| Friday, 1st August 2025, 12:42 pm

കെ.ടി.യു- ഡിജിറ്റല്‍ സര്‍വകലാശാല താത്കാലിക വി.സി നിയമനം; സുപ്രീം കോടതി വിധി മറികടന്ന് ചാന്‍സിലര്‍; വിട്ടുകൊടുക്കാതെ സര്‍ക്കാരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: കെ.ടി.യു -ഡിജിറ്റല്‍ സര്‍വകലാശാല താത്ക്കാലിക വി.സി നിയമനത്തില്‍ വീണ്ടും കൊമ്പുകോര്‍ത്ത് ചാന്‍സിലറും സര്‍ക്കാരും.

ഡോ. ശിവപ്രസാദിനേയും സിസയേയും നിയമിച്ച ചാന്‍സിലറുടെ നടപടിക്കെതിരെയാണ് സര്‍ക്കാര്‍ രംഗത്തെത്തിയത്.

സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് വേണം താത്ക്കാലിക വി.സി മാരെ നിയമിക്കാനെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

നിയമനം നടത്തേണ്ടത് സര്‍വകലാശാല നിയമ പ്രകാരമാകണമെന്നും സുപ്രീം കോടതിയുടെ നിര്‍ദേശത്തില്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഇതിന് വിരുദ്ധമാണ് നിലവിലെ ചാന്‍സിലറുടെ നടപടി. ചാന്‍സിലര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ചട്ടവിരുദ്ധമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കും.

കെ. ശിവപ്രസാദിനേയും സിസയേയും നിയമിച്ച തീരുമാനം തിരുത്തണമെന്നും സര്‍വകലാശാല നിയമത്തിലെ 12ാം വകുപ്പ് പ്രകാരമായിരിക്കണം നിയമനം നടത്തേണ്ടതെന്നും കോടതിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടും. അതിനൊപ്പം ഈ രണ്ട് സര്‍വകലാശാലകളിലേക്കും പുതിയ രണ്ട് പാനല്‍ സമര്‍പ്പിക്കാന്‍ കൂടി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിന് പിന്നാലെയായിരുന്നു രണ്ട് പാനലുകള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചത്. എം.എസ് ജയശ്രീ, എം.കെ ജയരാജ്, കെ. സുധീര്‍ എന്നീ പേരുകളാണ് ഡിജിറ്റല്‍ സര്‍വകലാശാല പാനലില്‍ നല്‍കിയത്.

ഡോ. ജയപ്രകാശ്, എ. പ്രവീണ്‍, ആര്‍. സജീവ് ഇവര്‍ മൂന്ന് പേരുടേയും പേരുകളാണ് കെ.ടി.യു സര്‍വകലാശലകളിലേക്ക് നല്‍കിയത്.

എന്നാല്‍ ഈ പാനല്‍ പൂര്‍ണമായും തള്ളിക്കൊണ്ട് ഡോ. ശിവപ്രസാദിനും സിസ തോമസിനും പുനര്‍നിയമനം നല്‍കിക്കൊണ്ട് കഴിഞ്ഞ ദിവസം ചാന്‍സിലര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു.

ആറ് മാസത്തേക്കാണ് ഇവരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ഉടന്‍ പുതിയ പാനല്‍ സമര്‍പ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഗവര്‍ണര്‍ കോടതിവിധി ലംഘിച്ചുവെന്നും സുപ്രീം കോടതിയെ സര്‍ക്കാര്‍ അറിയിക്കും.

താത്ക്കാലിക വി.സിമാരെ നിയമിച്ച് വിജ്ഞാപനം ഇറക്കിയ ഗവര്‍ണറുടെ നീക്കം സര്‍ക്കാരിന് തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

Content Highlight: Regular Vc Appoinment Issue Government oppose Governer Panel

We use cookies to give you the best possible experience. Learn more