'നേരാ തിരുമേനി..' എന്ന സീൻ കട്ട്‌ ചെയ്യാൻ പറഞ്ഞ സെൻസർ ബോർഡിനോട് പോയി പണി നോക്കാൻ പറഞ്ഞു; രഞ്ജി പണിക്കർ
Malayalam Cinema
'നേരാ തിരുമേനി..' എന്ന സീൻ കട്ട്‌ ചെയ്യാൻ പറഞ്ഞ സെൻസർ ബോർഡിനോട് പോയി പണി നോക്കാൻ പറഞ്ഞു; രഞ്ജി പണിക്കർ
നന്ദന എം.സി
Monday, 18th May 2026, 3:31 pm

മലയാള സിനിമയിൽ ഇന്നും പ്രേക്ഷകർ ആവേശത്തോടെ ഓർക്കുന്ന ചിത്രങ്ങളിലൊന്നാണ് ലേലം. ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് രഞ്ജി പണിക്കർ ആയിരുന്നു.

മധ്യകേരളത്തിലെ അബ്‌കാരി കുടുംബങ്ങളുടെ കഥ പറഞ്ഞ ചിത്രം തിയേറ്ററുകളിൽ വൻ വിജയമായതോടൊപ്പം, ശക്തമായ ഡയലോഗുകളും രാഷ്ട്രീയ-സാമൂഹിക പരാമർശങ്ങളും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ ഒരു പ്രശസ്ത രംഗം സെൻസർ ബോർഡ് ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് രഞ്ജി പണിക്കർ.

‘നേരാ തിരുമേനി ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല’ എന്ന ഡയലോഗ് ഉൾപ്പെട്ട മുഴുവൻ സീനും നീക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നുവെന്നാണ് രഞ്ജി പണിക്കർ പറയുന്നത്.

മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന രംഗമാണിതെന്നായിരുന്നു ബോർഡിന്റെ വിലയിരുത്തൽ. എന്നാൽ ആ തീരുമാനത്തിനെതിരെ താൻ ശക്തമായി പ്രതികരിച്ചുവെന്നും ഒരു കട്ട് പോലും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

‘ നേരാ തിരുമേനി ഈപ്പച്ചൻ പള്ളിപോയിട്ടില്ല’ എന്ന സീൻ കട്ട്‌ ചെയ്യാൻ പറഞ്ഞ സെൻസർ ബോർഡിനോട് പോയി പണി നോക്കാൻ പറഞ്ഞു. ഒരു കട്ട് പോലും ചെയ്യാൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞു. കോടതിയിൽ പോകുമെന്നും വ്യക്തമാക്കി. അവസാനം അവർ സമ്മതിക്കുകയായിരുന്നു,’ എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ലേലം മൂവി , Photo: YouTube/ Screengrab

സഭാ നേതൃത്വങ്ങളെ ആക്ഷേപിക്കുന്ന രംഗമാണിതെന്ന് സെൻസർ ബോർഡ് ചൂണ്ടിക്കാട്ടിയപ്പോൾ, ‘സെൻസർഷിപ്പിന്റെ ഗൈഡ്‌ലൈൻസിൽ അങ്ങനെ എന്താണ് പറയുന്നത്? ഈ രാജ്യത്ത് ഫ്രീഡം ഓഫ് എക്സ്പ്രെഷൻ ഉണ്ട്. അതിന്റെ പരിധിക്കുള്ളിൽ നിന്നാണ് സിനിമ സംസാരിക്കുന്നത്,’ എന്നായിരുന്നു തന്റെ മറുപടിയെന്നും അദ്ദേഹം പറഞ്ഞു.

സിനിമ നിർമിക്കുമ്പോഴേ ഇത്തരം വിവാദങ്ങൾ ഉണ്ടാകാമെന്ന് അറിയാമായിരുന്നുവെന്നും അതിനെ നേരിടാൻ തയ്യാറായിരുന്നുവെന്നും രഞ്ജി പണിക്കർ വ്യക്തമാക്കി.

വർഷങ്ങൾ കഴിഞ്ഞിട്ടും ലേലം ഇന്നും ചർച്ചയാകുന്നതിന് പ്രധാന കാരണം അതിലെ ശക്തമായ രാഷ്ട്രീയം കലർന്ന സംഭാഷണങ്ങളാണെന്നാണ് ആരാധകർ പറയുന്നത്. ഇപ്പോഴത്തെ രഞ്ജി പണിക്കറുടെ ഈ വെളിപ്പെടുത്തലും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

Content Highlight: Renji Panicker says the censor board asked him to cut a scene from the movie Lelam.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.