ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2007ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചോട്ടാ മുംബൈ. മോഹന്‍ലാല്‍ നായകനായ ചിത്രം വിഷു റിലീസായാണ് പ്രേക്ഷകരിലേക്കെത്തിയത്. വാസ്‌കോ ഡ ഗാമയായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രം ഇന്നും സിനിമാപ്രേമികളുടെ ഫേവറെറ്റാണ്. ആദ്യാവസാനം പ്രേക്ഷകരെ എന്റര്‍ടൈന്‍ ചെയ്ത ചിത്രത്തിന് ആരാധകരേറെയാണ്.
തലയും ഗ്യാങ്ങും വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് ഒരിക്കല്‍ കൂടി വരുമെന്ന് അണിയറപ്രവര്‍ത്തകര്‍ സൂചനകള്‍ നല്‍കിയിരുന്നു. മെയ് 21 മോഹന്‍ലാലിന്റെ പിറന്നാളിനോടനുബന്ധിച്ചായിരിക്കും ചിത്രം തിയേറ്ററുകള്‍ എത്തുക എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ചോട്ടാ മുംബൈയുടെ റീ റിലീസ് തീയതി മാറ്റിയതായി ചിത്രത്തിന്റെ നിര്‍മാതാവ് മണിയന്‍പിള്ള രാജു സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു.
മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും എന്ന ചിത്രം തിയേറ്ററുകള്‍ നിറഞ്ഞോടുന്ന സാഹചര്യത്തിലാണ് ചോട്ടാ മുംബൈയുടെ റിലീസ് തിയതി മാറ്റുന്നതെന്നാണ് മണിയന്‍പിള്ള രാജു തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ജൂണിലായിരിക്കും ചിത്രം വീണ്ടും തിയേറ്ററുകളില്‍ എത്തുക.
മോഹന്‍ലാല്‍- ഭദ്രന്‍ കൂട്ടുകെട്ടില്‍ പിറന്ന സ്ഫടികമാണ് മലയാളത്തില്‍ റീ റിലീസ് ട്രെന്‍ഡിന് തുടക്കം കുറിച്ചത്. ബോക്സ് ഓഫീസില്‍ മൂന്ന് കോടിക്കുമുകളിലാണ് സ്ഫടികം റീ റിലീസില്‍ സ്വന്തമാക്കിയത്. ഇതേ ഓളം തന്നെ ദേവദൂതനും മണിച്ചിത്രത്താഴിനും തുടരാനായി. എന്നാല്‍ പൃഥ്വിരാജ് ചിത്രം അന്‍വര്‍, മമ്മൂട്ടി നായകനായ പാലേരി മാണിക്യം, വല്യേട്ടന്‍, ആവനാഴി എന്നീ ചിത്രങ്ങള്‍ റീ റിലീസില്‍ തിളങ്ങാതെ പോയത് വലിയ വാര്‍ത്തയായിരുന്നു.
അതേസമയം മലയാളസിനിമയിലെ പുതിയ നാഴികക്കല്ലായി മാറിയിരിക്കുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. എമ്പുരാന്റെ വിജയത്തിന് പിന്നാലെ തിയേറ്ററുകളിലെത്തിയ ചിത്രം ബോക്സ് ഓഫീസ് വേട്ട നടത്തി മുന്നേറുകയാണ്. മോഹന്‍ലാലിന്റെ ഒറ്റക്കൊമ്പന്‍ കേരളത്തില്‍ നിന്ന് മാത്രം 95 കോടി നേടി ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടവും സ്വന്തമാക്കി. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 200 കോടി കളക്ഷന്‍ സ്വന്തമാക്കാനും ചിത്രത്തിനായി.
Content Highlight: Re Release Date Of Chotta Mumbai Movie Is Postponed