കഴിഞ്ഞ ദിവസം നടന്ന യുവേഫ കോണ്‍ഫറന്‍സ് ലീഗ് കിരീപ്പോരാട്ടത്തില്‍ റയല്‍ ബെറ്റിസിനെ പരാജയപ്പെടുത്തി ചെല്‍സി കിരീടമണിഞ്ഞിരുന്നു. ഒന്നിനെതിരെ നാല് ഗോളിനായിരുന്നു ഇംഗ്ലീഷ് വമ്പന്‍മാരുടെ വിജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ചെല്‍സിയുടെ വമ്പന്‍ തിരിച്ചുവരവിന് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചത്.
മത്സരത്തിന്റെ ഒമ്പതാം മിനിട്ടില്‍ ഗോള്‍ വഴങ്ങിയ ചെല്‍സി 65ാം മിനിട്ടുവരെ പിന്നിട്ടുനില്‍ക്കുകയായിരുന്നു. അര്‍ജന്റൈന്‍ വണ്ടര്‍ കിഡ് എന്‍സോ ഫെര്‍ണാണ്ടസിലൂടെ ഒപ്പമെത്തിയ ചെല്‍സി, നിക്കോളാസ് ജാക്‌സണ്‍ (70′), ജേഡന്‍ സാഞ്ചോ (83′), മോയ്‌സെസ് കൈസാഡോ (90+1′) എന്നിവരിലൂടെ കിരീടത്തിലേക്ക് നടന്നുകയറി.
ഇതോടെ അഞ്ച് യുവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകള്‍ സ്വന്തമാക്കുന്ന ആദ്യ ടീം എന്ന റെക്കോഡും പെന്‍ഷനേഴ്‌സ് സ്വന്തമാക്കി.
യുവേഫ ചാമ്പ്യന്‍സ് ലീഗ് (2011/12, 2020/21), യുവേഫ യൂറോപ്പ ലീഗ് (2012/13, 2018/19), യുവേഫ സൂപ്പര്‍ കപ്പ് (1998, 2021), യുവേഫ കപ്പ് വിന്നേഴ്‌സ് കപ്പ് (1970/71, 19997/98), കോണ്‍ഫറന്‍സ് ലീഗ് (2024/25) എന്നിവയാണ് ചെല്‍സി സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെത്തിച്ചത്.
ഇതോടെ മറ്റൊരു ചരിത്ര നേട്ടത്തിനും ചെല്‍സി കാരണക്കാരായി. കഴിഞ്ഞ 23 വര്‍ഷത്തില്‍ യുവഫ ഫൈനല്‍ പോരാട്ടങ്ങളില്‍ സ്പാനിഷ് ടീമുകളുടെ അപ്രമാദിത്യം അവസാനിപ്പിക്കുന്ന ആദ്യ ടീമായും ചെല്‍സി മാറി.
കഴിഞ്ഞ 23 വര്‍ഷത്തിനിടെ യുവേഫ ഫൈനല്‍ കളിച്ച എല്ലാ സ്പാനിഷ് ടീമുകളും വിജയം സ്വന്തമാക്കിയിരുന്നു. എന്നാല്‍ റയല്‍ ബെറ്റിസിന് സ്പാനിഷ് ക്ലബ്ബുകളുടെ ആ റെക്കോഡ് നിലനിര്‍ത്താന്‍ സാധിക്കാതെ പോയി.
യു.സി.എല്‍ 2002: റയല്‍ മാഡ്രിഡ് 2-1 ബയേര്‍ ലെവര്‍കൂസന്‍
യു.ഇ.എല്‍ 2003/04: വലന്‍സിയ 2-0 മാഴ്‌സലെ
യു.ഇ.എല്‍ 2006: സെവിയ്യ 4-0 മിഡില്‍സ്‌ബ്രോ
യു.സി.എല്‍ 2006: ബാഴ്‌സലോണ 2-1 ആഴ്‌സണല്‍
യു.സി.എല്‍ 2009: ബാഴ്‌സലോണ 2-0 മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
യു.ഇ.എല്‍ 2010: അത്‌ലറ്റിക്കോ മാഡ്രിഡ് 2-1 ഫുള്‍ഹാം
യു.സി.എല്‍ 2011: ബാഴ്‌സലോണ 3-1 മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
യു.ഇ.എല്‍ 2014: സെവിയ്യ 0-0 ബെന്‍ഫിക്ക. പെനാല്‍ട്ടി ഷൂട്ട്ഔട്ട് (4-2)
യു.ഇ.എല്‍ 2015: ഡിനിപ്രോ 2-3 സെവിയ്യ
യു.സി.എല്‍ 2015: ബാഴ്‌സലോണ 3-1 യുവന്റസ്
യു.ഇ.എല്‍ 2016: ലിവര്‍പൂള്‍ 1-3 സെവിയ്യ
യു.സി.എല്‍ 2017: യുവന്റസ് 1-4 റയല്‍ മാഡ്രിഡ്
യു.ഇ.എല്‍ 2018: അത്‌ലറ്റിക്കോ മാഡ്രിഡ് 3-0 മാഴ്‌സലെ
യു.സി.എല്‍ 2018: റയല്‍ മാഡ്രിഡ് 3-1 ലിവര്‍പൂള്‍
യു.ഇ.എല്‍ 2020: സെവിയ്യ 3-2 ഇന്റര്‍ മിലാന്‍
യു.ഇ.എല്‍ 2021: വിയ്യാറയല്‍ 1-1 മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. പെനാല്‍ട്ടി ഷൂട്ട്ഔട്ട് (11-10)
യു.സി.എല്‍ 2022: റയല്‍ മാഡ്രിഡ് 1-0 ലിവര്‍പൂള്‍
യു.ഇ.എല്‍ 2023: എ.എസ് റോമ 1-1 സെവിയ്യ. പെനാല്‍ട്ടി ഷൂട്ട്ഔട്ട് (4-1)
യു.സി.എല്‍ 2024: റയല്‍ മാഡ്രിഡ് 2-0 ബൊറൂസിയ ഡോര്‍ട്മുണ്ട്
യു.ഇ.സി.എല്‍ 2025: റയല്‍ ബെറ്റിസ് 1-4 ചെല്‍സി
Content Highlight: Real Betis become first Spanish team to lose in UEFA final after 19 wins