ഗ്രൂപ്പ് ഡി-യില്‍ കരുത്തര്‍ പരസ്പരമേറ്റുമുട്ടുന്നു എന്നത് തന്നെയാണ് ഈ മത്സരത്തെ ഏറെ സ്‌പെഷ്യലാക്കുന്നത്. ജഡേജയ്‌ക്കൊപ്പം ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാരയും സൗരാഷ്ട്രയ്ക്കായി കളത്തിലിറങ്ങും.
രവീന്ദ്ര ജഡേജയടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി
ഗ്രൂപ്പ് ഡി-യില്‍ ദല്‍ഹിയും സൗരാഷ്ട്രയും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഈ മത്സരമടക്കം രണ്ട് മത്സരം മാത്രമാണ് ശേഷിക്കുന്നത് എന്ന കാരണത്താല്‍ തന്നെ ഇരു ടീമിനും വിജയം അനിവാര്യമാണ്.
അതേസമയം, മറ്റ് സൂപ്പര്‍ താരങ്ങളും നാളെ രഞ്ജിയില്‍ കളിക്കും.
നാളുകള്‍ക്ക് ശേഷം മുംബൈയ്ക്കായി ആഭ്യന്തര തലത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പാഡ് കെട്ടുകയാണ്. കരുത്തരായ ജമ്മു കശ്മീരാണ് എതിരാളികള്‍.
ഗ്രൂപ്പ് എ-യില്‍ നിലവില്‍ മൂന്നാമതാണ് മുംബൈ. ജമ്മു കശ്മീരാകട്ടെ രണ്ടാം സ്ഥാനത്തും. വെറും ഒരു പോയിന്റ് മാത്രമാണ് ഇരുവരെയും തമ്മില്‍ വേര്‍തിരിക്കുന്നത്.
രോഹിത് ശര്‍മ മുംബൈ ജേഴ്‌സിയില്‍
ആദ്യ ഘട്ട മത്സരങ്ങള്‍ക്ക് ശേഷം ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ മുമ്പോട്ട് കുതിക്കുമെന്നതിനാല്‍ വീറും വാശിയുമേറിയ പോരാട്ടത്തിനാകും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം വേദിയാവുക.
കേരളം ഉള്‍പ്പെടുന്ന ഗ്രൂപ്പ് സി-യിലെ പഞ്ചാബ് – കര്‍ണാടക മത്സരത്തെ കൂടുതല്‍ ആവേശഭരിതമാക്കാന്‍ ചാമ്പ്യന്‍സ് ട്രോഫി വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലെത്തിയിരിക്കുകയാണ്. പ്രഭ്‌സിമ്രാന്‍ സിങ് നയിക്കുന്ന പഞ്ചാബിനൊപ്പമാകും ഗില്‍ കളത്തിലിറങ്ങുക.
ഗ്രൂപ്പ് സി-യില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് പഞ്ചാബ്. അഞ്ച് മത്സരത്തില്‍ നിന്നും ഒരു ജയവും രണ്ട് തോല്‍വിയുമായി 11 പോയിന്റാണ് പഞ്ചാബിനുള്ളത്.
അതേസമയം, കര്‍ണാടകയാകട്ടെ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ നാലാമതാണ്. അഞ്ച് മത്സരത്തില്‍ നിന്നും 12 പോയിന്റാണ് മായങ്ക് അഗര്‍വാളിനും സംഘത്തിനുമുള്ളത്. വിജയ് ഹസാരെ ട്രോഫി വിജയിച്ചതിന്റെ സകല ആവേശവുമായാണ് കര്‍ണാടക രഞ്ജിയിലെ ശേഷിച്ച മത്സരങ്ങള്‍ക്കിറങ്ങുന്നത്.
Content Highlight: Ravindra Jadeja, Rohit Sharma, Shubhman Gill to play Ranji Trophy