| Wednesday, 11th June 2025, 12:14 pm

അമ്പമ്പോ വമ്പന്‍ റീ റിലീസില്‍ കൊമ്പന്‍ ലാലേട്ടന്‍ തന്നെ

ഹണി ജേക്കബ്ബ്

പൊലീസ് സ്റ്റേഷനില്‍ നിന്ന് അടികൊണ്ട മുള്ളന്‍ ചന്ദ്രപ്പനും ടോമിച്ചനും കൂടി ഇവരെ സൂക്ഷിക്കുക എന്ന ബോര്‍ഡിലേക്ക് നോക്കുമ്പോള്‍ പാനും ടില്‍റ്റുമായി ക്യാമറ നീങ്ങി മനസ് തുറന്ന് ചിരിക്കുന്ന ലാലേട്ടന്റെ ഫോട്ടോ. തൊട്ടടുത്ത മോമെന്റില്‍ കൊച്ചി കാര്‍ണിവലിന്റെ അകമ്പടിയോടെ പിങ്ക് കോസ്‌റ്യൂമും ഇട്ട് ചെട്ടികുളങ്ങര പാടുന്ന തലയുടെ കിടുക്കാച്ചി ഇന്‍ട്രോ. മലയാളത്തില്‍ ഒരു എന്റര്‍ടൈന്‍മെന്റ് സിനിമയിലെ നായകന് കിട്ടാവുന്നതില്‍ വെച്ച് ‘ദി ബെസ്റ്റ്’ ഇന്‍ട്രോ.

ജൂണ്‍ ആറിന് പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററിലെത്തിയ തലയേയും പിള്ളേരെയും മലയാളികള്‍ ഏറ്റെടുത്തിരിക്കുകയാണ്. വളരെ കുറച്ച് തിയേറ്ററുകളില്‍ മാത്രം ആദ്യ ദിവസം ഷോയുണ്ടായിരുന്ന ഛോട്ടാ മുംബൈ, പിന്നീട് പ്രേക്ഷകരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കൂടുതല്‍ സ്‌ക്രീനുകള്‍ ചാര്‍ട്ട് ചെയ്യുകയായിരുന്നു. 40 ലക്ഷം ഓപ്പണിങ് കളക്ഷന്‍ നേടിയ ചിത്രം സെക്കന്റ് ഡേ 75 ലക്ഷത്തോടടുത്ത് നേടി കുതിപ്പ് തുടരുകയാണ്.

എന്നാല്‍ ഇതാദ്യമായല്ല റീ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം പ്രേക്ഷകര്‍ ആഘോഷമാക്കുന്നത്. റെയ്ബാനും വെച്ച് മുണ്ടുപറിച്ച് അടിയുമായി തുടങ്ങിയതാണ് മലയാള സിനിമയിലെ റീ റിലീസ് ട്രെന്‍ഡ്. തമിഴില്‍ തുടങ്ങിയ ഈ ട്രെന്‍ഡ് മലയാള സിനിമയിലേക്ക് വന്നതും ലാലേട്ടന്‍ ചിത്രങ്ങളിലൂടെയാണ്. 2023 ഫെബ്രുവരി ഒന്‍പതിന് സ്പടികം തിയേറ്ററുകളില്‍ എത്തിയപ്പോള്‍ ആടുതോമ വീണ്ടും ആഘോഷമായിരുന്നു. അഞ്ച് കോടിക്കടുത്ത് ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടാനും ഈ ഭദ്രന്‍ ചിത്രത്തിനായി.

റിലീസ് ചെയ്ത ആദ്യ കാലത്ത് തിയേറ്ററില്‍ ദയനീയമായി പരാജയപ്പെട്ട ദേവദൂതനും റീ റിലീസ് ചെയ്തപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ എത്തിയ ദേവദൂതന് മൂന്ന് കോടിക്ക് മുകളില്‍ കളക്ഷന്‍ കിട്ടി. മലയാളത്തിലെ എവര്‍ഗ്രീന്‍ ക്ലാസ്സിക് എന്ന് വിശേഷിപ്പിക്കുന്ന മണിച്ചിത്രത്താഴും മോശമല്ലാത്ത ഒരു തുകതന്നെ റീ റിലീസ് വഴി ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയിരുന്നു.

ലാലേട്ടന്‍ ചിത്രങ്ങള്‍ മാത്രമല്ല മലയാളത്തില്‍ റീ റിലീസായി എത്തിയിട്ടുള്ളത്. മമ്മൂട്ടി നായകനായ ആവനാഴി, ഒരു വടക്കന്‍ വീരഗാഥ, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, വല്യേട്ടന്‍ തുടങ്ങിയ ചിത്രങ്ങളും പൃഥ്വിരാജ് നായകനായ അന്‍വറും വാലന്റൈന്‍സ് ഡേ സ്‌പെഷ്യലായി പ്രേമവും ഹൃദയവുമൊക്കെ എത്തിയിരുന്നു. എന്നാല്‍ ഇക്കൂട്ടത്തില്‍ വല്യേട്ടന്‍ മാത്രമാണ് തരക്കേടില്ലാത്ത രീതിയില്‍ ബോക്‌സ് ഓഫീസ് പ്രകടനം കാഴ്ചവെച്ചത്.

റീ റിലീസ് ഓപ്പണിങ് ഡേയിലെ കളക്ഷനില്‍ മൂന്നാം സ്ഥാനത്താണ് ഛോട്ടാ മുംബൈ. സ്പടികവും മണിച്ചിത്രത്താഴുമാണ് ഇതിന് മുന്നില്‍. ദൈവദൂതന്‍ നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്ത് വല്യേട്ടനാണുള്ളത്.

ഇത്രയേറെ സിനിമകള്‍ റീ റിലീസ് ചെയ്തിട്ടും മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രങ്ങള്‍ക്ക് മാത്രമാണ് പ്രേക്ഷക സ്വീകാര്യത ലഭിക്കുന്നുള്ളൂ. എന്റര്‍ടൈന്‍മെന്റ് ഫാക്ടറുള്ള, റിപീറ്റ് വാല്യൂ ഉള്ള ചിത്രങ്ങളാണ് തിയേറ്ററില്‍ ആഘോഷമാകുന്നതെന്നും വ്യക്തം. അതിന് തെളിവാണ് അവസാനമായി തിയേറ്ററുകളിലെത്തിയ ഛോട്ടാ മുംബൈയും.

‘നിങ്ങള്‍ ഇപ്പോള്‍ വായിച്ച വേദ പുസ്തകത്തിലെ ദുഷ്ടനും അധര്‍മിയും ശത്രുവും ഞാന്‍ തന്നെയാ… പേര് നടേശന്‍’ എന്ന ഡയലോഗിലൂടെ ‘മാസ് ക ബാപ്പ്’ ആയെത്തിയ കലാഭവന്‍ മണിയും സ്ഥിരം നായിക സങ്കല്‍പ്പങ്ങളെ തച്ചുടച്ച് ഓട്ടോ ഓടിച്ചുകൊണ്ട് എത്തുന്ന പറക്കും ലതയും ചിത്രത്തിന് ആവേശമായി. മുള്ളന്‍ ചന്ദ്രപ്പനും, പടക്കം ബഷീറും ടോമിച്ചനും സൈനുവും തലയോടൊപ്പം ആറാടിയ ചിത്രത്തില്‍ അന്‍വര്‍ റഷീദ് എന്ന ക്രഫ്റ്റ് മാനും രാഹുല്‍ രാജ് എന്ന മ്യൂസിക് ഡയറക്ടറും അറിഞ്ഞു പണിയെടുത്തപ്പോള്‍ ലഭിച്ചത് മലയാളത്തിലെ എക്കാലത്തെയും മികച്ച എന്റര്‍ടൈന്‍മെന്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു.

ഛോട്ടാ മുംബൈക്ക് പുറമെ ദേവാസുരം, ആറാം തമ്പുരാന്‍, കിരീടം, കാലാപാനി തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളും 4 k റെസലൂഷനില്‍ തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് സൂചനകള്‍. ഈ സിനിമകളും പ്രേക്ഷകര്‍ കൊണ്ടാടുമോയെന്ന് കാത്തിരുന്ന് കാണാം.

Content Highlight: Re Release Hits Of Mohanlal

ഹണി ജേക്കബ്ബ്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം

We use cookies to give you the best possible experience. Learn more