കോഴിക്കോട്: യു.എസ് നീതിന്യായവകുപ്പ് പുറത്തുവിട്ട എപ്സ്റ്റീന്‍ ഫയലുമായി തന്റെ ഏറ്റവും പുതിയ ‘കോരപാപ്പാന് സ്തുതിയായിരിക്കട്ടെ’ എന്ന നോവലിന് ബന്ധമുണ്ടോയെന്ന ചോദ്യത്തിന് ഉണ്ടെന്ന് മറുപടി നല്‍കി എഴുത്തുകാരന്‍ ടി.ഡി. രാമകൃഷ്ണന്‍. ബേബി വര്‍ഗീസ് എന്നയാളുടെ കമന്റിനാണ് ടി.ഡി. രാമകൃഷ്ണന്‍ മറുപടി നല്‍കിയത്.
‘എപ്സ്റ്റീന്‍ ഫയല്‍സും താങ്കള്‍ എഴുതിയ കോരപാപ്പാന് സ്തുതിയായിരിക്കട്ടെ എന്ന നോവലും തമ്മില്‍ എന്തേലും ബന്ധമുണ്ടോ?’ എന്നായിരുന്നു വായനക്കാരന്റെ ചോദ്യം. ഈ കമന്റിന് ‘YES’ എന്നാണ് ടി.ഡി. രാമകൃഷ്ണന്‍ മറുപടി നല്‍കിയിരിക്കുന്നത്.
എപ്സ്റ്റീന്‍ ഫയല്‍സ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ ടി.ഡി. രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര, കോരപാപ്പാന് സ്തുതിയായിരിക്കട്ടെ എന്നീ രണ്ട് പുസ്തകങ്ങളും ഒരേസമയം ചര്‍ച്ചയായിരുന്നു.
എപ്സ്റ്റീനെയും നോവലിലെ കോരപാപ്പാനെയും ബന്ധപ്പെടുത്തിക്കൊണ്ടാണ് പല ചര്‍ച്ചകളും. ഇതിനുപിന്നാലെയാണ് ടി.ഡി. രാമകൃഷ്ണന്റെ പ്രതികരണം.
അതേസമയം എപ്സ്റ്റീന്‍ ഫയല്‍സ് പുറത്തുവന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, വ്യവസായി അനില്‍ അംബാനി എന്നിവരും മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരും പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്.
എപ്സ്റ്റീന്‍ ഫയല്‍സില്‍ കൃത്യമായ ഉത്തരം പറയാനോ മൗനം വേദിയാനോ കേന്ദ്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
മോദിക്കും ഹര്‍ദീപ് സിങ്ങിനും അനില്‍ അംബാനിക്കും എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ഇ-മെയിലുകളാണ് യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്. ഇതില്‍ പുരിയും അംബാനിയും എപ്സ്റ്റീനുമായി നേരിട്ട് ആശയവിനിമയം നടത്തിയതിന്റെ വിവരങ്ങളും ഉള്‍പ്പെടുന്നു.
മൂന്ന് ദശലക്ഷത്തിലധികം പേജുകളും 2000ത്തിലധികം വീഡിയോകളും 180,000 ചിത്രങ്ങളുമാണ് യു.എസ് നീതിന്യായ വകുപ്പ് ഏറ്റവും ഒടുവില്‍ പുറത്തുവിട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19നാണ് ആദ്യത്തെ എപ്സ്റ്റീന്‍ ഫയല്‍ പുറത്തുവിട്ടത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക ആവശ്യങ്ങള്‍ക്കായി കടത്തിയ കേസില്‍ തടവിലായിരുന്ന ജെഫ്രി എപ്സ്റ്റീന്‍ 2019ല്‍ ജയിലിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. എപ്സ്റ്റീന്റെ മരണത്തില്‍ ഗൂഢാലോചന ഉണ്ടെന്നാണ് ഒരു വിഭാഗം ആളുകളുടെ ആരോപണം.
Content Highlight: Reader asks if ‘korapappanu sthuthiyayirikette’ is related to the Epstein file; T.D. Ramakrishnan says yes