| Saturday, 7th March 2026, 8:29 am

ആഡ് ഓണ്‍ ടൈമിലെ രക്ഷകന്‍; വിറച്ച് ജയിച്ച് റയല്‍, ഒറ്റ പോയിന്റ് വ്യത്യാസത്തില്‍ രണ്ടാമത്

ആദര്‍ശ് എം.കെ.

ലാലീഗയില്‍ സെല്‍റ്റ വിഗോയ്‌ക്കെതിരെ വിജയവുമായി റയല്‍ മാഡ്രിഡ്. സെല്‍റ്റ വിഗോയുടെ തട്ടകമായ എസ്റ്റാഡിയോ ഡെ ബലൈഡോസില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ റണ്ട് ഗോളിനാണ് റയലിന്റെ വിജയം. ആഡ് ഓണ്‍ ടൈമില്‍ വാല്‍വെര്‍ദെയാണ് ലോസ് ബ്ലാങ്കോസിന്റെ രക്ഷകനായത്.

ഗെറ്റാഫെയ്‌ക്കെതിരെ ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങിയതിന്റെ നീറുന്ന ഓര്‍മകളും മനസിലിട്ടാണ് റയല്‍ പോയിന്റ് പട്ടികയിലെ ആറാം സ്ഥാനക്കാര്‍ക്കെതിരെ കളത്തിലിറങ്ങിയത്. ചിരവൈരികളും പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരുമായ ബാഴ്‌സലോണയുമായുള്ള നാല് പോയിന്റ് വ്യത്യാസം എന്ത് വിലകൊടുത്തും കുറയ്ക്കുക എന്നത് മാത്രമായിരുന്നു റയലിന്റെ ലക്ഷ്യം.

മത്സരത്തില്‍ റയല്‍ 4-3-3എന്ന ഫോര്‍മേഷനിലാണ് കളത്തിലിറങ്ങിയത്. മറുവശത്ത് 3-4-3 എന്ന ഫോര്‍മേഷനിലാണ് സെല്‍റ്റ വിഗോ പരിശീലകന്‍ തന്റെ കുട്ടികളെ കളത്തില്‍ വിന്യസിച്ചത്.

മത്സരത്തിന്റെ 11ാം മിനിട്ടില്‍ ലഭിച്ച കോര്‍ണര്‍ കിക്ക് വലയിലെത്തിച്ച് ഔറാലിയന്‍ ചൗമെനി ലോസ് ബ്ലാങ്കോസിനെ മുന്നിലെത്തിച്ചു. ആര്‍ദ ദഗുലാറിന്റെ അസിസ്റ്റിലാണ് താരം വലകുലിക്കിയത്.

ലീഡ് വഴങ്ങി 14ാം മിനിട്ടില്‍ തന്നെ സെല്‍റ്റ വിഗോ തിരിച്ചടിച്ചു. വിലോട്ട് സ്വെഡ്‌ബെര്‍ഗ് വഴിയൊരുക്കിയ പന്ത് ബോര്‍ജസ് ഇഗ്ലേസിയസ് റയല്‍ ഗോള്‍ കീപ്പര്‍ തിബൗട് കോര്‍ട്വോയെ മറികടന്ന് വലയിലേക്ക് തിരിച്ചുവിട്ടു.

തുടര്‍ന്നും ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒന്നുപോലും ലക്ഷ്യം കാണാതെ പോയതോടെ ഓരോ ഗോളുമായി ഇരുവരും ആദ്യ പകുതി അവസാനിപ്പിച്ചു.

രണ്ടാം പകുതിയിലും കാര്യങ്ങള്‍ സമാനമായിരുന്നു. ഇരു ടീമുകളും നിര്‍ണായകമായ സബ്സ്റ്റിറ്റിയൂഷനുകളും മുന്നേറ്റങ്ങളും നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. 87ാം മിനിട്ടില്‍ സെല്‍റ്റ വിഗോയുടെ മുന്നേറ്റം റയല്‍ പോസ്റ്റിലിടിച്ച് അവസാനിച്ചപ്പോള്‍ സ്‌റ്റേഡിയം ഒന്നടങ്കം മൂകമായി.

മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിയെങ്കിലും ഫൈനല്‍ വിസിലിന് മുമ്പായി 90+5ാം മിനിട്ടില്‍ ഫെഡ്രിക് വാര്‍വെര്‍ദെ റയലിന്റെ രക്ഷകനായി.

ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ബാഴ്‌സയുമായുള്ള പോയിന്റ് വ്യത്യാസം ഒന്നായി കുറയ്ക്കാന്‍ റയലിന് സാധിച്ചു. 27 മത്സരത്തില്‍ നിന്നും 20 ജയവും മൂന്ന് സമനിലയും നാല് തോല്‍വിയുമായി 63 പോയിന്റാണ് ലോസ് ബ്ലാങ്കോസിനുള്ളത്.

റയലിനേക്കാള്‍ ഒരു മത്സരം കുറവ് കളിച്ച് 21 ജയവും നാല് തോല്‍വിയും ഒരു സമനിലയുമായി 64 പോയിന്റാണ് ബാഴ്‌സലോണയ്ക്കുള്ളത്.

മാര്‍ച്ച് 15നാണ് ലാലിഗയില്‍ റയല്‍ അടുത്ത മത്സരം കളിക്കുന്നത്. സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ എല്‍ക്കെയാണ് എതിരാളികള്‍.

Content highlight: Real Madrid defeated Celta Vigo

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more