എത്ര കുറച്ച് സമയമായാലും വിരാടിനത് നേടണമെന്നാണ് ആഗ്രഹം; തുറന്ന് പറഞ്ഞ് ജഡേജ
Sports News
എത്ര കുറച്ച് സമയമായാലും വിരാടിനത് നേടണമെന്നാണ് ആഗ്രഹം; തുറന്ന് പറഞ്ഞ് ജഡേജ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 29th May 2025, 7:33 am

ഇന്ത്യന്‍ സൂപ്പര്‍ താരമായ വിരാട് കോഹ് ലി അടുത്തിടെ റെഡ് ബോളില്‍ നിന്ന് വിരമിച്ചിരുന്നു. തന്റെ 14 വര്‍ഷത്തെ ടെസ്റ്റ് കരിയറിന് വിരാമമിട്ടാണ് വിരാട് ഇന്ത്യന്‍ വെള്ള കുപ്പായം അഴിച്ച് വെക്കുന്നത്. രോഹിത് ശര്‍മ ടെസ്റ്റിലെ തന്റെ പടിയിറക്കം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കോഹ്ലിയും ക്രിക്കറ്റിലെ ഏറ്റവും വലിയ ഫോര്‍മാറ്റിന് ഫുള്‌സ്റ്റോപ്പ് ഇടാന്‍ തീരുമാനിച്ചത്.

ഇപ്പോള്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജ കോഹ്ലിയെ കുറിച്ച് സംസാരിക്കുകയാണ്. ടെസ്റ്റില്‍ എപ്പോഴും 20 വിക്കറ്റുകള്‍ നേടണമെന്ന് വിരാട് ആഗ്രഹിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഒരു മത്സരത്തില്‍ എത്ര കുറച്ച് സമയമാണ് ശേഷിക്കുന്നെങ്കിലും വിരാട് വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ലെന്നും അപ്പോഴും എതിരാളികളുടെ പത്ത് വിക്കറ്റുകള്‍ നേടാനാണ് ആഗ്രഹിക്കുകയെന്നും ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സ്പിന്നറായ ആര്‍. അശ്വിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ജഡേജ.

‘ഇന്ത്യയ്ക്ക് ടെസ്റ്റില്‍ വലിയ വിജയങ്ങള്‍ സമ്മാനിച്ചത് വിരാട് പോസിറ്റീവ് സമീപനമാണ്. ഒരു ടെസ്റ്റ് മാച്ചില്‍ അവന്‍ എപ്പോഴും 20 വിക്കറ്റുകള്‍ എടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു എന്നതാണ് അവന്റെ പ്രത്യേകത.

മത്സരത്തില്‍ ഒരു മൂന്ന് മണിക്കൂര്‍ സെഷനോ 45 ഓവറോ എന്തുമാകട്ടെ ശേഷിക്കുന്നത്, അവന്‍ ഒരിക്കലും വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. വിരാടിന് അപ്പോഴും എതിര്‍ ടീമിന്റെ പത്ത് വിക്കറ്റും നേടണം എന്നാണ് ആഗ്രഹം,’ ജഡേജ പറഞ്ഞു.

നിലവില്‍ ഇന്ത്യന്‍ ടീം അടുത്ത മാസം ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനായുള്ള തയ്യാറെടുപ്പിലാണ്. ജൂണ്‍ 20 ന് അഞ്ച് ടെസ്റ്റുകളുള്ള പരമ്പരക്ക് തുടക്കമാവുക. കഴിഞ്ഞ ആഴ്ച യുവതാരം ശുഭ്മന്‍ ഗില്ലിന്റെ കീഴില്‍ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിരുന്നു.

Content Highlight: Ravindra Jadeja talks about the Virat Kohli’s approach in Test Cricket