ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനം ഫെബ്രുവരി ആറിന് വി.സി.എ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. നേരത്തെ നടന്ന ടി-20 പരമ്പരയില്‍ വിജയം സ്വന്തമാക്കിയ ഇന്ത്യ ഏകദിന പരമ്പരയിലും വിജയം നേടാനുള്ള ഒരുക്കത്തിലാണ്.
ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് നടക്കുന്ന ഏകദിന മത്സരങ്ങള്‍ എന്ന നിലയില്‍ ഈ പരമ്പരക്കായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
ഈ പരമ്പരയില്‍ സൂപ്പര്‍ താരം രവീന്ദ്ര ജഡേജയെ ഒരു തകര്‍പ്പന്‍ നേട്ടവും കാത്തിരിക്കുന്നുണ്ട്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന മത്സരങ്ങളില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമെന്ന നേട്ടത്തിലേക്കാണ് രവീന്ദ്ര ജഡേജ കണ്ണുവെക്കുന്നത്. ഈ നേട്ടം സ്വന്തമാക്കാന്‍ താരത്തിന് വേണ്ടതാകട്ടെ വെറും ഒറ്റ വിക്കറ്റും.
31 ഇന്നിങ്‌സില്‍ നിന്നും 40 വിക്കറ്റുമായി ഇതിഹാസ താരം ജെയിംസ് ആന്‍ഡേഴ്‌സണാണ് നിലവില്‍ ഈ റെക്കോഡ് നേട്ടത്തില്‍ ഒന്നാമതുള്ളത്. 25 മത്സരത്തില്‍ നിന്നും 39 വിക്കറ്റുമായാണ് ജഡ്ഡു രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്.
ഇനിയുള്ള മത്സരങ്ങളില്‍ നിന്നും ഒരു വിക്കറ്റ് നേടിയാല്‍ ജെയിംസ് ആന്‍ഡേഴ്‌സണൊപ്പം ഒന്നാം സ്ഥാനത്തെത്താനും മറ്റൊരു വിക്കറ്റ് നേടിയാല്‍ ജിമ്മിയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയിട്ട് ഒന്നാം സ്ഥാനത്ത് ഒറ്റയ്ക്ക് നിലുറപ്പിക്കാനും താരത്തിനാകും.
ഇന്ത്യ – ഇംഗ്ലണ്ട് ഏകദിനത്തില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങള്‍
(താരം – ടീം – ഇന്നിങ്‌സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)
ജെയിംസ് ആന്‍ഡേഴ്‌സണ്‍ – ഇംഗ്ലണ്ട് – 31 – 40
രവീന്ദ്ര ജഡജേ – ഇന്ത്യ – 25 – 39*
ആന്‍ഡ്രൂ ഫ്‌ളിന്റോഫ് – 29 – 37
ഹര്‍ഭജന്‍ സിങ് – ഇന്ത്യ – 23 – 36
ജവഗല്‍ ശ്രീനാഥ് – ഇന്ത്യ – 21 – 35
ആര്‍. അശ്വിന്‍ – ഇന്ത്യ – 22 – 35
സ്റ്റീവന്‍ ഫിന്‍ – ഇംഗ്ലണ്ട് – 17 – 28
കപില്‍ ദേവ്- ഇന്ത്യ – 23 – 28
നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന പരമ്പരയില്‍ തന്നെ ജഡേജ ആന്‍ഡേഴ്‌സണെ മറികടക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. രഞ്ജി ട്രോഫിയിലടക്കം മികച്ച പ്രകടനം നടത്തിയാണ് ജഡ്ഡു ഇംഗ്ലണ്ടിനെതിരായ പരമ്പരക്കും ചാമ്പ്യന്‍സ് ട്രോഫിക്കും ഒരുങ്ങുന്നത്.