട് കൂടി തെയ്യം കെട്ട് നടന്നതോടെയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഈ അനുഷ്ഠാന ക്രൂരതയ്ക്ക് എതിരെ ശബ്ദിച്ചു തുടങ്ങിയത്. എന്നാല്‍ 3 പതിറ്റാണ്ടിനു ശേഷം കഴിഞ്ഞ വര്‍ഷം വീണ്ടും കാരിയം കോട് പുഴയരികിലെ ഈ ഗ്രാമത്തില്‍ നായാട്ടോടെ തെയ്യം കെട്ട് നടന്നു. ഇത്തരം കേസുകളില്‍ ശിക്ഷാഭയമില്ലായ്മയാണ് മൃഗവേട്ട തുടര്‍ന്നുപോകാന്‍ നാട്ടുകാര്‍ക്ക് പ്രചോദനമാകുന്നത്. ഒരു കൊല്ലം ആറോ ഏഴോ സ്ഥലത്തെങ്കിലും ഇപ്പോഴും വയനാട്ടുകുലവന്‍ തെയ്യംകെട്ട് നടക്കാറുണ്ടെന്നാണ് ഉണ്ണിക്കൃഷ്ണന്‍ പറയുന്നത്.

ബപ്പിടലിനായി കൊണ്ടുവന്ന മൃഗങ്ങള്‍ (പഴയകാല ചിത്രം)

രാത്രി 11 നുശേഷമാണ് ബപ്പിടല്‍ നടത്തുന്നത്. സംശയമുള്ളവരെ നിരീക്ഷിക്കുകയും ചെയ്യും. എല്ലാവര്‍ക്കും പ്രവേശനമുണ്ടെങ്കിലും മൊബൈല്‍, ക്യാമറ എന്നിവ ആ സമയത്ത് സംഘാടകരെ ഏല്‍പ്പിക്കണം. ചടങ്ങിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കാറില്ലെന്നും അദ്ദേഹം പറയുന്നു.

ജിന്‍സി ടി എം
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.