ഐ.പി.എല്‍ 2026ന് മുന്നോടിയായി സഞ്ജു സാംസണിനായി രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പര്‍ കിങ്സ് (സി.എസ്.കെ) കൈവിടാന്‍ സാധ്യതകള്‍ കൂടുന്നു. രാജസ്ഥാന്‍ റോയല്‍സ് (ആര്‍.ആര്‍) ക്യാപ്റ്റനുമായി ട്രേഡ് ചെയ്യാന്‍ ഇരു ടീമുകളും ധാരണയില്‍ എത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അഭ്യൂഹങ്ങള്‍ക്ക് ശക്തി കൂടുന്നതിനിടെ ജഡേജ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. ഇതിന്റെ കാരണം വ്യക്തമല്ലെങ്കിലും ആരാധകര്‍ വലിയ ആശങ്കയിലാണ്. പെട്ടെന്നുള്ള കാണാതാവലിനെ താരത്തിന്റെ ഐ.പി.എല്‍ ഭാവിയുമായാണ് ആരാധകര്‍ ബന്ധിപ്പിക്കുന്നത്.
ഇത് താരം സി.എസ്.കെ വിടുമെന്നതിന്റെ കൃത്യമായ സൂചനയാണെന്നാണ് ആരാധകരില്‍ ഒരു വിഭാഗം വാദിക്കുന്നത്. എന്നാല്‍, ജഡേജ തന്നെ തന്റെ അക്കൗണ്ട് ഇനാക്ടീവ് ആക്കിയതാണ് എന്ന അഭ്യൂഹവും ശക്തമാണ്.
ഒരു വിഭാഗം ആരാധകര്‍ അത്ലറ്റുകള്‍ പൊതുവെ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ഇടവേളയെടുക്കാറുണ്ടെന്നും ജഡേജയും അതുപോലെ ചെയ്തിരിക്കാമെന്നും പറയുന്നുണ്ട്. ചിലര്‍ വ്യക്തിപരമായ തീരുമാനമാകാമെന്നും അക്കൗണ്ട് കണ്ടെത്താന്‍ കഴിയാത്തതിന് പിന്നില്‍ ഐ.പി.എല്‍ അഭ്യൂഹങ്ങളായിരിക്കില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ജഡേജയെയും സാം കറനിനെയും കൈമാറുന്നതിന് രാജസ്ഥാന്‍ റോയല്‍സും സി.എസ്.കെയും ധാരണയിലെത്തിയെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഈ ഡീല്‍ യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ താരത്തിന് ഇതൊരു ഹോം കമിങ് കൂടിയാവും. താരത്തിന്റെ ഐ.പി.എല്‍ അരങ്ങേറ്റം ആര്‍.ആറിനൊപ്പമായിരുന്നു.
ടൂര്‍ണമെന്റിന്റെ ആദ്യ രണ്ട് സീസണുകളില്‍ ജഡേജ രാജസ്ഥാന് വേണ്ടി കളിച്ചു. പിന്നീട് 2011ല്‍ കൊച്ചി ടസ്‌കേഴ്സിനായും കളത്തിലിറങ്ങി. പിന്നീടാണ് താരം ചെന്നൈയിലെത്തുന്നത്. 2012ല്‍ ടീമിനൊപ്പം ചേര്‍ന്ന ഓള്‍റൗണ്ടര്‍ ടീം വിലക്ക് നേരിട്ട സീസണില്‍ ഒഴികെ ചെന്നൈയുടെ മഞ്ഞ ജേഴ്‌സിലാണ് കളിച്ചത്.
Content Highlight: The disappearance of Ravindra Jadeja’s Instagram profile amid trade deal discussions between CSK and RR has intrigued social media