| Wednesday, 2nd April 2025, 8:59 am

എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്; ആ മലയാള നടന്റെ അഭിനയത്തില്‍ നിന്നും ധാരാളം പഠിക്കാനുണ്ടാകും: രേഖ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1989ല്‍ സിദ്ദീഖ് – ലാല്‍ കൂട്ടുകെട്ടില്‍ റാംജി റാവ് സ്പീക്കിംഗ് എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് മുന്നില്‍ എത്തിയ നടിയാണ് രേഖ. 1986ല്‍ ഭാരതിരാജ സംവിധാനം ചെയ്ത് എത്തിയ കടലോര കവിതകള്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി തന്റെ കരിയര്‍ ആരംഭിച്ചത്.

ശേഷം മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങളോടൊപ്പമെല്ലാം അഭിനയിക്കാന്‍ രേഖക്ക് സാധിച്ചു. ഇപ്പോള്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള നടന്മാര്‍ ആരൊക്കെയാണെന്ന് പറയുകയാണ് രേഖ. മഹിളാരത്നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘എനിക്ക് ഇഷ്ടമുള്ള നടന്മാര്‍ ആരാണെന്ന് ചോദിച്ചാല്‍, ഒരുപാട് ആളുകളുണ്ട്. മോഹന്‍ലാല്‍ സാര്‍ എനിക്ക് ഏറ്റവും അധികം ഇഷ്ടമുള്ള ഒരു നടനാണ്. സത്യത്തില്‍ അദ്ദേഹത്തെ കുറിച്ച് പറയുമ്പോള്‍, അദ്ദേഹം ഒരു എന്‍സൈക്ലോപീഡിയ ആണെന്ന് വേണം പറയാന്‍.

നമ്മള്‍ കൂടെ അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അഭിനയം നോക്കി ധാരാളം പഠിക്കാനുണ്ടാകും. പിന്നെ എനിക്ക് ഇഷ്ടമുള്ള ആളുകളാണ് നസ്രുദീന്‍ ഷാ, അമിതാഭ് ബച്ചന്‍, ഷാരുഖ് ഖാന്‍, കമല്‍ സാര്‍ എന്നിവരൊക്കെ. പിന്നെ സത്യരാജ് സാറിനെയും ഇഷ്ടമാണ്,’ രേഖ പറയുന്നു.

നടന്‍ രഘുവരനെ കുറിച്ചും രേഖ അഭിമുഖത്തില്‍ സംസാരിച്ചു. രഘുവരന്‍ വളരെ നല്ല മനുഷ്യനായിരുന്നുവെന്നാണ് നടി പറയുന്നത്. അദ്ദേഹം തന്നെ എപ്പോഴും എന്‍കറേജ് ചെയ്യുന്ന ആളായിരുന്നുവെന്നും രേഖ അഭിമുഖത്തില്‍ പറഞ്ഞു.

‘എന്നോടൊപ്പം അഭിനയിച്ചവരുടെ കാര്യം പറയുമ്പോള്‍ രഘുവരന്‍ സാര്‍ വളരെ നല്ല മനുഷ്യനായിരുന്നു. അദ്ദേഹം എന്നെ എപ്പോഴും എന്‍കറേജ് ചെയ്യുന്ന ഒരാളായിരുന്നു.

‘നീ എന്തിനാണ് എപ്പോഴും സോഫ്റ്റായ ക്യാരക്ടറുകള്‍ മാത്രം ചെയ്യുന്നത്? നിനക്ക് വെറൈറ്റിയായ റോളുകള്‍ ചെയ്യാന്‍ കഴിയുമെന്ന് സംവിധായകരോട് പറയൂ’വെന്ന് എന്നെ കാണുമ്പോഴൊക്കെ അദ്ദേഹം പറയുമായിരുന്നു,’ രേഖ പറയുന്നു.

Content Highlight: Rekha Says She Loves Mohanlal

We use cookies to give you the best possible experience. Learn more