മലയാള സിനിമയിൽ ഇത് വരെ കാണാത്ത തരത്തിൽ വിജയം നേടി മുന്നേറുകയാണ് വിപിൻ ദാസിന്റെ തിരക്കഥയ്ക്ക് സവിൻ സ സംവിധാനം ചെയ്ത വാഴ 2. ഇൻസ്റ്റഗ്രാം റീൽസിലൂടെ സുപരിചിതനായ ഒരു കൂട്ടം താരങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ വിജയമാണ് കൊയ്തത്. 200 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ ഹൗസ് ഫുള്ളായി പ്രദർശനം തുടരുകയാണ്.
വാഴ2, Photo: IMDb
ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അതി ഗംഭീര പ്രകടനം കാഴ്ച്ച വെച്ചപ്പോൾ ഓരോ വിദ്യാർത്ഥികൾക്കും കണക്ട് ആയ ഒരു കഥാപാത്രമായിരുന്നു സ്കൂൾ പ്രിൻസിപ്പാൾ ആയി വേഷമിട്ട റീന ഇന്ദ്രയനിയുടെ കഥാപാത്രം. വളരെ കർക്കശക്കാരിയായ ആ അധ്യാപികയെ ആരും അത്ര പെട്ടന്നൊന്നും മറക്കില്ല. ഇപ്പോഴിതാ താരം തന്റെ ആ കഥാപാത്രത്തെ കുറിച്ചും വാഴയിൽ എത്തിപെടാനുണ്ടായ സാഹചര്യത്തെ കുറിച്ചും സംസാരിക്കുകയാണ്.
റീന ഇന്ദ്രയനി, Photo: Reena indrayani/ Facebook
‘ഞാൻ ആദ്യം ചെയ്യുന്ന സിനിമ വിപിൻ ദാസിന്റെ തന്നെ അന്താക്ഷരി എന്ന സിനിമയയിരുന്നു. അതിനുശേഷം വ്യസനസമേതം ബന്ധുമിത്രാദികൾ എന്ന സിനിമയിൽ ഉഷ എന്ന കഥാപാത്രം ചെയ്‌തു. അതിന്റെ പ്രൊഡ്യൂസറും വിപിൻദാസ് തന്നെയായിരുന്നു. ഈ സിനിമകളിലെല്ലാം വാഴ2 ൽ വർക്ക് ചെയ്‌ത ഒട്ടുമിക്ക ആളുകളും ഉണ്ടായിരുന്നു.
സംവിധായകൻ സവിനാണ് എന്നെ ഇതിലേക്ക് വിളിക്കുന്നത്. പിന്നെ, ഡേറ്റ് ബ്ലോക്ക് ചെയ്യാൻ പറഞ്ഞ് നാല് ഭാഗത്തുനിന്നും കോൾ വരുന്നു. അന്നത്തെ ദിവസം എനിക്ക് ഭയങ്കര സന്തോഷം തന്നൊരു ദിവസമായിരുന്നു. സെറ്റിൽ എത്തിയപ്പോഴും എല്ലാവരെയും അറിയാവുന്നതുകൊണ്ടുതന്നെ, ഒരു അപരിചിതത്വം എനിക്ക് ഫീൽ ചെയ്തിരുന്നില്ല. എന്റെ ഈ കഥാപാത്രം എന്റെ പ്രായത്തിലുള്ളവർക്ക് അല്ല കണക്ട് ആയത് മറിച്ച് കോളേജ് വിദ്യാർത്ഥികൾക്കാണ്,’റീന ഇന്ദ്രയനി പറഞ്ഞു.
ചിത്രത്തിൽ അധ്യപികമാരായി വേഷമിട്ട താരങ്ങളുടെ ഒരു ഡാൻസ് റീൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു, അതിനെ കുറിച്ചും താരം സംസാരിച്ചു.
View this post on Instagram
‘നേരത്തെ പറഞ്ഞതുപോലെ, സെറ്റ് എനിക്ക് അപരിചിതമായിരുന്നില്ല. എല്ലാവരും അറിയുന്നവരായിരുന്നു. അതിൻ്റേതായ കംഫർട്ടും ഉണ്ടായിരുന്നു. പിന്നെ, ആ റീലിൻ്റെ കാര്യം. അത് ചുമ്മാ എടുത്തിട്ടതാണ്. എൻ്റെ പേജിലായിരുന്നു ഇട്ടത്. അത്ര ഫോളോവേഴ്‌സ് ഒന്നും എനിക്ക് ഇല്ലായിരുന്നു. പക്ഷേ, ആ റീൽ അങ്ങ് കത്തി. ഒരുപാട് വ്യൂസും കമന്റുകളും ഷെയറുകളും വന്നു. ഇതെല്ലാം ലഭിച്ചത് വാഴ വഴി തന്നെയാണ്,’ റീന ഇന്ദ്രയനി പറഞ്ഞു.
ഹാഷിർ, അലൻ, വിനായക്, അജിൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ ബിജുക്കുട്ടൻ, സുധീഷ്, അജു വർഗീസ്, വിജയ് ബാബു തുടങ്ങിയവരും മറ്റ് പ്രധാന വേഷത്തിലെത്തിയിരുന്നു.
Content Highlight: Reena indrayani talk about the movie Vazha 2