കോഹ്‌ലിയെയും അശ്വിനെയും വെട്ടി ജഡേജ; സൂപ്പര്‍ നേട്ടത്തില്‍ ഇനി ദ്രാവിഡിനൊപ്പം!
Cricket
കോഹ്‌ലിയെയും അശ്വിനെയും വെട്ടി ജഡേജ; സൂപ്പര്‍ നേട്ടത്തില്‍ ഇനി ദ്രാവിഡിനൊപ്പം!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 4th October 2025, 4:04 pm

വെസ്റ്റ് ഇന്‍ഡീസിനെതിരായുള്ള ഒന്നാം ടെസ്റ്റില്‍ കൂറ്റന്‍ വിജയം സ്വന്തമാക്കി ഗില്ലും സംഘവും. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 140 റണ്‍സിനുമാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ ഒന്നാം ഇന്നിങ്സ് ലീഡ് പിന്തുടര്‍ന്നിറങ്ങിയ കരീബിയന്‍ പട മത്സരത്തിന്റെ മൂന്നാം ദിവസം തന്നെ തോല്‍വി സമ്മതിക്കുകയായിരുന്നു.

സ്‌കോര്‍

വെസ്റ്റ് ഇന്‍ഡീസ് – 162 & 146

ഇന്ത്യ – 448/5d

മത്സരത്തില്‍ ഇന്ത്യക്കായി മിന്നും പ്രകടനം നടത്തിയവരില്‍ ഒരാളാണ് വൈസ് ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ. താരം മത്സരത്തില്‍ സെഞ്ച്വറിയും നാല് വിക്കറ്റുകളുമാണ് നേടിയാണ് തിളങ്ങിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സില്‍ ഓള്‍ റൗണ്ടര്‍ 176 പന്തില്‍ 104 റണ്‍സാണ് നേടിയത്. അഞ്ച് സിക്സും ആറ് ഫോറം അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒന്നാം ഇന്നിങ്‌സില്‍ വിക്കറ്റൊന്നും നേടാനായില്ലെങ്കിലും മൂന്നാം ഇന്നിങ്‌സില്‍ വിക്കറ്റ് വേട്ടയ്ക്ക് നേതൃത്വം കൊടുത്തത് താരമായിരുന്നു. നാല് വിക്കറ്റാണ് ജഡേജ സ്വന്തമാക്കിയത്. ഈ പ്രകടനത്തിന് വെറ്ററന്‍ താരത്തിന് പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും നേടാന്‍ സാധിച്ചു.

ഇതോടെ ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാന്‍ ജഡേജക്കായി. ടെസ്റ്റില്‍ ഇന്ത്യക്കായി കൂടുതല്‍ പ്ലെയര്‍ ഓഫ് ദി അവാര്‍ഡ് നേടിയ താരങ്ങളില്‍ രണ്ടാമതാവാനാണ് ഓള്‍ റൗണ്ടര്‍ക്ക് സാധിച്ചത്. 11 തവണയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കളിയിലെ താരമായത്. ഈ നേട്ടത്തില്‍ രാഹുല്‍ ദ്രാവിഡിനൊപ്പമാണ് താരം രണ്ടാമതുള്ളത്.

ഇന്ത്യക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ പി.ഒ.ടി.എം അവാര്‍ഡ് നേടിയ താരങ്ങള്‍, എണ്ണം

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 14

രവീന്ദ്ര ജഡേജ – 11

രാഹുല്‍ ദ്രാവിഡ് – 11

ആര്‍. അശ്വിന്‍ – 10

വിരാട് കോഹ്ലി – 10

അനില്‍ കുംബ്ലെ – 10

ജഡേജയ്ക്ക് പുറമെ, മൂന്നാം ഇന്നിങ്‌സില്‍ മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും നേടി. ഒപ്പം വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

നേരത്തെ, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കരീബിയന്‍ പടയെ ഒന്നാം ദിനം തന്നെ ഇന്ത്യയ്ക്ക് പുറത്താക്കാന്‍ സാധിച്ചിരുന്നു. 162 റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്സ് അവസാനിച്ചത്. 48 പന്തില്‍ 32 റണ്‍സെടുത്ത ജസ്റ്റിന്‍ ഗ്രീവ്സാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. താരത്തിന് പുറമെ ഷായ് ഹോപ്പും ( 36 പന്തില്‍ 26) ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചെയ്‌സും (43 പന്തില്‍ 24) ഭേദപ്പെട്ട പ്രകടനം നടത്തി.

ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും ബൗളിങ്ങില്‍ മികവ് കാട്ടി. സിറാജ് നാല് വിക്കറ്റും ബുംറ മൂന്ന് വിക്കറ്റും സ്വന്തമാക്കി. കൂടാതെ, കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി.

പിന്നാലെ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനെത്തിയ ഇന്ത്യ തകര്‍ത്തടിച്ചു. മൂന്ന് സെഞ്ച്വറികളുടെ കരുത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 448 എന്ന നിലയില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു.

ജഡേജക്കൊപ്പം ധ്രുവ് ജുറെല്‍, കെ.എല്‍. രാഹുല്‍ എന്നിവരാണ് മത്സരത്തില്‍ സെഞ്ച്വറി സ്വന്തമാക്കിയത്. ജുറെല്‍ 210 പന്ത് നേരിട്ട് 125 റണ്‍സ് നേടിയപ്പോള്‍ 197 പന്തില്‍ നൂറ് റണ്‍സാണ് കെ.എല്‍. രാഹുല്‍ അടിച്ചത്.

Content Highlight: Ravindra Jadeja equals Rahul Dravid in most POTM awards in Test for India by surpassing Virat Kohli and R Ashwin