| Monday, 17th November 2025, 9:16 am

ഒറ്റ മത്സരം പോലും കളിക്കാതെ കിരീടം, ഒടുവില്‍ വന്നതുപോലെ മടക്കം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2026ന് മുന്നോടിയായി എല്ലാ ടീമുകളും തങ്ങള്‍ നിലനിര്‍ത്തിയതും റിലീസ് ചെയ്തതുമായ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരുന്നു. ചില താരങ്ങളുടെ റിലീസ് ആരാധകര്‍ക്കിടയില്‍ വലിയ ചലനമുണ്ടാക്കിയില്ലെങ്കിലും ആന്ദ്രേ റസലിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റിലീസ് ചെയ്തതടക്കമുള്ള ചില നീക്കങ്ങള്‍ വലിയ ഞെട്ടലിനും നിരാശയ്ക്കും വഴിയൊരുക്കി.

ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ലിയാം ലിവിങ്സ്റ്റണും ലുങ്കി എന്‍ഗിഡിയുമടക്കമുള്ള സൂപ്പര്‍ താരങ്ങളെയടക്കം റിലീസ് ചെയ്തിരുന്നു.

ആര്‍.സി.ബിയുടെ റിലീസ് ലിസ്റ്റില്‍ ഇടം നേടിയ മറ്റൊരു താരമായിരുന്നു സിംബാബ്‌വേ സൂപ്പര്‍ പേസര്‍ ബ്ലെസിങ് മുസരബാനി. കഴിഞ്ഞ സീസണില്‍ എന്‍ഗിഡിക്ക് പകരക്കാരനായെത്തിയ മുസരബാനിയെ പുതിയ സീസണിന് മുന്നോടിയായി ആര്‍.സി.ബി നിലനിര്‍ത്താന്‍ താത്പര്യം കാണിച്ചിരുന്നില്ല.

കഴിഞ്ഞ സീസണില്‍ താരം ഒറ്റ മത്സരത്തില്‍ പോലും കളത്തിലിറങ്ങിയിരുന്നില്ല. എങ്കിലും ടീമിനൊപ്പം ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിടാനും താരത്തിന് സാധിച്ചു. ഐ.പി.എല്‍ കിരീടം സ്വന്തമാക്കുന്ന ആദ്യ സിംബാബ്‌വന്‍ താരമെന്ന ചരിത്ര നേട്ടവും ഇതോടെ മുസരബാനി ഇപ്പോള്‍ തന്റെ പേരിലാക്കി.

ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത താരമെന്നാണ് ആരാധകര്‍ മുസരബാനിയെ വിശേഷിപ്പിക്കുന്നത്. ടീമിലെത്തുകയും ഒറ്റ മത്സരം പോലും കളിക്കാതെ കരിയറിലെ സുപ്രധാന കിരീടങ്ങളിലൊന്ന് സ്വന്തമാക്കുകയും ചെയ്ത മുസരബാനി ഇപ്പോള്‍ ടീം വിടുകയാണ്.

ഡിസംബര്‍ 16ന് നടക്കുന്ന താരലേലത്തില്‍ മുസരബാനിയെ റോയല്‍ ചലഞ്ചേഴ്‌സ് വീണ്ടും സ്വന്തമാക്കുമോ അതോ പുതിയ ടീമിനൊപ്പം താരം പുതിയ സീസണില്‍ കളത്തിലിറങ്ങുമോ എന്ന് കണ്ടുതന്നെ അറിയണം.

ഐ.പി.എല്‍ 2026ന് മുന്നോടിയായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നിലനിര്‍ത്തിയ താരങ്ങള്‍

രജത് പാടിദാര്‍ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ദേവ്ദത്ത് പടിക്കല്‍, ഫില്‍ സാള്‍ട്ട്, ജിതേഷ് ശര്‍മ, ക്രുണാല്‍ പാണ്ഡ്യ, സ്വപ്‌നില്‍ സിങ്, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പോര്‍ഡ്, ജേകബ് ബേഥല്‍, ജോഷ് ഹെയ്‌സല്‍വുഡ്, യാഷ് ദയാല്‍, ഭുവനേശ്വര്‍ കുമാര്‍, നുവാന്‍ തുഷാര, റാസിഖ് ദര്‍, അഭിനന്ദന്‍ സിങ്, സുയാഷ് ശര്‍മ.

ആര്‍.സി.ബി റിലീസ് ചെയ്ത താരങ്ങള്‍

ലിയാം ലിവിങ്‌സ്റ്റണ്‍, ലുങ്കി എന്‍ഗിഡി, ബ്ലെസ്സിങ് മുസരബാനി, ടിം സീഫെര്‍ട്ട്, മായങ്ക് അഗര്‍വാള്‍, സ്വാസ്തിക് ചികാര, മനോജ് ബണ്ഡാഗെ, മോഹിത് രാതി.

Content Highlight: RCB released Blessing Muzarabani before IPL 2026

We use cookies to give you the best possible experience. Learn more