ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം മത്സരം സമനിലയില്‍ അവസാനിച്ചിരിക്കുകയാണ്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ അവസാന ദിവസം ഇന്ത്യയെ എറിഞ്ഞിടാന്‍ ബെന്‍ സ്റ്റോക്സിനും സംഘത്തിനും സാധിക്കാതെ വന്നതോടെയാണ് മത്സരം സമനിലയില്‍ അവസാനിച്ചത്.
ആദ്യ ഇന്നിങ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ, ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ സെഞ്ച്വറി നേടി. ജഡ്ഡു 185 പന്ത് നേരിട്ട് പുറത്താകാതെ 107 റണ്‍സും സുന്ദര്‍ 206 പന്തില്‍ പുറത്താകാതെ 101 റണ്‍സും നേടി. 238 പന്തില്‍ 103 റണ്‍സാണ് ക്യാപ്റ്റന്‍ സ്വന്തമാക്കിയത്.
ഈ അപരാജിത സെഞ്ച്വറിക്ക് പിന്നാലെ ജഡേജ കരിയറിലെ മറ്റൊരു നാഴികക്കല്ലും പിന്നിട്ടിരുന്നു. ഇംഗ്ലണ്ടില്‍ 1,000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ ജഡേജ ഇടം നേടി. ഈ റെക്കോഡിലെത്തുന്ന ഏഴാം താരമാണ് ജഡേജ.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്‌കര്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, റിഷബ് പന്ത് എന്നിവരാണ് ഈ നേട്ടത്തിലെത്തിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ഇതില്‍ രാഹുലും പന്തും മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലാണ് 1,000 റണ്‍സ് മാര്‍ക് പിന്നിട്ടത് എന്നതും ശ്രദ്ധേയമാണ്.
ഇതോടെ മറ്റൊരു റെക്കോഡും ജഡേജ സ്വന്തമാക്കി. ഒരു വിദേശ രാജ്യത്ത് 1,000+ ടെസ്റ്റ് റണ്‍സുകളും 30+ ടെസ്റ്റ് വിക്കറ്റുകളും നേടുന്ന താരങ്ങളുടെ ലിസ്റ്റിലും ഇടം നേടിയാണ് ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ചരിത്രമെഴുതിയത്. ഈ ലിസ്റ്റിലെ ഏക ഇന്ത്യന്‍ താരമാണ് ജഡേജ. ഇംഗ്ലണ്ടില്‍ 34 ടെസ്റ്റ് വിക്കറ്റുകളാണ് ജഡ്ഡുവിനുള്ളത്.
വിദേശ രാജ്യത്ത് 1,000 ടെസ്റ്റ് റണ്‍സും 30 ടെസ്റ്റ് വിക്കറ്റുകളും നേടുന്ന താരങ്ങള്‍
(താരം – ടീം – എതിരാളികള്‍ എന്നീ ക്രമത്തില്‍)
വില്‍ഫ്രെഡ് റൂഡ്‌സ് – ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ
സര്‍ ഗാരി സോബേഴ്‌സ് – വെസ്റ്റ് ഇന്‍ഡീസ് – ഇന്ത്യ
രവീന്ദ്ര ജഡേജ – ഇന്ത്യ – ഇംഗ്ലണ്ട്*
അതേസമയം, മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ സമനിലയ്ക്ക് പിന്നാലെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരം അവസാനിച്ചപ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ട് 2-1ന് മുമ്പിലാണ്.
ജൂലൈ 31 മുതല്‍ ഓഗസ്റ്റ് നാല് വരെയാണ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം. ദി ഓവലാണ് വേദി.
നിലവില്‍ പിന്നില്‍ നില്‍ക്കുന്ന ഇന്ത്യയ്ക്ക് പരമ്പര പരാജയപ്പെടാതിരിക്കാന്‍ ഓവലില്‍ വിജയം അനിവാര്യമാണ്. അഞ്ചാം മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് 2-2 എന്ന നിലയില്‍ പരമ്പര സമനിലയില്‍ അവസാനിപ്പിക്കാം. അതേസമയം, ആതിഥേയരായ ഇംഗ്ലണ്ടിന് പരമ്പര നേടാന്‍ അഞ്ചാം മത്സരത്തില്‍ പരാജയമൊഴിവാക്കിയാല്‍ മാത്രം മതിയാകും.
Content Highlight: Ravindra Jadeja becomes the 3rd player in the Test history to complete 1000+ runs and 30+ wickets in visiting country