കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ച വെച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ താരമായ റൊമാരിയോ ഷെപ്പേര്‍ഡ്. കഴിഞ്ഞ ദിവസം ടൂര്‍ണമെന്റില്‍ സെന്റ് ലൂസിയ കിങ്‌സിനെതിരായ മത്സരത്തിലാണ് താരത്തിന്റെ പ്രകടനം. ഗയാന ആമസോണ്‍ വാരിയേഴ്‌സിനായി ഇറങ്ങി അര്‍ധ സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആമസോണ്‍ വാരിയേഴ്സ് തകര്‍ന്നടിഞ്ഞ് നില്‍ക്കുന്ന നേരത്താണ് താരം ക്രീസിലെത്തിയത്. താരം ബാറ്റിങ്ങിനെത്തിയപ്പോള്‍ ടീം അഞ്ച് വിക്കറ്റിന് 78 എന്ന നിലയിലായിരുന്നു. 13ാം ഓവറില്‍ ബാറ്റിങ്ങിനെത്തിയ ഷെപ്പേര്‍ഡ് ടീമിന്റെ പോരാട്ടം ഏറ്റെടുത്തു.
പിന്നീട് കണ്ടത് താരത്തിന്റെ സംഹാര താണ്ഡവമായിരുന്നു. ക്രീസിലെത്തി ആദ്യ പന്തില്‍ തന്നെ പന്ത് ഗാലറിയിലെത്തിച്ചു. നേരിട്ട 14ാം പന്തില്‍ തന്നെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി.
മത്സരത്തില്‍ താരം ആകെ 34 പന്തില്‍ നിന്ന് പുറത്താവാതെ 78 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. 214.70 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത താരം ഏഴ് സിക്സറും അഞ്ച് ഫോറുമാണ് ഇന്നിങ്‌സില്‍ നേടിയത്.
ഷെപ്പേര്‍ഡിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ ബലത്തില്‍ ഗയാന ആമസോണ്‍ വാരിയേഴ്സ് നിശ്ചിത ഓവറില്‍ 202 റണ്‍സെടുത്തിരുന്നു. പക്ഷേ, വലിയ സ്‌കോര്‍ കണ്ടെത്തിയെങ്കിലും ടീമിന് വിജയിക്കാനായില്ല.
മറുപടി ബാറ്റിങ്ങില്‍ ലൂസിയ കിങ്‌സിന്റെ അക്കീം അഗസ്റ്റെയുടെ സൂപ്പര്‍ ഫിഫ്റ്റിയില്‍ ഷെപ്പേര്‍ഡിന്റെ പ്രകടനം നിഷ്പ്രഭമാകുകയായിരുന്നു. അഗസ്റ്റെ മത്സരത്തില്‍ 35 പന്തുകള്‍ നേരിട്ട് 73 റണ്‍സാണ് നേടിയത്.
താരത്തിന് കൂട്ടായി 37 റണ്‍സെടുത്ത ടിം സീഫെര്‍ട്ടുമുണ്ടായിരുന്നു. ഇവരുടെ പ്രകടനത്തില്‍ 11 പന്തുകള്‍ ബാക്കി നില്‍ക്കെ ലൂസിയ കിങ്സ് ജയം സ്വന്തമാക്കി.
Content Highlight: RCB player Romario Shephered scored fifty in CPL