| Saturday, 11th October 2025, 9:36 am

ഒന്നല്ല, രണ്ടല്ല, ഒന്നാം ദിന റെക്കോഡുകള്‍ തന്നെ ഇത്രേം ഉണ്ട്... പിക്ചര്‍ അഭി ഭി ബാക്കി ഹേ...

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ മികച്ച സ്‌കോറിലേക്ക് കുതിക്കുകയാണ് ഇന്ത്യ. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയര്‍ ഒന്നാം ദിവസം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സ് നേടി.

ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടലിലേക്ക് കുതിക്കുന്നത്. 253 പന്ത് നേരിട്ട താരം പുറത്താകാതെ 173 റണ്‍സാണ് ഇതുവരെ സ്വന്തമാക്കിയത്. 22 ഫോറുകള്‍ അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.

165 പന്തില്‍ 87 റണ്‍സടിച്ച സായ് സുദര്‍ശനാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയ മറ്റൊരു താരം.

ആദ്യ ദിവസത്തെ പ്രകടനത്തിന് പിന്നാലെ പല റെക്കോഡുകളും ജെയ്‌സ്വാള്‍ തന്റെ പേരിനൊപ്പം എഴുതിച്ചേര്‍ത്തിരിക്കുകയാണ്.

രണ്ട് തവണ ഒരു ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം 150+ സ്‌കോര്‍ കണ്ടെത്തുന്ന രണ്ടാമത് ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഇതില്‍ ആദ്യത്തേത്. 2024ലെ വിശാഖപട്ടണം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ താരം ആദ്യ ദിവസം 179 റണ്‍സ് നേടിയിരുന്നു.

വിരാട് കോഹ്‌ലിയാണ് ഈ റെക്കോഡിലെ ആദ്യ താരം. 2016ല്‍ ഇംഗ്ലണ്ടിനെതിരെ താരം 151 റണ്‍സും 2017ല്‍ ശ്രീലങ്കയ്‌ക്കെതിരെ 156 റണ്‍സും ടെസ്റ്റിന്റെ ആദ്യ ദിവസം വിരാട് സ്വന്തമാക്കിയിരുന്നു.

ഒരു ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം ഒരു ഇന്ത്യന്‍ താരം സ്വന്തമാക്കുന്ന ഏറ്റവുമുയര്‍ന്ന മൂന്നാമത് സ്‌കോര്‍ എന്ന നേട്ടവും ജെയ്‌സ്വാള്‍ സ്വന്തമാക്കി. 2007ല്‍ വസീം ജാഫര്‍ പാകിസ്ഥാനെതിരെ നേടിയ 192 റണ്‍സാണ് ഈ റെക്കോഡ് നേട്ടത്തില്‍ ഒന്നാമത്. 2017ല്‍ ശിഖര്‍ ധവാന്‍ ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റിന്റെ ആദ്യ ദിവസം 190 റണ്‍സും അടിച്ചെടുത്തിരുന്നു.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം സെഞ്ച്വറി നേടുന്ന രണ്ടാമത് ഇന്ത്യന്‍ താരമെന്ന നേട്ടവും ഏഴ് സെഞ്ച്വറി നേട്ടത്തോടെ ജെയ്‌സ്വാള്‍ സ്വന്തമാക്കി. റിഷബ് പന്തിനെയും കെ.എല്‍. രാഹുലിനെയും മറികടന്നുകൊണ്ടായിരുന്നു താരത്തിന്റെ നേട്ടം.

24 വയസ് പൂര്‍ത്തിയാകും മുമ്പ് ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരങ്ങളുടെ ലിസ്റ്റില്‍ നാലാം സ്ഥാനത്തെത്താനും വിന്‍ഡീസിനെതിരായ സെഞ്ച്വറിയോടെ ജെയ്‌സ്വാളിന് സാധിച്ചു. ഡോണ്‍ ബ്രാഡ്മാന്‍ (12), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (11), സര്‍ ഗാരി സോബേഴ്‌സ് (9) എന്നിവരാണ് ജെയ്‌സ്വാളിന് മുമ്പിലുള്ളത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

വെസ്റ്റ് ഇന്‍ഡീസ് പ്ലെയിങ് ഇലവന്‍

ജോണ്‍ കാംബെല്‍, തഗനരെയ്ന്‍ ചന്ദര്‍പോള്‍, അലിക് അത്തനാസ്, ഷായ് ഹോപ്പ്, ടെവിന്‍ ഇംലാച്ച് (വിക്കറ്റ് കീപ്പര്‍), റോസ്റ്റണ്‍ ചെയ്‌സ് (ക്യാപ്റ്റന്‍), ജസ്റ്റിന്‍ ഗ്രീവ്‌സ്, ഖാരി പിയറി, അന്‍ഡേഴ്‌സണ്‍ ഫിലിപ്പ്, ജോമല്‍ വാരികന്‍, ജെയ്ഡന്‍ സീല്‍സ്.

Content Highlight: Records by Yashasvi Jaiswal in the 1st day of IND vs WI 2nd Test

We use cookies to give you the best possible experience. Learn more