പാഠപുസ്തകങ്ങളില്‍ നിന്ന് ചരിത്രത്തിന്റെ തുടര്‍ച്ചയെ മുറിച്ചുമാറ്റുന്നത് അസംബന്ധം: റോമില ഥാപ്പര്‍
Trending
പാഠപുസ്തകങ്ങളില്‍ നിന്ന് ചരിത്രത്തിന്റെ തുടര്‍ച്ചയെ മുറിച്ചുമാറ്റുന്നത് അസംബന്ധം: റോമില ഥാപ്പര്‍
യെലന കെ.വി
Monday, 26th January 2026, 11:56 am

കോഴിക്കോട്: സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് മുകള്‍ ചരിത്രം എടുത്തുമാറ്റിയതിനെതിരെ വിമര്‍ശനവുമായി ചരിത്രകാരി റോമില ഥാപ്പര്‍. ചരിത്രമെന്നത് ഒരു തുടര്‍ച്ചയാണ് അതിനെ കഷണങ്ങളാക്കി മുറിച്ചുമാറ്റാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. കേരള ലിറ്ററര്‍ ഫെസ്റ്റിവലില്‍ ‘ചരിത്ര രചനയിലെ സ്ത്രീകള്‍’ എന്ന സെഷനില്‍ സംസാരിക്കവെയാണ് റോമില എന്‍.സി.ഇ.ആര്‍.ടി പുസ്തക പരിഷ്‌കരണത്തെ വിമര്‍ശിച്ചത്.

ചരിത്രത്തിലെ ചില ഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കുന്നതും അവ പഠിക്കേണ്ടതില്ലെന്ന് പറയുന്നതും തികച്ചും അസംബന്ധമാണ്. ജനങ്ങളുടെ സംസ്‌കാരത്തിന്റെയും പെരുമാറ്റരീതികളുടെയും പരിണാമമാണ് ചരിത്രം. ആ തുടര്‍ച്ചയെ മുറിച്ചുമാറ്റുന്നത് ചരിത്രത്തെ തന്നെ അര്‍ത്ഥശൂന്യമാക്കും,റോമില ഥാപ്പര്‍ വ്യക്തമാക്കി.

സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്ന ജനപ്രിയ ചരിത്രം യഥാര്‍ത്ഥ ചരിത്ര രചനകളെ അസാധുവാക്കുന്നു. ചരിത്രം ഉദ്ധരിക്കുമ്പോള്‍ അതിന്റെ സ്രോതസ്സ് പ്രൊഫഷണല്‍ ചരിത്രക്കാരന്‍മാരുടെ രചനകളില്‍ നിന്ന് തന്നെയാണോ അതോ സോഷ്യല്‍ മീഡിയയിലെ പ്രചാരണം മാത്രമാണോയെന്ന് ഉറപ്പുവരുത്താന്‍ വിദ്യാര്‍ത്ഥികളും പൊതുസമൂഹവും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ചരിത്രരചനയിലെ സ്ത്രീപക്ഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്ത്രീകളുടെ സ്വയംഭരണാധികാരത്തെക്കുറിച്ചും റോമില ഥാപ്പര്‍ പറഞ്ഞു.

2025 -2026 അധ്യയന വര്‍ഷത്തിലേക്കുള്ള എന്‍.സി. ഇ.ആര്‍.ടി ഏഴാം ക്ലാസ് പാഠപുസ്തകങ്ങളില്‍ നിന്ന് ദല്‍ഹി സുല്‍ത്താനേറ്റ്, മുകള്‍ സാമ്രാജ്യം തുടങ്ങിയ ഭാഗങ്ങള്‍ ഒഴിവാക്കുകയും തുടര്‍ന്ന് മഗധ, മൗര്യ, ശുംഗ, ശതവാഹന തുടങ്ങിയ രാജവംശങ്ങളെക്കുറിച്ചുള്ള പുതിയ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് റൊമില ഥാപ്പറിന്റെ പ്രതികരണം.

പാഠപുസ്തകങ്ങളില്‍ നിന്നുള്ള ചരിത്രഭാഗങ്ങള്‍ നീക്കം ചെയ്യുന്നത് കേവലം ഒരു അധ്യായം കുറയ്ക്കുന്ന നടപടിയല്ല, മറിച്ച് രാജ്യത്തിന്റെ ചരിത്രപരമായ തുടര്‍ച്ചയെ ഇല്ലായ്മ ചെയ്യലാണെന്ന് ചരിത്രകാരന്മാര്‍ നേരത്തെ പ്രതികരിച്ചിട്ടുണ്ട്.

content highlight: Removing Mughals from textbooks is nonsense, history must be continuous:Romila Thapar

 

യെലന കെ.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.