കുംബ്ലെയേയും വെട്ടി ജഡ്ഡുവിന്റെ താണ്ഡവം; പ്രോട്ടിയാസിനെ വിറപ്പിച്ചവന് കിടലന്‍ റെക്കോഡ്!
Sports News
കുംബ്ലെയേയും വെട്ടി ജഡ്ഡുവിന്റെ താണ്ഡവം; പ്രോട്ടിയാസിനെ വിറപ്പിച്ചവന് കിടലന്‍ റെക്കോഡ്!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 15th November 2025, 5:28 pm

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടരുകയാണ്. ആദ്യ ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയ ഇന്ത്യ 189ന് പുറത്തായി. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ 159 റണ്‍സിനാണ് ഇന്ത്യ സൗത്ത് ആഫ്രിക്കയെ പുറത്താക്കിയത്.

നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസ് രണ്ടാം ദിനം അവസാനിച്ചപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സാണ് നേടിയത്. നിലവില്‍ ടീമിന് വേണ്ടി ക്രീസിലുള്ളത് ക്യാപ്റ്റന്‍ തെംബ ബാവുമയും (78 പന്തില്‍ 29) കോര്‍ബിന്‍ ബോഷുമാണ് (നാല് പന്തില്‍ ഒന്ന്).

ഇന്ത്യന്‍ സ്പിന്‍ നിരയുടെ ആക്രമണത്തിലാണ് സൗത്ത് ആഫ്രിക്കയെ എളുപ്പം തകര്‍ച്ചയിലേക്ക് കൊണ്ടെത്തിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് രവീന്ദ്ര ജഡേജയായിരുന്നു.

നാല് പ്രോട്ടിയാസ് താരങ്ങളെ പുറത്താക്കിയാണ് ജഡേജ തിളങ്ങിയത്. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം (4), വിയാന്‍ മുള്‍ഡര്‍ (11), ടോണി ഡി സോര്‍സി (2), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (5) എന്നിവരുടെ വിക്കറ്റുകളാണ് ജഡേജ വീഴ്ത്തിയത്. ഇതോടെ ഒരു സൂപ്പര്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്.

സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള ഹോം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ മൂന്നാമത്തെ ഇന്ത്യന്‍ താരമാകാനാണ് ജഡേജയ്ക്ക് സാധിച്ചത്. നേട്ടത്തില്‍ മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെയെ മറികടന്നാണ് താരം മൂന്നാമനായത്.

സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള ഹോം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ താരങ്ങള്‍
(താരം – മത്സരങ്ങള്‍ – വിക്കറ്റുകള്‍ എന്നീ ക്രമത്തില്‍)

രവിചന്ദ്രന്‍ അശ്വിന്‍ – 7 – 46

ഹര്‍ഭജന്‍ സിങ് – 7 – 42

രവീന്ദ്ര ജഡേജ – 8 – 40

അനില്‍ കുംബ്ലെ – 9 – 39

ജവഗല്‍ ശ്രീനാഥ് – 5 – 21

ജഡേജക്ക് പുറമെ കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റുമാണ് നേടിയത്.

ആദ്യ ഇന്നിങ്സില്‍ കെ.എല്‍. രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 119 പന്തില്‍ നിന്ന് 39 റണ്‍സാണ് താരം നേടിയത്. 32.77 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ക്രീസില്‍ ഉറച്ചുനിന്നത്. 29 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

റിഷബ് പന്തിന് പുറമെ രവീന്ദ്ര ജഡജേയും 27 റണ്‍സ് നേടി. പ്രോട്ടിയാസിനായി സൈമണ്‍ ഹാര്‍മര്‍ നാല് വിക്കറ്റ് വീഴ്ത്തി. മാര്‍കോ യാന്‍സെന്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ കോര്‍ബിന്‍ ബോഷും കേശവ് മഹാരാജും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Content Highlight: Ravindra Jadeja In Great Record Achievement Against South Africa In Test