ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് വന്‍വിജയമായ മോഹന്‍ലാല്‍ ചിത്രമാണ് തുടരും. 16 വര്‍ഷത്തിന് ശേഷം ശോഭനയും മോഹന്‍ലാലും ഒരുമിച്ച് എത്തിയ സിനിമ കൂടിയായിരുന്നു ഇത്.
ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ചും സിനിമയുടെ ഷൂട്ടിങ്ങിനെ കുറിച്ചും സംസാരിക്കുകയാണ് നിര്‍മാതാവ് രജപുത്ര രഞ്ജിത്. മോഹന്‍ലാല്‍ തുടരും സിനിമയ്ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും മറ്റൊരാള്‍ക്കും അങ്ങനെ ചെയ്യാന്‍ പറ്റുമെന്ന് തനിക്ക് തോന്നുന്നില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
രാത്രി മുഴുവന്‍ മഴ നനഞ്ഞ് കൊണ്ടാണ് മോഹന്‍ലാല്‍ തന്റെ സീനുകള്‍ ഷൂട്ട് ചെയ്തതെന്നും ഒടുവില്‍ അദ്ദേഹത്തിന് പനി പിടിച്ചെന്നും രഞ്ജിത് പറയുന്നു. തന്റെ മുന്നില്‍ വെച്ച് മോഹന്‍ലാല്‍ ഡോക്ടറെ വിളിക്കുകയും ഹൈ ഡോസ് മരുന്ന് വാങ്ങി കഴിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വണ്‍ ടു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിര്‍മാതാവ്.
‘ലാലേട്ടന്‍ സിനിമയ്ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. മറ്റൊരാള്‍ക്കും അങ്ങനെ ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. രാത്രി മുഴുവന്‍ ഷൂട്ടിങ്ങായിരുന്നു. അതും മഴ നനഞ്ഞ് കൊണ്ടുള്ള ഷൂട്ടാണ്. എത്രയോ മണിക്കൂറുകളാണ് ലാലേട്ടന്‍ മഴയത്ത് നിന്നത്.
അതും തുടര്‍ച്ചായി മഴയത്ത് നിന്നിട്ട് തന്നെയാണ് ഷൂട്ട് ചെയ്തത്. പലപ്പോഴും പനി പിടിച്ചിട്ടാണ് അദ്ദേഹം തന്റെ സീനുകള്‍ ഷൂട്ട് ചെയ്തത്. പൊലീസ് സ്റ്റേഷനിലെ ഫൈറ്റ് എടുക്കുന്ന സമയത്ത് നടന്നത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്.
അന്ന് ആ സീന്‍ ഷൂട്ട് ചെയ്യുന്നതിന്റെ രണ്ടാം ദിവസം എനിക്ക് രാവിലെ ഒരു ഫോണ്‍ കോള്‍ വന്നു. ‘രഞ്ജിത്തേ കുഴഞ്ഞല്ലോ. എനിക്ക് അതിഭീകര പനിയാണ്’ എന്നായിരുന്നു ലാലേട്ടന്‍ ആ കോളിലൂടെ പറഞ്ഞത്. ഞാന്‍ അപ്പോള്‍ തൊട്ടടുത്ത മുറിയിലായിരുന്നു ഉണ്ടായിരുന്നത്.
ഞാന്‍ നേരെ അദ്ദേഹത്തിന്റെ മുറിയിലേക്ക് ചെന്നു. അടുത്തേക്ക് ചെന്നിട്ട് തൊട്ടുനോക്കുമ്പോള്‍ ആള്‍ക്ക് നല്ല പനിയാണ്. ‘എനിക്ക് തീരെ പറ്റുന്നില്ല. എന്താണ് ചെയ്യുക?’ എന്ന് ലാലേട്ടന്‍ ചോദിച്ചു. ‘ഇന്ന് ഷൂട്ട് വേണ്ട’ എന്നായിരുന്നു എന്റെ മറുപടി. എന്നാല്‍ അദ്ദേഹം അതിന് സമ്മതിച്ചില്ല.
‘അതുവേണ്ട. ഇത്രയും ആളുകളെ വെയിറ്റ് ചെയ്യിക്കാന്‍ പറ്റില്ല. ഞാന്‍ എന്തായാലും നോക്കട്ടെ. ഇല്ലെങ്കില്‍ വലിയ നഷ്ടം വരും’ എന്നായിരുന്നു അന്ന് ലാലേട്ടന്‍ പറഞ്ഞത്. അതൊന്നും പ്രശ്‌നമില്ലെന്ന് പറഞ്ഞിട്ടും അദ്ദേഹം സമ്മതിച്ചില്ല.
എന്റെ മുന്നില്‍ വെച്ച് തന്നെ ലാലേട്ടന്‍ ഡോക്ടറെ വിളിക്കുകയും ഹൈ ഡോസ് മരുന്ന് വാങ്ങി കഴിക്കുകയും ചെയ്തു. എന്നിട്ട് ഞങ്ങള്‍ ഒരുമിച്ചാണ് സെറ്റിലേക്ക് പോയത്. അതില്‍ ചാട്ടം ചാടുന്ന സീനൊക്കെ ഈ പനിയും വെച്ചിട്ടാണ് ചെയ്തത്. എനിക്ക് അത് ആലോചിക്കാന്‍ പോലും പറ്റില്ല,’ രഞ്ജിത് പറയുന്നു.
Content Highlight: Renjith Rejaputhra Talks About Mohanlal’s Dedication Towards Thudarum Movie