പെണ്‍കഴുതപ്പുലിയുടെ ലിംഗം: ശാസ്ത്രത്തിന്റെ ആണ്‍ നോട്ടങ്ങള്‍
Science-Society-Democracy Column
പെണ്‍കഴുതപ്പുലിയുടെ ലിംഗം: ശാസ്ത്രത്തിന്റെ ആണ്‍ നോട്ടങ്ങള്‍
ഡോ. ഷിജു സാം വറുഗീസ്
Wednesday, 6th June 2018, 11:40 am

• ശാസ്ത്രം-സമൂഹം-ജനാധിപത്യം | ഡോ.ഷിജു സാം വറുഗീസ്

ന്തുക്കളുടെ സ്വഭാവ പഠനം ഒരു പ്രധാന ശാസ്ത്രീയ ഗവേഷണ മേഖലയാണ്. മനുഷ്യരെ മൃഗങ്ങളില്‍ നിന്നും വേര്‍തിരിക്കുന്ന ജൈവപരമായ അടിസ്ഥാന സവിശേഷതകള്‍ എന്ത് എന്ന ചോദ്യത്തിനുത്തരം സയന്‍സ് തേടുന്നത് വിശേഷിച്ചും സസ്തനികളെ (മനുഷ്യരും പ്രസവിച്ചു മുലയൂട്ടുന്നവരാണല്ലോ) വിശദമായി പഠിച്ചാണ്.

സമൂഹമായി വസിക്കുന്നയിനം സസ്തനി വര്‍ഗ്ഗങ്ങളില്‍ സയന്‍സിന് പ്രത്യേക താല്പര്യമുണ്ട്. അവരെ നിരീക്ഷിച്ചു പഠിച്ചാല്‍ മനുഷ്യരുടെ സാമൂഹ്യ ബന്ധത്തിന്റെ ജൈവപരമായ അടിസ്ഥാന പ്രത്യേകതകളും പരിണാമപരമായ സവിശേഷതകളും കൂടുതല്‍ മനസ്സിലാക്കാനാവും എന്നതാണ് ഇതിനു കാരണം.

ഈ രംഗത്തെ ഗവേഷകരെ കുഴയ്ക്കുന്ന സ്വഭാവ പ്രത്യേകതകളുള്ള ഒരു ജന്തുവുണ്ട്; കഴുതപ്പുലികള്‍. തൊലിപ്പുറമേ പുള്ളികളുള്ള കഴുതപ്പുലി സ്പീഷീസില്‍ (spotted hyena; Crocuta crocuta) ആണിനെയും പെണ്ണിനെയും കാഴ്ചയില്‍ വേര്‍തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടാണ് (തവിട്ടു നിറക്കാരും തൊലിപ്പുറമേ വരകളുള്ളവരുമാണ് മറ്റു രണ്ട് സ്പീഷീസുകള്‍). പെണ്ണിന് ആണിനെപ്പോലെതന്നെ “ലിംഗ”മുണ്ട് എന്നതാണ് പ്രധാന പ്രശ്‌നം.

അതിനാല്‍ പ്രസവിച്ചു മുലയൂട്ടുന്ന ചുരുങ്ങിയ കാലമൊഴിവാക്കിയാല്‍ പെണ്ണിനെ ആണില്‍ നിന്ന് വേര്‍തിരിച്ചറിയാനാവില്ല. അവളുടെ ഭഗശിശ്‌നിക (clitoris) പുരുഷലിംഗത്തിനു സമാനമാണ്. അതിന് ഉദ്ധാരണ ശേഷിയുമുണ്ട്. മൂത്രനാളി ഇതിലൂടെയാണ് പുറത്തേക്ക് തുറക്കുന്നത്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഇണയുടെ ലിംഗം പ്രവേശിക്കുന്നത് ക്‌ളിറ്റോറിസ്സിലൂടെയാണ്. പ്രസവം നടക്കുന്നതും ഇതില്‍ കൂടെയാണ്.

അതായത്, പുരുഷ ലിംഗത്തെ അനുസ്മരിപ്പിക്കുമ്പോള്‍ തന്നെ, അതില്‍ നിന്നും വ്യത്യസ്തമായ ധര്‍മ്മങ്ങളും പെണ്‍ കഴുതപ്പുലിയുടെ ശിശ്‌നം നിര്‍വ്വഹിക്കുന്നുണ്ട്. എങ്കില്‍പ്പോലും അത് ശാസ്ത്രീയ പഠനങ്ങളില്‍ പൊതുവേ പരാമര്‍ശിക്കപ്പെടുന്നത് “കപട ലിംഗം” (“pseudo-penis” or “male-like appendage”) എന്നാണ്.

ബാഹ്യ യോനി, ഭഗശിശ്‌നിക, ശിശ്‌നം മുതലായ, കുറേക്കൂടി മെച്ചപ്പെട്ട സാങ്കേതിക പദങ്ങള്‍ക്കു പകരം പുരുഷ ലിംഗത്തോടുള്ള താരതമ്യത്തിലധിഷ്ഠിതമായി പെണ്‍ ലൈംഗികാവയവം മനസ്സിലാക്കപ്പെടുന്നു എന്നതു തന്നെ ഈ രംഗത്തെ ശാസ്ത്രീയാന്വേഷണങ്ങളെ പുരുഷമേല്‍ക്കൊയ്മയുടെ പ്രത്യയശാസ്ത്രം എത്ര ആഴത്തില്‍ സ്വാധീനിച്ചിരിക്കുന്നു എന്നതിന് തെളിവാണ്.

പെണ്‍ കഴുതപ്പുലികളുടെ സാമൂഹിക സ്വഭാവവും തീരെ “സ്‌ത്രൈണ”പരമല്ല. കൂട്ടമായി ജീവിക്കുന്നവരാണ് കഴുതപ്പുലികള്‍. മാതൃദായക സമ്പ്രദായമാണ് അവ പിന്തുടരുന്നത്. ആണുങ്ങള്‍ പെണ്ണുങ്ങളുടെ അധികാരത്തിന് കീഴിലാണെന്ന് മാത്രമല്ല, പ്രായപൂര്‍ത്തിയായാല്‍ കൂട്ടം വിട്ടു പോകേണ്ടിയും വരും.

ഒരു പറ്റത്തിലുള്ള അമ്മയുടെ സാമൂഹികസ്ഥാനം നേരെ മകള്‍ക്കാണ് കിട്ടുക. കൂട്ടം വിട്ടു പോകുന്ന ആണുങ്ങള്‍ മറ്റു കൂട്ടങ്ങളില്‍ ചെന്നു ചേര്‍ന്ന് അടങ്ങിയൊതുങ്ങി കഴിയും. ഇരതേടലിനു നേതൃത്വം നല്‍കുന്നതും കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും സ്ത്രീകള്‍ ആണ്. ആക്രമണോത്സുകത പെണ്ണുങ്ങള്‍ക്ക് ആണുങ്ങളെക്കാളും ജാസ്തിയാണ്. പെണ്ണിന് ആണിനെക്കാളും ഒരല്‍പം വലിപ്പക്കൂടുതലുണ്ടെങ്കിലും സൂക്ഷ്മപരിശോധനയിലേ ഈ വ്യത്യാസം മനസ്സിലാകൂ.

അതായത്, നമ്മള്‍ പൊതുവേ സസ്തനികളെ മനസ്സിലാക്കാനുപയോഗിക്കുന്ന ലിംഗപരമായ ധാരണകള്‍ കഴുതപ്പുലികളുടെ കാര്യത്തില്‍ കുഴഞ്ഞു മറിയുന്നു. തികച്ചും പ്രകൃതിദത്തമെന്നു കരുതുന്ന സ്ത്രീ-പുരുഷ ലിംഗഭേദവും അതിനനുസൃതമെന്നു ധരിച്ചുവെച്ചിരിക്കുന്ന സ്വഭാവഗുണങ്ങളും പുരുഷാധിപത്യപരമായ സാമൂഹിക അധികാര ബന്ധങ്ങളുമൊക്കെ കഴുതപ്പുലികള്‍ പിന്തുടരുന്നില്ല എന്നതിനാല്‍ മറ്റു സസ്തനികളെ പഠിക്കുന്നതിന് ഉപയോഗിക്കുന്ന ഗവേഷണ രീതികള്‍ കഴുതപ്പുലി പഠിതാക്കള്‍ക്ക് പിന്തുടരാനാവില്ല.

അതേ സമയം തന്നെ ഈ ജന്തുക്കളെ പഠിക്കുന്നത് സാമൂഹികമായി സ്വീകാര്യമായതും പ്രകൃതിദത്തമെന്നു നമ്മള്‍ കരുതുന്നതുമായ ജൈവശീലങ്ങളില്‍ നിന്നും ഉള്ള വ്യതിയാനങ്ങളെ മനസ്സിലാക്കുന്നതിന് ഉപകരിക്കും എന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞു.

അതായത്, പെണ്‍ കഴുതപ്പുലി ഗവേഷണ താല്പര്യം ഉണര്‍ത്തുന്നത് അവളുടെ അസാധാരണ ലിംഗനിലയും തീര്‍ത്തും അസ്‌ത്രൈണമായ സ്വഭാവങ്ങളും കാരണമാണ്. മറ്റു സസ്തനികളില്‍ നിന്നും വ്യത്യസ്തമായ, ലൈംഗികമായ അപവാദാവസ്ഥയിലുള്ള ശരീരം എന്ന നിലയിലാണ് പെണ്‍ കഴുതപ്പുലികള്‍ ശാസ്ത്രത്തിനു പ്രധാനമാകുന്നത്.

മിക്ക സമൂഹങ്ങളിലും കഴുതപ്പുലികളെ സാംസ്‌കാരികമായി പ്രതിനിധാനം ചെയ്യുന്നത് അതിന്റെ വിചിത്ര ശരീരത്തിന്റെ പ്രത്യേകതകള്‍ വെച്ചിട്ടാണ്. വിരുദ്ധ സ്വഭാവങ്ങളുള്ള രണ്ടു മൃഗങ്ങളുടെ പേരുകള്‍ കൂട്ടിച്ചേര്‍ത്ത് “കഴുതപ്പുലി” എന്ന് നമ്മള്‍ മലയാളികള്‍ അതിനെ വിളിക്കുന്നതില്‍ തന്നെ ഈ സമീപനം വ്യക്തമാണ്.

ചരിത്രപരമായിത്തന്നെ കഴുതപ്പുലികളെ തിന്മയുമായും പൈശാചികതയുമായും ബന്ധപ്പെടുത്തിയാണ് കണ്ടിരുന്നത്. “കഴുതപ്പുലിയുടെ ചിരി” ഇന്നും നമുക്ക് കാപട്യത്തിന്റെ പ്രതീകമാണല്ലോ. “ഉഭയലിംഗിയായ പിശാചാ”യാണ് (“hermaphrodite demon”) അവയുടെ സാംസ്‌കാരിക പ്രതിനിധാനം.

ആണിനും പെണ്ണിനും “ലിംഗ”മുള്ളതുകൊണ്ട് കഴുതപ്പുലിയുടെ ലൈംഗികബന്ധം സ്വവര്‍ഗഭോഗമായി തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. അവയുടെ ഇരതേടലിനെക്കുറിച്ചുമുണ്ട് ഇത്തരം തെറ്റിദ്ധാരണകള്‍. അവ മറ്റു ജീവികള്‍ കൊന്ന മൃഗങ്ങളുടെ അവശിഷ്ടങ്ങളാണ് ഭക്ഷിക്കുന്നത് എന്നാണ് നമ്മുടെ ധാരണ. തന്മൂലം വൃത്തിഹീനതയുമായി ഈ മൃഗത്തെ നമ്മള്‍ ബന്ധിപ്പിക്കുന്നു. എന്നാല്‍ നായാടി ഇരപിടിക്കുന്ന ജീവികള്‍ക്കൂടിയാണ് ഇവര്‍. കഴുതപ്പുലികള്‍ വേട്ടയാടിപ്പിടിച്ച ഇരയുടെ അവശിഷ്ടം ഭക്ഷിക്കുന്ന സിംഹക്കൂട്ടങ്ങളെ ഗവേഷകര്‍ നിരീക്ഷിച്ചിട്ടുണ്ട്!

ആധുനിക കാലത്തെ സാഹിത്യത്തിലും മറ്റു സാംസ്‌കാരിക പ്രതിനിധാനങ്ങളിലും കഴുതപ്പുലികള്‍ deviance-ന്റെ സൂചകം തന്നെ. ആദ്യകാല ഫെമിനിസ്റ്റ് ആയ മേരി വൂള്‍സ്റ്റണ്‍ക്രാഫ്റ്റിനെ (Mary Wollstonecraft) ഹോറയ്‌സ് വാല്‍പോള്‍ (Horace Walpole) കളിയാക്കിയത് “പെറ്റിക്കോട്ടിട്ട കഴുതപ്പുലി” എന്നായിരുന്നു! “ദി ലയണ്‍ കിംഗ്” പോലെയുള്ള സിനിമകളിലും ഈ ജന്തുവിനെ ദുഷ്ടതയുമായി ബന്ധപ്പെടുത്തുന്നത് ശ്രദ്ധിക്കുക.

സയന്‍സ് ഇത്തരം സാംസ്‌കാരിക മുന്‍വിധികളില്‍ നിന്നും അകന്നു നില്‍ക്കുന്നുവെന്നും വസ്തുനിഷ്ഠമായാണ് അത് പ്രകൃതിയെ സമീപിക്കുന്നതെന്നും ഉള്ള ധാരണകളെ പക്ഷെ കഴുതപ്പുലികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനരംഗത്തെകുറിച്ചുള്ള സാമൂഹ്യശാസ്ത്ര വിശകലനം തകിടം മറിക്കുന്നു.

ഈ മൃഗത്തെക്കുറിച്ചുള്ള സാംസ്‌കാരികമായ മുന്‍വിധികള്‍ അതേ രൂപത്തില്‍ ആധുനിക ശാസ്ത്രത്തിന്റെ അറിവ് നിര്‍മ്മാണപ്രക്രിയയില്‍ അദൃശ്യ സാന്നിധ്യമാകുന്നു എന്ന് കാണാം. ലിംഗഭേദങ്ങളെക്കുറിച്ച് സ്ത്രീ-പുരുഷ വ്യത്യാസങ്ങളിലൂന്നി ചിട്ടപ്പെടുത്തിയിരിക്കുന്ന സാംസ്‌കാരിക ധാരണകള്‍ക്ക് ഭീഷണിയാകുന്ന ശരീരവും സ്വഭാവങ്ങളുമാണ് പെണ്‍ കഴുതപ്പുലിക്ക് ഉള്ളത് എന്നതാണ് മുന്‍പ് സൂചിപ്പിച്ചതുപോലെ ഗവേഷകര്‍ക്ക് തീരാത്ത സമസ്യയാകുന്നത്.

ആള്‍ക്കുരങ്ങുകളെ കുറിച്ചുള്ള ഗവേഷണങ്ങള്‍ നോക്കിയാല്‍ അവ പരീക്ഷണ ശാലകളില്‍ നിന്ന് 1970-കളോടെ ഫീല്‍ഡിലേക്ക് മാറുന്നതായി കാണാം. അതായത് മൃഗങ്ങളെ അവയുടെ സ്വാഭാവിക പരിതസ്ഥിതികളില്‍ നിരീക്ഷിച്ചു പഠിക്കുക എന്നത് സമീപകാല ജന്തുസ്വഭാവ ഗവേഷണത്തിന്റെ പൊതു ഊന്നലാണ്.

എന്നാല്‍ കഴുതപ്പുലി ഗവേഷണം നേരെ തിരിച്ചുള്ള ദിശയിലാണ് പുരോഗമിച്ചത്; ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഫീല്‍ഡില്‍ അവയെ നിരീക്ഷിച്ചിരുന്നെങ്കിലും കഴുതപ്പുലിപ്പറ്റത്തിലെ ലിംഗക്കുഴച്ചില്‍ കാരണം സ്ത്രീ പുരുഷ ബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തി അവയുടെ സ്വഭാവ പ്രതികരണങ്ങളെ പഠിക്കുന്നത് ഫലപ്രദമായിരുന്നില്ല.

എന്നാല്‍ എണ്‍പതുകളോടെ പഠനത്തിന്റെ ഊന്നല്‍ പരീക്ഷണശാലയിലേക്ക് മാറിയതോടു കൂടിയാണ് പെണ്‍ കഴുതപ്പുലിയുടെ ശരീര-സ്വഭാവ വൈചിത്ര്യങ്ങള്‍ സയന്‍സിന് വഴങ്ങിത്തുടങ്ങിയത്. കാലിഫോര്‍ണിയ സര്‍വ്വകലാശാലയുടെ 1984-ല്‍ ആരംഭിച്ച കഴുതപ്പുലി ഗവേഷണ വിഭാഗമാണ് (Berkley Hyena Project) ഫീല്‍ഡില്‍ നിന്നും ലബോറട്ടറിയിലേക്ക് പഠനത്തെ മാറ്റി പ്രതിഷ്ഠിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചത്. ഇന്നും കഴുതപ്പുലികളെക്കുറിച്ചുള്ള ശാസ്ത്രീയ അറിവുകളില്‍ ഭൂരിഭാഗവും ഈ ഗവേഷണ പദ്ധതിയില്‍ നിന്നുള്ള കണ്ടെത്തലുകളാണ്.

ബെര്‍ക്കിലിയിലെ ഗവേഷകര്‍ രൂപപ്പെടുത്തിയ പഠനരീതിയ്ക്ക് രണ്ട് തലങ്ങളുണ്ടായിരുന്നു. ഗവേഷണ കേന്ദ്രത്തിലെ കഴുതപ്പുലിക്കോളനിയെ നിരീക്ഷിക്കുകവഴി രൂപപ്പെടുത്തുന്ന പ്രാഥമിക ധാരണകളെ അവയുടെ ഫിസിയോളജി പഠനത്തിനുപയോഗിക്കുക എന്നതായിരുന്നു അത്.

അന്തഃസ്രാവ ഗ്രന്ഥികളുടെ പഠനത്തില്‍ (endocrinology) ആയിരുന്നു ഊന്നല്‍. കഴുതപ്പുലികളിലെ പുരുഷ-സ്ത്രീ ഹോര്‍മോണുകളിലുള്ള അളവ് വ്യത്യാസങ്ങളെ ആസ്പദമാക്കി അവയുടെ ലിംഗ പ്രത്യേകതയെയും സ്വഭാവ വൈചിത്ര്യങ്ങളെയും വിശദീകരിക്കലായിരുന്നു ഗവേഷകരുടെ മുഖ്യ താല്പര്യം.

പുരുഷ ഹോര്‍മോണ്‍ ആയ ആന്‍ഡ്രോജന്റെ (androgen) അളവ് അസാധാരണമായ നിലയില്‍ പെണ്‍ കഴുതപ്പുലികളില്‍ കൂടുതലാണ് എന്ന് പരീക്ഷണങ്ങളിലൂടെ സ്ഥാപിക്കുകയാണ് ബെര്‍ക്കിലിയിലെ ഗവേഷകര്‍ ചെയ്തത്. ഗര്‍ഭാവസ്ഥയില്‍ തന്നെ ഉയര്‍ന്ന അളവില്‍ പെണ്‍ കുഞ്ഞുങ്ങള്‍ ആന്‍ഡ്രോജന്‍ സ്വാംശീകരിക്കുന്നു (androstenedione metabolization).

മറ്റു സസ്തനികളിലെ പെണ്ണുങ്ങളില്‍ നിന്നും വ്യത്യസ്തമായി, ഇവരില്‍ ആണ്‍ ഹോര്‍മോണ്‍ മുന്നിട്ടു നില്‍ക്കുന്നതിനാലാണ് അവയുടെ ഭഗശിശ്‌നിക അസാധാരണമാംവിധം വലുപ്പം വെയ്ക്കുന്നതെന്നും, ഈ ഹോര്‍മോണ്‍ അസുന്തലനമാണ് അവയെ കൂടുതല്‍ ആക്രമണോത്സുകരും തന്മൂലം സാമൂഹികമായി മേല്‍ക്കോയ്മ പുലര്‍ത്തുന്നവരും ആക്കി തീര്‍ക്കുന്നതെന്നും അവര്‍ സിദ്ധാന്തിച്ചു.

ലിംഗ വ്യത്യാസങ്ങളുടെ അടിസ്ഥാനം തന്മാത്രാ തലത്തില്‍ തിരയുന്ന ഹോര്‍മോണ്‍ സിദ്ധാന്തം കഴുതപ്പുലി പഠനങ്ങളുടെ മാത്രമല്ല, വിവിധ ജീവി വര്‍ഗ്ഗങ്ങളുടെ ലിംഗപരവും പ്രത്യുല്പാദനപരവുമായ സവിശേഷതകളെക്കുറിച്ചുള്ള പഠനങ്ങള്‍ക്കു സഹായകരമായ മാതൃകയായി എണ്‍പതുകളില്‍ മാറുന്നുണ്ട്.

സ്ത്രീ-പുരുഷ ഹോര്‍മോണുകളുടെ സന്തുലനാവസ്ഥയിലുള്ള ഏറ്റക്കുറച്ചിലുകളാണ് ശാരീരികവും മാനസികവുമായ പ്രതികരണങ്ങളെ നിയന്ത്രിക്കുന്നത് എന്ന ധാരണ ജീവശാസ്ത്ര ഗവേഷണങ്ങളുടെയും വൈദ്യചികിത്സയുടെയും ശക്തമായ പൊതു അടിത്തറയായി ഇക്കാലത്ത് മാറുന്നു എന്ന് കാണാം. ഈ വിചാര മാതൃകയ്ക്കുള്ളില്‍ നിന്നുകൊണ്ട് വൈചിത്ര്യങ്ങളെ (deviance) വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് കഴുതപ്പുലി പഠിതാക്കള്‍ നടത്തുന്നത്.

പെണ്‍ കഴുതപ്പുലിയുടെ ശാരീരികവും സ്വഭാവപരവുമായ പ്രത്യേകതകളെ ആ ജന്തുവിന്റെ ജൈവപരമായ അനന്യതയായി കാണുന്നതിനു പകരം പുരുഷ ഹോര്‍മോണ്‍ കൂടുതലായതിനാലാണ് അവള്‍ പുരുഷ ശരീരത്തിന്റെ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നത് എന്നാണ് ഗവേഷകര്‍ വാദിച്ചത്. സ്ത്രീ-പുരുഷ വ്യത്യാസത്തിലധിഷ്ഠിതമായ സാംസ്‌കാരിക മൂല്യങ്ങളെ ഹോര്‍മോണ്‍ സിദ്ധാന്തം പിന്താങ്ങുന്നു എന്നാണിതിന്റെ അര്‍ത്ഥം.

പാരിസ്ഥിതിക-സാമൂഹിക ഘടകങ്ങളെക്കാളും ശാരീരിക-മാനസിക പ്രതികരണങ്ങളെ രൂപപ്പെടുത്തുന്നത് ഹോര്‍മോണുകളാണ് എന്ന ന്യൂനീകരണമാണ് ഇവിടെ സംഭവിക്കുന്നത്. ഹോര്‍മോണുകള്‍ ജീവജാതികളുടെ പൊതു ജൈവാടിത്തറ എന്ന നിലയില്‍ രീതിശാസ്ത്രപരമായ പ്രാധാന്യം നേടുകയാണീ ഘട്ടത്തില്‍. കഴുതപ്പുലിക്കൂട്ടത്തിന്റെ സാമൂഹിക-പാരിസ്ഥിതിക ജീവിതത്തിന്റെ പ്രത്യേകതകള്‍ അപ്രസക്തമായി മാറുകയും തന്മാത്രാതലത്തിലുള്ള ജൈവപ്രക്രിയകള്‍ അതീവ പ്രാധാന്യമാര്‍ജ്ജിക്കുകയും ചെയ്യുന്നു.

പുരുഷ-സ്ത്രീ വ്യത്യാസത്തെ ജൈവപ്രകൃതിയുടെ ആധാരമായി തന്മാത്രാ തലത്തില്‍ ഉറപ്പിച്ചെടുക്കുകയാണ് ഹോര്‍മോണ്‍ സിദ്ധാന്തം ചെയ്യുന്നത്. പെണ്‍ കഴുതപ്പുലിയുടെ ജൈവ വ്യതിയാനത്തിന് സ്ത്രീ-പുരുഷ ലിംഗഭേദത്തെ ആലോസരപ്പെടുത്താനുള്ള ശക്തിയെ ഹോര്‍മോണ്‍ സിദ്ധാന്തം തകര്‍ത്തു കളയുന്നു. ഹോര്‍മോണുകളും സ്വഭാവ പ്രതികരണങ്ങളും തമ്മിലുള്ള ബന്ധം അന്വേഷിച്ച ബെര്‍ക്കിലിയിലെ ഗവേഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയത് അമേരിക്കയിലെ National Institute for Mental Health (NIMH) എന്ന സ്ഥാപനമാണ് എന്നത് യാദൃശ്ചികമല്ല.

എന്നാല്‍ ബെര്‍ക്കിലിയിലെ കഴുതപ്പുലി ഗവേഷകരുടെ തന്നെ ചില പഠനങ്ങളെങ്കിലും ഹോര്‍മോണ്‍ അസന്തുലന സിദ്ധാന്തത്തിന്റെ പരിമിതികളെ ചൂണ്ടിക്കാട്ടുന്നവയാണ്. ഗവേഷണത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഹോര്‍മോണ്‍ സിദ്ധാന്തത്തില്‍ കൂടുതല്‍ ഊന്നിയുള്ള ഗവേഷണ പദ്ധതികളാണ് അവര്‍ സാമ്പത്തിക സഹായം തേടി സമര്‍പ്പിക്കുന്നത്.

എന്നാല്‍ ഈ ഗവേഷകര്‍ തന്നെ തങ്ങളുടെ വാദത്തിന്റെ പരിമിതിയെക്കുറിച്ച് അറിവുള്ളവരായിരുന്നു. പക്ഷെ ഈ കാലഘട്ടത്തില്‍ ജീവശാസ്ത്രത്തില്‍ ഹോര്‍മോണ്‍ സിദ്ധാന്തത്തിന് പ്രത്യയശാസ്ത്രപരമായുള്ള മുന്‍തൂക്കം പാരിസ്ഥിതിക-സാമൂഹിക ഘടകങ്ങളെ ആസ്പദമാക്കി കഴുതപ്പുലികളെ പഠിക്കുന്നതില്‍ നിന്നും അവരെ അവര്‍ അറിയാതെ തന്നെ പിന്തിരിപ്പിക്കുന്നുണ്ട് എന്ന് കാണാം; അവരുടെ പഠനങ്ങളില്‍ തന്നെ ഹോര്‍മോണ്‍ സിദ്ധാന്തവുമായി പൊരുത്തപ്പെടാത്ത നിരീക്ഷണങ്ങളും അനുമാനങ്ങളും ചിതറിക്കിടപ്പുണ്ടെങ്കിലും.

കഴുതപ്പുലിക്കൂട്ടങ്ങളിലെ സാമൂഹിക ബന്ധങ്ങളും ആവാസ വ്യവസ്ഥയുടെ പ്രത്യേകതകളും അവയുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നുണ്ട് എന്നതിന് തെളിവുകളുണ്ട്. ചെറുപ്പക്കാരായ കഴുതപ്പുലികളില്‍ ആണുങ്ങളാണ് മേല്‍ക്കോയ്മ കാട്ടുന്നതെന്ന നിരീക്ഷണം ഉദാഹരണം.

ഉന്നത സാമൂഹിക സ്ഥാനമുള്ള അമ്മയുടെ പെണ്‍മക്കള്‍ ആക്രമണോത്സുകരല്ലാത്തവരോ ശാരീരികമായി ദുര്‍ബലരോ ആണെങ്കില്‍ പോലും കഴുതപ്പുലിപ്പറ്റത്തില്‍ അമ്മയുടെ അതേ സാമൂഹിക സ്ഥാനം വഹിക്കുന്നു എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പരസ്പരമുള്ള സൌഹൃദങ്ങള്‍, വൃദ്ധ നേതൃത്വത്തെ വെല്ലുവിളിക്കുന്നതിനായി മധ്യ നിരയിലുള്ളവര്‍ തമ്മില്‍ നടത്തുന്ന കൈകോര്‍ക്കല്‍ എന്നിവയൊക്കെ സംഘത്തിലുള്ള അവയുടെ സാമൂഹിക സ്ഥാനം നിര്‍ണ്ണയിക്കുന്നതായി കാണാം. എന്നാല്‍ ഹോര്‍മോണ്‍ സിദ്ധാന്തത്തിന് കഴുതപ്പുലി ഗവേഷണ രംഗത്തുള്ള ജ്ഞാനമേല്‍ക്കോയ്മ ഈ സങ്കീര്ണ്ണതകളെ കണക്കിലെടുക്കുന്നതിന് ഗവേഷകര്‍ക്ക് തടസ്സമാവുന്നു.

പെണ്‍ കഴുതപ്പുലികളിലെ ലിംഗത്തെ പ്രശ്‌നകരമായ ഒരു ജീവശാസ്ത്ര വ്യതിയാനമെന്നതിനു പകരം ജീവശാസ്ത്രപരമായ / പരിണാമപരമായ അനുകൂലനം (adaptation) എന്ന നിലയില്‍ വ്യാഖ്യാനിക്കാന്‍ ബെര്‍ക്കിലി സംഘത്തില്‍ പെടാത്ത ചില ഗവേഷകര്‍ ശ്രമിക്കുന്നുണ്ട് (East, Hofer and Wickler 1993). പെണ്ണിന്റെ ഉദ്ധരിച്ച ശിശ്‌നം ബലം പ്രയോഗിച്ചുള്ള ലൈംഗിക ബന്ധത്തില്‍ നിന്നും ആണുങ്ങളെ തടയുന്നു. അവളുടെ പൂര്‍ണ്ണ സഹകരണമില്ലാതെ ശിശ്‌നത്തില്‍ കൂടിയുള്ള ലൈംഗിക ബന്ധം സാധ്യമല്ല. അതായത്, പെണ്ണിന് തന്റെ ലൈംഗികതയുടെ മേലുള്ള പൂര്‍ണ്ണ നിയന്ത്രണം അവളുടെ ബാഹ്യയോനി ഉറപ്പുവരുത്തുന്നു എന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

ആണ്‍ ലിംഗത്തെ അധികാരവുമായി ബന്ധപ്പെടുത്തിയുള്ള അര്‍ത്ഥ സമീക്ഷയെയും (penis as phallus) ഈ ഗവേഷകര്‍ എതിര്‍ക്കുന്നു. മനുഷ്യരില്‍ ഉദ്ധരിച്ച ലിംഗം പുരുഷ മേല്‍ക്കോയ്മയുടെ സാംസ്‌കാരിക പ്രതീകമാണ് എന്നതുകൊണ്ട് കഴുതപ്പുലികളുടെ ചിഹ്നവ്യവസ്ഥയില്‍ അതങ്ങനെ ആവണമെന്നില്ലല്ലോ.

പക്ഷെ, ബെര്‍ക്കിലിയിലെ ഗവേഷകര്‍ അത്തരമൊരു സമീകരണമാണ് നിര്‍ഭാഗ്യവശാല്‍ നടത്തുന്നത്. ഉദ്ധരിച്ച ലിംഗം കഴുതപ്പുലികളെ സംബന്ധിച്ചിടത്തോളം ആധിപത്യത്തെയല്ല, വിധേയത്വത്തെയാണ് സൂചിപ്പിക്കുന്നത്. കൂട്ടത്തിന്റെ അധികാര ഘടനയില്‍ ഉയര്‍ന്ന സ്ഥാനത്തുള്ള അംഗത്തെ കാണുമ്പോള്‍ താഴ്ന്ന സ്ഥാനത്തുള്ള അംഗം, ആണായാലും പെണ്ണായാലും, തന്റെ ഉദ്ധരിച്ച ലിംഗം പരിശോധനയ്ക്കായി സമര്‍പ്പിക്കുന്നു.

അധികാരിയുടെ ലിംഗമാവട്ടെ ഉദ്ധരിക്കാത്ത അവസ്ഥയിലായിരിക്കും താനും. പെണ്‍ കഴുതപ്പുലിയുടെ “ലിംഗം” പൌരുഷത്തിന്റെ പ്രതീകമല്ല എന്നാണല്ലോ ഇതു സൂചിപ്പിക്കുന്നത്. അവളുടെ ശരീരമോ സ്വഭാവമോ പുരുഷ പ്രകൃതത്തിന്റെ പ്രകാശനമല്ല. അതായത് നമ്മുടെ സാംസ്‌കാരിക മുന്‍വിധികള്‍ കഴുതപ്പുലികളും പിന്തുടരണമെന്ന് ശഠിക്കാനാവില്ലെന്നു ചുരുക്കം!

വലുപ്പമുള്ള ശിശ്‌നത്തിനു കാരണം പുരുഷഹോര്‍മോണ്‍ ആണ് എന്ന സിദ്ധാന്തത്തെ ചില ഗവേഷകര്‍ പരീക്ഷണങ്ങളിലൂടെ തെറ്റാണെന്ന് തെളിയിക്കുന്നുണ്ട്. ഹോര്‍മോണ്‍ സ്വാംശീകരണത്തിനു മുമ്പുതന്നെ ശിശ്‌നത്തിന്റെ രൂപഘടന ഗര്‍ഭസ്ഥ ശിശുവില്‍ വ്യക്തമായി കാണപ്പെടുന്നുണ്ട് എന്നവര്‍ ചൂണ്ടിക്കാട്ടുന്നു (Licht et al. 1998). പുരുഷ ഹോര്‍മോണ്‍ ലഭ്യമല്ലാതാക്കിയാലും “പെണ്‍ ലിംഗം” ഭ്രൂണത്തില്‍ രൂപപ്പെടുന്നുണ്ട് എന്ന് ഡ്രിയ എന്ന ഗവേഷകയുടെ നേതൃത്വത്തിലുള്ള പഠന സംഘം സ്ഥിരീകരിച്ചിട്ടുമുണ്ട് (Drea et al. 1998). പുരുഷ ഹോര്‍മോണാണ് ലിംഗരൂപീകരണത്തിന് പുറകില്‍ എന്ന വാദം അങ്ങനെ പൊളിയുന്നു.

ഈ ഗവേഷണങ്ങള്‍ പെണ്‍ കഴുതപ്പുലിയെ പരിണാമപ്രക്രിയയില്‍ പ്രകൃതിക്ക് പറ്റിയ ഒരു കൈത്തെറ്റായി കാണുന്ന ശാസ്ത്ര പ്രവണതയെ എതിര്‍ക്കുന്നു. അവളുടെ ബാഹ്യ യോനിയെ പുരുഷ ലിംഗത്തിന് സമാനമായി കാണുന്നതും അതിനെ അടിസ്ഥാനമാക്കി അവളുടെ ശാരീരിക പ്രത്യേകതകളെയും സ്വഭാവത്തെയും ആണത്തപ്രകടനമായി മനസ്സിലാക്കുന്നതും അങ്ങനെ പുതിയ ഗവേഷണങ്ങള്‍ തള്ളിക്കളയുന്നു.

നിര്‍ഭാഗ്യവശാല്‍ ഈ പഠനങ്ങളൊന്നും ഹോര്‍മോണ്‍ സിദ്ധാന്തത്തിന്റെ ശക്തമായ വിചാര മാതൃകയെ റദ്ദാക്കുന്നതില്‍ വിജയിക്കുന്നില്ല എന്ന് കാണാം. ഈ മികച്ച സിദ്ധാന്തങ്ങളെ ഗൌനിക്കാതിരിക്കുകയാണ് ഹോര്‍മോണ്‍ സിദ്ധാന്തവാദികളായ ഗവേഷകര്‍ ചെയ്യുന്നത്. ബെര്‍ക്കിലിയിലെ ഗവേഷണ സംഘത്തിനാണ് കഴുതപ്പുലി പഠനരംഗത്ത് മുന്‍തൂക്കമെന്നതും ശാസ്ത്രസമൂഹത്തില്‍ ഈ പുത്തന്‍ വാദങ്ങള്‍ അംഗീകരിക്കപ്പെടാന്‍ തടസ്സമാകുന്നു. പുതിയതും, മികച്ചതുമായ സിദ്ധാന്തങ്ങള്‍ ശാസ്ത്ര സത്യങ്ങളെന്ന നിലയില്‍ ഉടനടി സ്വീകരിക്കപ്പെടുമെന്നുള്ള നമ്മുടെ ധാരണ തെറ്റാണെന്നാണ് ശാസ്ത്രമണ്ഡലത്തിലെ സിദ്ധാന്ത വികസനത്തിന്റെ ചരിത്രം സൂചിപ്പിക്കുന്നത്.

പെണ്‍ കഴുതപ്പുലിയുടെ ലിംഗ സമസ്യയെ സംബന്ധിച്ച ഗവേഷണം സ്ത്രീ-പുരുഷ ലിംഗ വ്യത്യാസത്തിലധിഷ്ഠിതമായ സാംസ്‌കാരിക ധാരണകളെ ജീവശാസ്ത്രത്തിന്റെ മണ്ഡലത്തില്‍ പുനരുത്പാദിപ്പിക്കുന്നു. അങ്ങനെ നിര്‍മ്മിക്കപ്പെടുന്ന സിദ്ധാന്തങ്ങള്‍ തിരിച്ച് നമ്മുടെ പുരുഷമേധാവിത്തപരമായ സാമൂഹിക മൂല്യങ്ങള്‍ക്കുള്ള ശാസ്ത്രീയ ന്യായീകരണമാവുകയും ചെയ്യുന്നു. പ്രത്യയശാസ്ത്ര ധാരണകള്‍ പ്രകൃതിയെക്കുറിച്ചുള്ള അറിവിന്റെ ഉത്പാദനത്തെ ജ്ഞാനസിദ്ധാന്തപരമായി സ്വാധീനിക്കുന്നുണ്ട് എന്നര്‍ത്ഥം. അങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്ന ശാസ്ത്രീയ സത്യങ്ങളെ കൂട്ടു പിടിച്ചാണ് ഭിന്നലൈംഗികത (heterosexuality) ആധാരമാവുന്ന നാട്ടുനടപ്പുകളെ നമ്മള്‍ സാധൂകരിക്കുന്നത്. ശാസ്ത്രത്തിന്റെ മണ്ഡലത്തിലുള്ള ജ്ഞാനപരമായ ഇടപെടലുകള്‍ എത്ര രാഷ്ട്രീയ പ്രാധാന്യമര്‍ഹിക്കുന്നു എന്ന് കഴുതപ്പുലി ഗവേഷണം വെളിപ്പെടുത്തുന്നു.

തുടര്‍ വായനയ്ക്ക്

അന്ന വില്‍സന്‍റെ താഴെ പരാമര്‍ശിക്കുന്ന പഠനമാണ് ഈ ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്:

Anna Wilson 2003. “Sexing the Hyena: Intraspecies Readings of the Female Phallus”, Signs, Vol. 28, No. 3, Spring, pp. 755–790.

പരാമര്‍ശിത ശാസ്ത്ര പ്രബന്ധങ്ങള്‍:

Drea, Christine M., Mary L. Weldele, N. G. Forger, E. M. Coscia, Laurence G. Frank, and Stephen E. Glickman. 1998. “Androgens and Masculinization of Genitalia in the Spotted Hyena (Crocuta crocuta). 2. Effects of Prenatal Anti-Androgens.” Journal of Reproduction and Fertility vol. 113, no. 1, pp. 117–127.

East, Marion L., Heribert Hofer, and Wolfgang Wickler. 1993. “The Erect ‘Penis’ Is a Flag of Submission in a Female-Dominated Society: Greetings in Serengeti Spotted Hyenas.” Behavioral Ecology and Sociobiology vol. 33, pp. 355–370.

Licht, Paul, T. Hayes, P. Tsai, G. Cuhna, H. Kim, M. Golbus, S. Hayward, M.C. Martin, R.B. Jaffe, and Stephen E. Glickman. 1998. “Androgens and Masculinization of Genitalia in the Spotted Hyena (Crocuta crocuta). 1. Urogenital Morphology and Placental Androgen Production.” Journal of Reproduction and Fertility, vol.113, pp.105–116.

ഡോ. ഷിജു സാം വറുഗീസ്
ഗുജറാത്ത് കേന്ദ്രീയ സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ അസിസ്റ്റന്റ് പ്രഫസറാണ് ലേഖകന്‍. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് 2017-ല്‍ പ്രസിദ്ധീകരിച്ച Contested Knowledge: Science, Media, and Democracy in Kerala എന്ന പുസ്തകത്തിന്റെ രചയിതാവുമാണ്.