ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് രവീന്ദ്ര ജഡേജ. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ കാലം ഒന്നാം നമ്പര്‍ റാങ്കിങ് നിലനിര്‍ത്തുന്ന ഓള്‍ റൗണ്ടര്‍ താരമാകാനാണ് ജഡേജയ്ക് സാധിച്ചത്. കഴിഞ്ഞ സീസണില്‍ 29.27 ശരാശരിയില്‍ 527 റണ്‍സും 24.29 ശരാശരിയില്‍ 48 വിക്കറ്റും ജഡേജ സ്വന്തമാക്കിയിരുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ ഒരുകാലത്ത് ആധിപത്യം സ്ഥാപിച്ചിരുന്ന ജാക്വസ് കാലിസ്, കപില്‍ ദേവ്, ഇമ്രാന്‍ ഖാന്‍ തുടങ്ങിയ ഇതിഹാസ താരങ്ങളെ മറികടന്നുകൊണ്ടാണ് ജഡേജ ആധുനിക ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച റൗണ്ടര്‍ ആയി തുടരുന്നത്.
2012ല്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ജഡേജക്ക് 118 ഇന്നിങ്‌സില്‍ നിന്നും 3370 റണ്‍സ് നേടാനും 175 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ നേടാനും സാധിച്ചു. 34.7 ആവറേജില്‍ റണ്‍സ് നേടിയ ജഡേജ നാല് സെഞ്ച്വറികളും 22 അര്‍ധ സെഞ്ച്വറികളും ഫോര്‍മാറ്റില്‍ നേടി.
ബൗളിങ്ങില്‍ 150 ഇന്നിങ്‌സില്‍ നിന്നും 729 മെയ്ഡന്‍ അടക്കം 323 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 7/42 എന്ന മികച്ച ബൗളിങ് പ്രകടനവും 2.53 എന്ന മികച്ച എക്കോണമിയുമാണ് താരത്തിനുള്ളത്.
24.1 ആവറേജില്‍ ബോള്‍ ചെയ്ത ജഡേജ 13 തവണ നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല 15 തവണ അഞ്ച് വിക്കറ്റുകളും ജഡേജ തന്റെ അക്കൗണ്ടില്‍ ആക്കിയിട്ടുണ്ട്.
ജഡേജ ടെസ്റ്റില്‍ തകര്‍ക്കുമ്പോള്‍ അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ആരാധകരെ നിരാശയിലാക്കിയിരുന്നു. ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പര്യടനമാണ്. അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്.
Content Highlight: Ravindra jadeja Achieve Great Record In Test Cricket