കയ്യാങ്കളിക്കും അതിനാടകീയ സംഭവങ്ങള്‍ക്കും സാക്ഷിയായി ബൊളീവിയന്‍ ഫുട്‌ബോള്‍ ലീഗ്. കഴിഞ്ഞ ദിവസം നടന്ന റയല്‍ ഒറൂറോ – ബ്ലൂമിങ് മത്സരമാണ് കളിക്കും, ശേഷം കയ്യാങ്കളിക്കും സാക്ഷിയായത്.
പിന്നാലെ ഇരു ടീമിന്റെയും പരിശീലകരടക്കം 17 പേരെ റഫറി ചുവപ്പ് കാര്‍ഡ് നല്‍കി പുറത്താക്കി. മത്സരം 2-2ന് സമനിലയില്‍ അവസാനിക്കുകയും 3-4 എന്ന അഗ്രേറ്റ് സ്‌കോറില്‍ ബ്ലൂമിങ് ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടുകയും ചെയ്തു.
ആദ്യ പാദത്തില്‍ 2-1 എന്ന അഡ്വാന്റേജോടെയാണ് ബ്ലൂമിങ് എതിരാളികളുടെ തട്ടകത്തിലെത്തിയത്. ഒറൂറോ താരത്തിന്റെ ഗോള്‍ ശ്രമം ബ്ലൂമിങ് ഗോള്‍ കീപ്പര്‍ പരാജയപ്പെടുത്തിയതാണ് സംഭവങ്ങള്‍ക്ക് വഴിമരുന്നിട്ടത്. ഇതിനിടെ താഴെ വീണ ഒറൂറോ താരാത്തോട് ഗോള്‍ കീപ്പര്‍ ദേഷ്യത്തോടെ സംസാരിക്കുന്നതും കാണാമായിരുന്നു.
ബൊളീവിയന്‍ ഔട്ട്‌ലെറ്റായ എല്‍ പൊട്ടോസിയുടെ റിപ്പോര്‍ട്ട് പ്രകാരം, താഴെ വീണ സഹതാരത്തിന് സഹായിക്കാനായി ഓടിയെത്തിയ ഒറൂറോ താരം സെബാസ്റ്റിയന്‍ സെബലോസ് ബ്ലൂമിങ് താരങ്ങളെ തള്ളിമാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ ചെറുത്തുനിന്നതോടെ ചെറിയ തോതിലുള്ള ഉന്തും തള്ളിലേക്കും കാര്യങ്ങളെത്തി.
‼️ Caso total en Bolivia: 17 𝐄𝐗𝐏𝐔𝐋𝐒𝐀𝐃𝐎𝐒 (!) e intervención de la policía
😬 El encuentro entre Real Oruro y Blooming acabó en el caos total en lo que se define desde Bolivia como una “vergüenza nacional” pic.twitter.com/txapvtgwjJ
പിന്നാലെ ഒറൂറോ താരം ജൂലിയോ വില്ല എത്തി ‘രണ്ടിടി’ കൊടുത്തതോടെ ഫുട്‌ബോള്‍ ഗ്രൗണ്ടിലെ ‘റോയല്‍ റംബിളി’നാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. കാര്യങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ കൈവിട്ടുപോവുകയും കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നു.
ഒറൂറോ പരിശീലകന്‍ മാഴ്‌സലോ റോബെല്‍ഡോ മറ്റൊരു പരിശീലകനെ തള്ളുകയും അയാള്‍ താഴെ വീഴുകയും ചെയ്തിരുന്നു.
ഇതോടെ ഗ്രൗണ്ടിലേക്ക് ഇരുപതോളം പൊലീസ് ഉദ്യോഗസ്ഥര്‍ ഇരച്ചെത്തുകയും ബലം പ്രയോഗിച്ച് രംഗം ശാന്തമാക്കാന്‍ ശ്രമിക്കുകയും ചെയ്തു. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനിടെ ബ്ലൂമിങ് പരിശീലകന്‍ മൗറീസിയോ സോറിയ തന്റെ കുട്ടികളെ ഡ്രസ്സിങ് റൂമിലേക്ക് മാറ്റാനുള്ള ശ്രമങ്ങളും ആരംഭിച്ചു.
മത്സരത്തിന്റെ ആദ്യ പാദത്തില്‍ പരാജയപ്പെടുകയും രണ്ടാം പാദം പരാജയത്തിലേക്ക് നിങ്ങുകയും ചെയ്തതിന്റെ ദേഷ്യത്തിലാണ് ഒറൂറോ താരങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ബ്ലൂമിങ്ങിന്റെ ഏഴ് താരങ്ങള്‍ക്കും ഒറൂറോയുടെ നാല് താരങ്ങള്‍ക്കും മാച്ച് റഫറി റെനന്‍ കാസ്റ്റിലോ ചുവപ്പ് കാര്‍ഡ് ‘സമ്മാനിച്ചുവെന്ന്’ മാച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൂടാതെ രണ്ട് ടീമിന്റെയും പരിശീലകര്‍ക്കും അവരുടെ ഡെപ്യൂട്ടികള്‍ക്കും ചുവപ്പുകാര്‍ഡ് നേരിടേണ്ടി വന്നു.