ഒഴിവാക്കിയതില്‍ കുഴപ്പമില്ല, അതിന് എന്തെങ്കിലും കാരണമുണ്ടാകും; ഓസ്‌ട്രേലിയന്‍ പരമ്പരയെക്കുറിച്ച് ജഡേജ
Sports News
ഒഴിവാക്കിയതില്‍ കുഴപ്പമില്ല, അതിന് എന്തെങ്കിലും കാരണമുണ്ടാകും; ഓസ്‌ട്രേലിയന്‍ പരമ്പരയെക്കുറിച്ച് ജഡേജ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 13th October 2025, 8:26 am

ഒക്ടോബര്‍ 19നാണ് ഓസ്‌ട്രേലിയക്കെതിരെയുള്ള ഇന്ത്യയുടെ മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ആരംഭിക്കുന്നത്. ഇതോടെ ഇന്ത്യ തങ്ങളുടെ 15 അംഗ സ്‌ക്വാഡും പുറത്ത് വിട്ടിരുന്നു. സൂപ്പര്‍ താരങ്ങളായ രോഹിത്തും വിരാടും സ്‌ക്വാഡില്‍ ഇടം നേടിയപ്പോള്‍ മികച്ച ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയില്ല. 2025ലെ ചാമ്പ്യന്‍സ് ട്രോഫി ജേതാവായ ജഡേജയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തതില്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മാത്രമല്ല 2027ല്‍ നടക്കാനിരിക്കുന്ന ഏകദിന സ്‌ക്വാഡില്‍ ജഡേജയെ ഉള്‍പ്പെടുത്തുമോ എന്നും സംശയമാണ്.

ഇപ്പോള്‍ തന്നെ ടീമിലെടുക്കാത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് ജഡേജ. തനിക്ക് ഏകദിന മത്സരങ്ങള്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്നും പക്ഷെ അത് തീരുമാനിക്കുന്നത് സെലക്ടര്‍മാരും പരിശീലകനും ക്യാപ്റ്റനുമാണെന്ന് ജഡ്ഡു പറഞ്ഞു. മാത്രമല്ല ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ തന്നെ ഒഴിവാക്കിയതിന് എന്തെങ്കിലും കാരണമുണ്ടാകുമെന്നും ഇനിയും അവസരം ലഭിച്ചാല്‍ മികച്ച പ്രകടനം നടത്തുമെന്നും ഓള്‍റൗണ്ടര്‍ പറഞ്ഞു.

‘എനിക്ക് ഏകദിനങ്ങള്‍ കളിക്കണം, പക്ഷേ അത് എന്റെ കൈകളിലല്ല. അവസാനം, ടീം മാനേജ്മെന്റും ക്യാപ്റ്റനും പരിശീലകനും ചിന്തിക്കുന്നത്‌പോലെ ഉണ്ടാകും. ഓസ്ട്രേലിയന്‍ ഏകദിനങ്ങള്‍ക്കായി എന്നെ ടീമില്‍ നിലനിര്‍ത്താത്തതിന് പിന്നില്‍ അവര്‍ക്ക് ഒരു കാരണമുണ്ടാകും. അവര്‍ എന്നോട് സംസാരിച്ചു, അത് എനിക്ക് ഒരു അത്ഭുതമായിരുന്നില്ല.

ക്യാപ്റ്റനും പരിശീലകനും സെലക്ടര്‍മാരും അവരുടെ യുക്തിയെക്കുറിച്ച് എന്നോട് സംസാരിച്ചതില്‍ സന്തോഷമുണ്ട്. അടുത്ത അവസരം ലഭിക്കാന്‍ ഞാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കും. ലോകകപ്പിന് മുമ്പ് നിരവധി ഏകദിനങ്ങളുണ്ട്, അവസരം ലഭിച്ചാല്‍ ഞാന്‍ മികച്ച പ്രകടനം കാഴ്ചവെക്കും, അത് ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണം ചെയ്യും,’ ജഡേജ പറഞ്ഞു.

ഇന്ത്യന്‍ ഏകദിന സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), അക്സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസീദ് കൃഷ്ണ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍, യശസ്വി ജെയ്‌സ്വാള്‍

Content highlight: Ravindra Jadeja Talking About Australian ODI Series