അധിക്ഷേപങ്ങളും അശ്ലീല കമന്റും വരുന്നു; ജീവിതം ഒറ്റനിമിഷം കൊണ്ട് ഹാക്ക് ചെയ്യപ്പെട്ട പോലെ: ഐ.പി.എല്ലില്‍ താരമായ ബാഗ്ലൂര്‍ ആരാധിക ദീപിക ഘോസെ
Daily News
അധിക്ഷേപങ്ങളും അശ്ലീല കമന്റും വരുന്നു; ജീവിതം ഒറ്റനിമിഷം കൊണ്ട് ഹാക്ക് ചെയ്യപ്പെട്ട പോലെ: ഐ.പി.എല്ലില്‍ താരമായ ബാഗ്ലൂര്‍ ആരാധിക ദീപിക ഘോസെ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 14th May 2019, 2:26 pm

 

മുംബൈ: ഐ.പി.എല്ലിലെ പന്ത്രണ്ടാം സീസണിലെ ബാംഗ്ലൂരിന്റെ അവസാന മത്സരത്തില്‍ ചിന്നസ്വാമി ഗാലറിയില്‍ ആരാധകരുടെ ഹൃദയം ഒരു കവര്‍ന്ന ദീപിക ഘോസെയ്ക്ക് നേരെ സൈബര്‍ ആക്രമണം. കടുത്ത അധിക്ഷേപങ്ങള്‍ക്കും കൊടിയ മാനസിക പീഡനങ്ങള്‍ക്കുമാണ് താനിപ്പോള്‍ ഇരയായിക്കൊണ്ടിരിക്കുന്നതെന്ന് ദീപിക പറയുന്നു.

ആളുകള്‍ എങ്ങനെയാണ് എന്റെ പേരും പ്രൊഫൈലുകളും കണ്ടെത്തിയതെന്ന കാര്യത്തില്‍ ഞാന്‍ ആശയക്കുഴപ്പത്തിലാണെന്നും എന്റെ ജീവിതം ഒറ്റനിമിഷം കൊണ്ട് ഹാക്ക് ചെയ്യപ്പെട്ട പോലെയാണ് തോന്നിയെന്നും ദീപക ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

രാത്രി വൈകി പലരും മോശമായ തരത്തിലാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇടപെടുന്നതെന്നും നിരവധി പുരുഷന്മാരാണ് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതെന്നും ദീപിക പറഞ്ഞു. എന്നാല്‍ സ്ത്രീകളുടെ പ്രതികരണങ്ങള്‍ തന്നെ ഞെട്ടിച്ചെന്നും എന്നെ അറിയാത്തവരൊക്കെ ക്രൂരമായ കാര്യങ്ങളാണ് തന്നെപ്പറ്റി പ്രചരിപ്പിക്കുന്നതെന്നും ദീപിക പറഞ്ഞു.

ഞാനൊരു സെലബ്രിറ്റിയല്ല, മത്സരം ആസ്വദിച്ച സാധാരണക്കാരിയായ ഒരു പെണ്‍കുട്ടി മാത്രമായിരുന്നു. ടിവിയില്‍ മുഖം വരണമെന്ന ആഗ്രഹത്തോടെ ഒന്നും തന്നെ ഞാന്‍ ചെയ്തിട്ടില്ലെന്നും പറഞ്ഞ ദീപിക സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് ലഭിച്ച സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയും പറഞ്ഞു.

മേയ് നാലിന് നടന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ – സണ്‍റൈസേഴ്സ് ഹൈദരാബാദ് ഐ.പി.എല്‍ മത്സരത്തിനിടെയാണ് ദീപിക ക്യാമറമാന്റെ കണ്ണില്‍ പെട്ടതും തുടര്‍ന്ന് നിമിഷം നേരം കൊണ്ട് താരമായതും. കൊടി വീശിയും നൃത്തം ചെയ്തുമാണ് ഗാലറിയില്‍ ആര്‍.സി.ബിക്ക് വേണ്ടി ദീപിക കെയ്യടിച്ചത്.

വെറും അഞ്ച് സെക്കന്റ് മാത്രമാണ് ദീപികയെ സ്‌ക്രീനില്‍ കാണിച്ചതെങ്കിലും സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ഏറ്റെടുത്തതോടെ ദീപക   ചര്‍ച്ചയാവുകയായിരുന്നു. ഒരൊറ്റ രാത്രി കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ദീപികയുടെ ഫോളോവേഴ്‌സിന്റെ എണ്ണം 2000ല്‍ നിന്ന് രണ്ടു ലക്ഷമായാണ് വര്‍ധിച്ചത്.