ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയ്ക്കുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജനുവരി 11നാണ് മൂന്ന് മത്സരങ്ങളുടെ പരമ്പര ആരംഭിക്കുന്നത്. വഡോദരയാണ് ആദ്യ മത്സരത്തിന് വേദിയാകുന്നത്.
ഈ പരമ്പരയില്‍ ഇന്ത്യന്‍ ഇതിഹാസം രോഹിത് ശര്‍മയെ എണ്ണം പറഞ്ഞ റെക്കോഡുകള്‍ കാത്തിരിക്കുന്നുണ്ട്. 50 ഓവര്‍ ഫോര്‍മാറ്റില്‍ മിന്നുന്ന ഫോമില്‍ തുടരുന്ന മുന്‍ നായകനെ കാത്തിരിക്കുന്നത് ഒന്നല്ല, രണ്ടല്ല മറിച്ച് എണ്ണം പറഞ്ഞ 11 റെക്കോഡുകളാണ്.
രോഹിത് ശര്‍മ. Photo: BCCI/x.com
അന്താരാഷ്ട്ര തലത്തില്‍ ഏകദിനത്തില്‍ മാത്രമാണ് രോഹിത് കളിക്കുന്നത്. ടി-20 ലോകകപ്പ് വിജയത്തോടെ ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ നിന്ന് പടിയിറങ്ങിയതും, പല കാരണങ്ങള്‍ കൊണ്ട് ടെസ്റ്റില്‍ നിന്നും ‘പടിയിറക്കിയതും’ രോഹിത്തിന്റെ കുതിപ്പിനെ തളര്‍ത്തിയിട്ടില്ല. 2027 ലോകകപ്പ് ലക്ഷ്യമിട്ടാണ് ഹിറ്റ്മാന്‍ ബാറ്റ് വീശുന്നത്.
വിരാടിനൊപ്പം. Photo: BCCI/x.com
– ഒറ്റ സെഞ്ച്വറി നേടിയാല്‍, ഏറ്റവുമധികം സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ ഓപ്പണര്‍.
– രണ്ട് സിക്‌സറുകള്‍ സ്വന്തമാക്കാന്‍ സാധിച്ചാല്‍, ഓപ്പണറുടെ റോളില്‍ ഏറ്റവുമധികം ഏകദിന സിക്‌സറുകള്‍ നേടുന്ന താരം.
– നാല് സിക്‌സറടിച്ചാല്‍, ന്യൂസിലാന്‍ഡിനെതിരെ ഏറ്റവുമധികം ഏകദിന സിക്‌സറുകള്‍ നേടുന്ന താരം.
– അഞ്ച് സിക്‌സറടിച്ചാല്‍, സേന രാജ്യങ്ങള്‍ക്കെതിരെ ഏറ്റവുമധികം അന്താരാഷ്ട്ര സിക്‌സറുകള്‍ നേടുന്ന താരം.
– ഏഴ് സിക്‌സറടിച്ചാല്‍, ന്യൂസിലാന്‍ഡിനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരം.
– ഒരു 50+ സ്‌കോര്‍ നേടിയാല്‍, ന്യൂസിലാന്‍ഡിനെതിരെ ഏറ്റവുമധികം 50+ സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ ഓപ്പണര്‍.
– 67 റണ്‍സടിച്ചാല്‍, ഓപ്പണര്‍ എന്ന നിലയില്‍ 16,000 റണ്‍സ്.
– 31 റണ്‍സ് നേടിയാല്‍, ഏഷ്യന്‍ മണ്ണില്‍ 6,000 ഏകദിന റണ്‍സ്.
– 130 റണ്‍സ് നേടിയാല്‍, സേന രാജ്യങ്ങള്‍ക്കെതിരെ 9,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഒരേയൊരു ഏഷ്യന്‍ ഓപ്പണര്‍.
– വിജയിക്കുന്ന മത്സരങ്ങളില്‍ 217 റണ്‍സ്, വിന്നിങ് മാച്ചുകളില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഓപ്പണര്‍.
രോഹിത് ശര്‍മ. Photo: BCCI/x.com
ഇതിനൊപ്പം ഏറ്റവുമധികം ഏകദിന റണ്‍സ് നേടുന്ന താരങ്ങളില്‍ ഇതിഹാസ താരങ്ങളായ ജാക് കാല്ലിസ്, ഇന്‍സമാം ഉള്‍ ഹഖ് എന്നിവരെ മറികടക്കാനും ഹിറ്റ്മാന് അവസരമുണ്ട്. നിലവില്‍ തുടരുന്ന മികച്ച ഫോമില്‍ താരത്തിന് ഇതില്‍ പല റെക്കോഡുകളും അനായാസം നേടാന്‍ സാധിക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content Highlight: Records that Rohit Sharma can achieve against New Zealand