ഐ.പി.എല്‍ കഴിഞ്ഞാല്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയാണ് മുന്നിലുള്ളത്. ജൂണ്‍ 20നാണ് അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. എന്നാല്‍ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ സൂപ്പര്‍താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും വിരമിക്കല്‍ പ്രഖ്യാപിച്ചത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.

ഇപ്പോള്‍ വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനെക്കുറിച്ച് സംസാരിക്കുകാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായിരുന്ന രവി ശാസ്ത്രി. വിരമിക്കലിനെക്കുറിച്ച് വിരാടിന് വ്യക്തമായ തീരുമാനം ഉണ്ടായിരുന്നെന്നും അതില്‍ വിരാട് ഖേദിച്ചില്ലെന്നും ശാസ്ത്രി പറഞ്ഞു.

‘അദ്ദേഹത്തിന് ഒരു ഖേദവുമില്ലായിരുന്നു. ഞാന്‍ ഒന്നോ രണ്ടോ ചോദ്യങ്ങള്‍ അവനോട് ചോദിച്ചു, അതൊരു വ്യക്തിപരമായ സംഭാഷണമായിരുന്നു. നിങ്ങള്‍ക്കറിയാമോ, അദ്ദേഹത്തിന്റെ മനസില്‍ വിരമിക്കലിനെക്കുറിച്ച് യാതൊരു സംശയവുമില്ലായിരുന്നു, അത് അദ്ദേഹം വ്യക്തമായി പറഞ്ഞു. അത് എന്നെയും ചിന്തിപ്പിച്ചു, ‘അതെ, സമയം ശരിയാണ്’. പോകാന്‍ സമയമായെന്ന് മനസ് അദ്ദേഹത്തിന്റെ ശരീരത്തോട് പറഞ്ഞിട്ടുണ്ടാകും,’ രവി ശാസ്ത്രി പറഞ്ഞു.

2014ല്‍ എം.എസ്. ധോണിയില്‍ നിന്ന് ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്ത വിരാട് എട്ട് വര്‍ഷക്കാലം ഇന്ത്യയെ വിജയകരമായി നയിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിത്തന്ന നായകന്‍ കൂടിയാണ് വിരാട്.

ക്യാപ്റ്റനെന്ന നിലയില്‍ 68 മത്സരങ്ങളില്‍ നിന്ന് ഇന്ത്യയെ 40 ടെസ്റ്റ് വിജയങ്ങളിലേക്ക് നയിക്കാനാണ് കോഹ്‌ലിക്ക് സാധിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി വലിയ സംഭാവന ചെയ്ത കോഹ്‌ലി ഫോര്‍മാറ്റില്‍ മൂന്ന് നാല് വര്‍ഷം കൂടെ കളിക്കുമെന്ന് കരുതിയെന്നും പക്ഷെ തന്നെ ഞെട്ടിച്ചെന്നും ശാസ്ത്രി പറഞ്ഞു.

‘വിരാട് എന്നെ അത്ഭുതപ്പെടുത്തി, കാരണം അദ്ദേഹത്തിന് കുറഞ്ഞത് രണ്ട് മൂന്ന് വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ശേഷിക്കുമെന്ന് ഞാന്‍ കരുതി,’ അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി 2011ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ വിരാട് 123 മത്സരങ്ങളിലെ 210 ഇന്നിങ്‌സില്‍ നിന്ന് 9230 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 46.9 ആവറേജിലും 55.6 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. 30 സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളുമാണ് ഫോര്‍മാറ്റില്‍ വിരാട് നേടിയത്.

Content Highlight: Ravi Shastri Talking About Virat Kohli’s Retirement